അമ്മമാരായ ഒരുപാട് കളിക്കാർ ഈ ലോകകപ്പിലും കളിയും ജീവിതവും സന്തുലനം ചെയ്തു കൊണ്ടുപോകുന്നുണ്ട്...
വനിതാ ലോകകകപ്പിൽ റിപ്പോർട്ടർമാരോട് സംസാരിക്കുന്നതിനിടയിലാണ് അലക്‌സ് മോർഗൻ പൊടുന്നനെ ക്ഷമ പറഞ്ഞ് ഇറങ്ങിപ്പോയത്. അലക്‌സ് ഓസ്‌ട്രേലിയയിലാണ്. സ്വന്തം നാടായ അമേരിക്കയിൽ കൊച്ചുമകൾക്ക് ഉറങ്ങാൻ സമയമായി. ഉറങ്ങും മുമ്പ് അവളുമായി ഒരു മുഖാമുഖം പതിവാണ്. അലക്‌സിനെയും ഓസ്‌ട്രേലിയയുടെ കാതറിന ഗോറിയെയും ജമൈക്കയുടെ ചെയ്‌ന മാത്യൂസിനെയും പോലെ ഒരുപാട് അമ്മ മനസ്സുകൾ ഈ ലോകകപ്പിലും കളിയും ജീവിതവും സന്തുലനം ചെയ്തു കൊണ്ടുപോകുന്നുണ്ട്.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കഴിഞ്ഞതോടെ അലക്‌സിന്റെ മകൾ ചാർലി അമ്മയോടൊപ്പം ചേരാനെത്തിയിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഫുട്‌ബോൾ അസോസിയേഷനുകൾ അമ്മമാരോട് ഇത്തിരി സഹാനുഭൂതി പ്രകടിപ്പിക്കുന്നുണ്ട്. 2019 ൽ അമേരിക്ക അവസാനം ലോകകപ്പ് ചാമ്പ്യന്മാരായപ്പോൾ ചാർലി ജനിച്ചിട്ടു പോലുമില്ല. ഇപ്പോൾ അമേരിക്കൻ ടീമിനെ നയിക്കുന്നതോടൊപ്പം മകളുടെ ജീവിതം കൂടി അലക്‌സിന്റെ മനസ്സിനെ മഥിക്കുന്നു.
ജീവതത്തിൽ പൊതുവെ ക്ഷമയുള്ളവളായി മാറാൻ മകൾ ഏറെ സഹായിച്ചതായി അലക്‌സ് പറയുന്നു. ഇപ്പോൾ അവൾ കൂടെയുള്ളതിൽ അഭിമാനമുണ്ട്. ഞാനെന്താണ് ചെയ്യുന്നത് എന്ന് അവൾക്ക് ബോധ്യമാവും. നിശ്ചയദാർഢ്യമുള്ള ഒരുപാട് വനിതകളാണ് അമ്മക്ക് ചുറ്റുമുള്ളതെന്ന് അവൾ മനസ്സിലാക്കും. നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയുടെ ടീമിൽ മാത്രം മൂന്ന് അമ്മമാരുണ്ട്. അലക്‌സ് മോർഗനു പുറമെ ക്രിസ്റ്റൽ ഡൂണും ജൂലി എർറ്റ്‌സും. ജമൈക്കയുെട കോനിയ പ്ലൂമർ, ഫ്രാൻസിന്റെ അമൽ മജരി, അർജന്റീനയുടെ വനീന കൊറിയ, ജർമനിയുടെ മെലാനി ല്യൂപോൾസ് എന്നിവർ വേറെ.
മോർഗനും എർറ്റ്‌സും ഡ്യൂണും അമ്മമാരെന്ന നിലയിൽ ആദ്യ ലോകകപ്പാണ് കളിക്കുന്നത്. മുൻകാലത്ത് മക്കളെ നോക്കാൻ അമ്മമാർക്ക്
അമേരിക്കൻ ഫുട്‌ബോൾ അസോസിയേഷന്റെ സബ്‌സിഡിയുണ്ടായിരുന്നു. ഇപ്പോൾ ആ ആനുകൂല്യം പുരുഷ ഫുട്‌ബോളർമാർക്കും ലഭിക്കുന്നു. അമേരിക്കൻ ഗോൾകീപ്പർ മാറ്റ് ടേണർ ഖത്തർ ലോകകപ്പിന് ഭാര്യയെയും മകനെയും കൊണ്ടുവന്നിരുന്നു.
അമൽ മജരിക്ക് ഒരു വയസ്സായ മകളാണ്, മറിയം. ഏപ്രിലിലെ ലോകകപ്പ് ക്യാമ്പിൽ മറിയ പങ്കെടുത്തിരുന്നു. മകളുടെ സാന്നിധ്യത്തെ കോച്ച് ഹെർവ് റെനോയും പിന്തുണച്ചു. 2020 ൽ ഫിഫ അംഗീകരിച്ച നിയമമനുസരിച്ച് കുഞ്ഞുങ്ങളുണ്ടാവാൻ തയാറെടുക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും 14 ആഴ്ച ലീവുണ്ട്. ആ കാലയളവിൽ മൂന്നിൽ രണ്ട് ഭാഗം പ്രതിഫലമെങ്കിലും നൽകിയിരിക്കണം. പ്രസവത്തിനു ശേഷം ഫുട്‌ബോളിലേക്ക് തിരിച്ചുവരാൻ ക്ലബ്ബുകളുടെ സഹായമുണ്ടാവണം. മെഡിക്കൽ സപ്പോർട് നൽകണം.
മൂന്ന് അമേരിക്കൻ കളിക്കാരും മക്കളെ ലോകകപ്പിന് കൊണ്ടുവന്നിട്ടുണ്ട്. അർജന്റീന ഗോൾകീപ്പർ കൊറിയ ഇരട്ട മക്കളെ വീട്ടിൽ വിട്ടാണ് വന്നത്. താൻ ലോകകപ്പ് കളിക്കാൻ വന്നതിൽ അഭിമാനമുണ്ടെന്ന് മക്കൾ പറഞ്ഞതായി കൊറിയ വെളിപ്പെടുത്തി.
എർറ്റ്‌സിന് മകൻ മാഡൻ ജനിച്ചത് കഴിഞ്ഞ വർഷമാണ്. 2021 മുതൽ പരിക്കും ഗർഭകാലവുമൊക്കെയായി വിട്ടുനിൽക്കുകയായിരുന്നു. അതിനാൽ പ്രസവശേഷം ടീമിൽ തിരിച്ചെത്താൻ കഠിനാധ്വാനം വേണ്ടിവന്നു. മാഡൻ ടീമിലെ ആന്റിമാരുടെ സ്‌നേഹം ആസ്വദിക്കുകയാണ്.