ഒത്തുകളി വിവാദവും തീവ്ര വലതുപക്ഷാനുഭാവവും ബുഫോണിനെ എന്നും വിവാദ നായകനാക്കി. 2000-2001 സീസണിലെ ഇറ്റാലിയൻ ലീഗിൽ 88 ാം നമ്പർ ജഴ്‌സിയായിരുന്നു ബുഫോൺ ധരിച്ചത്. ഹിറ്റ്‌ലറോട് സ്‌നേഹം പുലർത്തുന്ന നവ നാസികളുടെ കോഡായിരുന്നു 88.
ഇറ്റാലിയൻ ഫുട്‌ബോൾ ലോകോത്തരമായിരുന്ന കാലത്ത് അവരുടെ ഏറ്റവും മികച്ച ഗോളിയായിരുന്നു ജിയാൻലൂജി ബുഫോൺ. നാൽപത്തഞ്ചാം വയസ്സിൽ കഴിഞ്ഞയാഴ്ച ഗോൾകീപ്പറുടെ ഗ്ലൗസ് അഴിക്കുന്നതു വരെ ആ നിലവാരം കാത്തുസൂക്ഷിക്കാൻ ബുഫോണിനു സാധിച്ചു. ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിലൊരാളായി ചരിത്ര രേഖകളിൽ സ്ഥാനം പിടിച്ചാണ് ബുഫോൺ പ്രൊഫഷനൽ ഫുട്‌ബോളിന്റെ പടിയിറങ്ങുന്നത്.
നിങ്ങളെനിക്കെല്ലാം തന്നു, ഞാൻ സർവം സമർപ്പിച്ചു. ഞങ്ങളൊന്നിച്ചായിരുന്നു, ഇനി മതിയാക്കാം -സോഷ്യൽ മീഡിയയിൽ ബുഫോൺ കുറിച്ചു.
ഇറ്റാലിയൻ ലീഗിന്റെ രണ്ടാം ഡിവിഷനായ സീരീ ബിയിൽ പാർമയിൽ രണ്ടു വർഷം കളിച്ചാണ് ബുഫോൺ വിടവാങ്ങുന്നത്. മൂന്നു പതിറ്റാണ്ട് മുമ്പ് എല്ലാം തുടങ്ങിയ ക്ലബ്ബിൽ തന്നെയായി അവസാനവും. പാർമയുമായി ഒരു വർഷം കൂടി കരാർ ബാക്കിയിരിക്കേയാണ് ബുഫോൺ കളി നിർത്തുന്നത്.
ലോകത്തെ മികച്ച കളിക്കാർ ഇറ്റാലിയൻ ലീഗ് തെരഞ്ഞെടുത്ത കാലത്താണ് ബുഫോൺ കളിയാരംഭിച്ചത്. അന്നത്തെ ഇറ്റലി മികവിന്റെ പര്യായമായിരുന്നു. ആ ടീമിന്റെ ക്യാപ്റ്റനാവാനും 176 തവണ രാജ്യത്തിന്റെ വല കാക്കാനും ബുഫോണിന് സാധിച്ചു. രണ്ടാം സ്ഥാനത്തുള്ള ഫാബിയൊ കനവാരോയേക്കാൾ 40 കളി കൂടുതൽ. 1995 മുതൽ സീരീ അ-യിൽ 657 മത്സരങ്ങൾ കളിച്ചു -അതും റെക്കോർഡാണ്.
