Video സഞ്ചാരികളുടെ മനംകവരാന്‍ അല്‍ഹംദ വെള്ളച്ചാട്ടം

അബഹ - കാടിന്റെ മനം മയക്കുന്ന വന്യതയും ചെറു അരുവികളും സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭൂതി സമ്മാനിക്കുന്ന സ്ഥലമാണ് അല്‍ഹംദയിലെ വെള്ളച്ചാട്ടം 

അല്‍ ബാഹയിലെ അല്‍ഹംദ ഗ്രാമത്തിലാണ് ഈ ചെറിയ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. 

വളരെ മനോഹരവും നൈസര്‍ഗിക സൗന്ദര്യം തുളുമ്പുന്നതുമായ പ്രദേശമാണ് അല്‍ ഹംദ.

പ്രകൃതിയുടെ ലാവണ്യസുന്ദരമായ ശബ്ദം അനര്‍ഗളം വായുവിലൂടെ ഇവിടെ ഒഴുകിയെത്തുന്നു. അരുവികളുടെ കളകള ശബ്ദവും പക്ഷികളുടെ കൂജനവും തവളകളുടെ കരച്ചിലും എല്ലാം കൂടി നമ്മെ  പ്രകൃതിയോട് ചേര്‍ത്തുനിര്‍ത്തും. മരങ്ങളുടെ മണവും ശുദ്ധവായുവും വലിച്ചെടുക്കാം. 

ശുദ്ധമായ, വൃത്തിയുള്ള വെള്ളം ഒഴുകിയെത്തുന്ന അരുവികള്‍, ശാന്തസുന്ദരമായ പ്രദേശമാണത്. കാട്ടിലൂടെ അരുവികളിലേക്കുള്ള കാല്‍നട യാത്ര ഏറെ ആസ്വദിക്കാനാവും. മുകളിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന് ഒഴുകി താഴെക്ക് പതിക്കുന്ന വെള്ളം മനോഹരമായ കാഴ്ചയാണ്. വാഹനം പാര്‍ക്ക് ചെയ്ത് 10 മിനിറ്റ് നടന്നാല്‍ വെള്ളച്ചാട്ടത്തിനടുത്തെത്താം. പാറയിലൂടെ നടക്കുമ്പോള്‍ കാല്‍വഴുതാതെ ശ്രദ്ധിക്കുക. ഗ്രിപ്പുള്ള ഷൂ ധരിക്കുന്നത് സുരക്ഷിതത്വത്തിന് നല്ലതാണ്. 

കൊച്ചരുവികളിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുക. പ്രകൃതിയെ ശുദ്ധവും ശുചിയുള്ളതുമാക്കി സൂക്ഷിക്കുക.

അവധിദിനങ്ങളില്‍ അല്‍ഹംദയിലേക്ക് ഒരു യാത്ര തീര്‍ച്ചായും നിങ്ങളുടെ മനസ്സിനെ തണുപ്പിക്കും.

Latest News