സിനിമ നിര്‍മ്മിക്കുന്നവര്‍ ഭയക്കേണ്ട കാലം,  ഇത് ഇ ഡി ഭരിക്കുന്ന രാജ്യം-ടി വി ചന്ദന്‍

തിരുവനന്തപുരം-ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലങ്ങുവെക്കുന്ന കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്ര അന്വേഷണ ഏജന്‍സികളെയും രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ടി വി ചന്ദ്രന്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭരിക്കുന്ന രാജ്യത്തിലാണ് നാമുള്ളതെന്നും ഇവരെ ഭയന്ന് ജീവിക്കേണ്ട സ്ഥിതിയാണെന്നും ടിവി ചന്ദ്രന്‍ തുറന്നടിച്ചു. മുന്‍പ് ആരെയും ഭയക്കാതെ ഡോക്യുമെന്ററി ഫിലിം നിര്‍മ്മിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമ നിര്‍മ്മിക്കുന്നവര്‍ ഇ ഡിയെ ഭയക്കേണ്ട സ്ഥിതിയാണ്. ഗുജറാത്ത് കലാപത്തെക്കുറിച്ച് രാകേഷ് ശര്‍മ്മയ്ക്ക് ഡോക്യുമെന്ററി നിര്‍മ്മിക്കാനായത് അന്ന് ഇ ഡി ഭരണം ഇല്ലാത്തത് കൊണ്ടായിരുന്നുവെന്നും ടിവി ചന്ദ്രന്‍ തുറന്നടിച്ചു. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഇത്തവണ നേടിയ സംവിധായകനാണ് ടിവി ചന്ദ്രന്‍. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെസ്റ്റിവല്‍, സാസ്‌കാരിക വകുപ്പ് മന്ത്രി മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സിനിമ മേഖലയുടെ മൂല്യം ഉയര്‍ത്താന്‍ സിനിമ നയം സര്‍ക്കാര്‍ രൂപീകരിക്കുകയാണെന്ന് സജി ചെറിയാന്‍ പറഞ്ഞു. കരട് ചര്‍ച്ച ചെയ്യാന്‍ 2 ദിവസത്തെ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
വിനയന്‍ ഉയര്‍ത്തിയ ചലചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണം മന്ത്രി സജി ചെറിയാന്‍ തള്ളി. വിവാദം ഉണ്ടാക്കുന്നവര്‍ അവാര്‍ഡ് പ്രഖ്യാപനത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നവരാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. 

Latest News