പതിനേഴാം വയസ്സിലാണ് പാർമയുടെ ജഴ്‌സിയിൽ ഇറ്റാലിയൻ ലീഗിൽ ബുഫോൺ അരങ്ങേറിയത്. ജോർജ് വിയയും റോബർടൊ ബാജിയയും അണിനിരന്ന എ.സി മിലാന്റെ മുന്നിലാണ് പതിനേഴുകാരൻ തലയുയർത്തി നിന്നത്. 27 പ്രധാന ട്രോഫികൾ ബുഫോൺ നേടി. യുവന്റസിലെ ഒത്തുകളി വിവാദത്തിന്റെ പേരിൽ നഷ്ടപ്പെട്ട രണ്ട് സീരീ അ കിരീടവും കൂടി ഉണ്ടായിരുന്നെങ്കിൽ അത് ഇരുപത്തൊമ്പതായേനേ. 19 സീസൺ ബുഫോൺ യുവന്റസിന് കളിച്ചു. 10 ലീഗ് കിരീടങ്ങളും അഞ്ച് ഇറ്റാലിയൻ കപ്പും സ്വന്തമാക്കി. 1999 ൽ പാർമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമിന്റെ ഭാഗമായിരുന്നു ബുഫോൺ -ആ വർഷം യുവേഫ കപ്പ് സ്വന്തമാക്കി. 2019 ൽ പി.എസ്.ജിക്കൊപ്പം ഫ്രഞ്ച് ലീഗ് ചാമ്പ്യനായി. ചാമ്പ്യൻസ് ലീഗ് നേടാനായില്ലെന്നതാണ് ബുഫോണിന്റെ ഏറ്റവും വലിയ നഷ്ടം. ബുഫോൺ ഉൾപ്പെട്ട ടീം മൂന്നു തവണ ഫൈനലിലെത്തി. 2003 ൽ എ.സി മിലാനോടും 2015 ൽ ബാഴ്‌സലോണയോടും 2017 ൽ റയൽ മഡ്രീഡിനോടും ഫൈനലിൽ തോറ്റു.
ക്ലബ്ബ് ചരിത്രത്തിൽ ഏറെ നേടിയെങ്കിലും ബുഫോൺ അറിയപ്പെടുക 2006 ലെ ലോകകപ്പ് വിജയത്തിന്റെ പേരിലാണ്. ഫ്രാൻസിനെതിരായ ഫൈനലിലെ ഷൂട്ടൗട്ടിൽ ബുഫോൺ ടീമിനെ സ്വന്തം ചുമലിലേറ്റി. സെമിഫൈനലിൽ ആതിഥേയരായ ജർമനിയെ തോൽപിച്ചു. ആ ലോകകപ്പിൽ ഏഴു കളികളിൽ രണ്ടു ഗോൾ മാത്രമാണ് ബുഫോൺ വഴങ്ങിയത്. അതിലൊന്ന് ക്രിസ്റ്റിയൻ സകാർഡോയുടെ സെൽഫ് ഗോളായിരുന്നു, രണ്ടാമത്തേത് ഫൈനലിൽ സിനദിൻ സിദാന്റെ പെനാൽട്ടി ഗോളും.
ഇറ്റലിയെ ദശകങ്ങളോളം ലോകോത്തരമാക്കി നിർത്തിയ ടീമിന്റെ അന്തിമ കാഹളമായിരുന്നു അത്. പിന്നീടവർക്ക് പടിയിറക്കമായിരുന്നു. കരിയറിലെ അവസാന രണ്ട് ലോകകപ്പുകളിൽ ടീം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവുന്നതിന് സാക്ഷിയാവേണ്ടി വന്നു ബുഫോണിന്. 2018 ലെ ലോകകപ്പിന് യോഗ്യത നേടാൻ പോലുമാവാതിരുന്നതോടെ ഇറ്റലിയുടെ കുപ്പായമഴിച്ചു.
രണ്ടു വർഷം മുമ്പ് യുവന്റസിലെ അന്തിമ സീസണിലാണ് അവസാന ട്രോഫി ബുഫോൺ ഉയർത്തിയത്. ഇറ്റാലിയൻ കപ്പ് നേടിയത് ഫെഡറിക്കൊ കിയേസയുൾപ്പെട്ട ടീമിനൊപ്പമായിരുന്നു. ഫെഡറിക്കോയുടെ പിതാവ് എൻറിക്കോയുൾപ്പെട്ട പാർമക്കൊപ്പം ഇറ്റാലിയൻ കപ്പ് നേടി 22 വർഷത്തിനു ശേഷമായിരുന്നു നേട്ടം.
ഒത്തുകളി വിവാദവും തീവ്ര വലതുപക്ഷാനുഭാവവും ബുഫോണിനെ എന്നും വിവാദ നായകനാക്കി. 2000-2001 സീസണിലെ ഇറ്റാലിയൻ ലീഗിൽ 88 ാം നമ്പർ ജഴ്‌സിയായിരുന്നു ബുഫോൺ ധരിച്ചത്. ഹിറ്റ്‌ലറോട് സ്‌നേഹം പുലർത്തുന്ന നവ നാസികളുടെ കോഡായിരുന്നു 88. അതിന് രണ്ടു വർഷം മുമ്പ് ലാസിയോക്കെതിരായ മത്സരത്തിൽ ജഴ്‌സിക്കടിയിൽ ധരിച്ച ടി ഷർടിൽ തീവ്ര വലതുപക്ഷ നവ ഫാസിസ്റ്റുകളുടെ മുദ്രാവാക്യം രേഖപ്പെടുത്തിയിരുന്നു. ആ വാചകത്തിന്റെ ഉദ്ഭവം അറിയില്ലെന്നു പറഞ്ഞ് അതിന് പരസ്യമായി മാപ്പ് പറയേണ്ടി വന്നു. എന്നാൽ 2010 ൽ ഇറങ്ങിയ ആത്മകഥയായ നമ്പർ വണ്ണിൽ ആ ടി ഷർടിന്റെ പേരിൽ താൻ 'ക്രൂശിക്കപ്പെട്ട'തിന്റെ ഞെട്ടലാണ് ബുഫോൺ വിവരിക്കുന്നത്. 88 ാം നമ്പർ ജഴ്‌സി നമ്പർ തെരഞ്ഞെടുത്തതിനെയും ബുഫോൺ ന്യായീകരിക്കുന്നു. രണ്ട് ബോളുകളുടെ സൂചനയായി 00 നമ്പറായിരുന്നു തെരഞ്ഞെടുത്തത്. അത് അനുവദിച്ചില്ല. അങ്ങനെയാണ് നാല് ബോളുകളെന്ന അർഥത്തിൽ 88 തെരഞ്ഞെടുത്തത് -ബുഫോൺ പറഞ്ഞു. അടുത്ത സീസണിൽ നമ്പർ 77 ആക്കി. പക്ഷെ നമ്പർ മാറ്റിയതും നമ്പറിന്റെ പേരിൽ മാപ്പ് പറഞ്ഞതും തെറ്റായിപ്പോയെന്നാണ് പുസ്തകത്തിൽ പറയുന്നത്. ഹിറ്റ്‌ലറോടുള്ള അനുഭാവത്തിന്റെ പേരിൽ റോമിലെ ജൂത സമൂഹത്തിൽ നിന്നുണ്ടായ പ്രതിഷേധത്തെ വിമർശിക്കുകയും ചെയ്തു.
പക്ഷെ ഒത്തുകളി വിവാദത്തിൽ ബുഫോൺ കുറ്റവിമുക്തനാക്കപ്പെട്ടു. ഇറ്റാലിയൻ ലീഗ് മത്സരങ്ങളുമായി ബന്ധപ്പെട്ട് നിയമ വിരുദ്ധമായി പന്തയം വെച്ചുവെന്ന കുറ്റാരോപണത്തിൽ നിന്ന് 2006 ലെ ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെയാണ് മോചിതനായത്. വിവാദത്തിന്റെ പേരിൽ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട യുവന്റസിനെ 2007 ൽ സീരീ അ-യിലേക്ക് തിരിച്ചെത്താൻ സഹായിച്ചു.