പകർത്താവുന്ന ഏതാനും ചില ജാപ്പനീസ് രീതികൾ

ഇകിഗായ് എന്നത് ഏതാനും  വർഷങ്ങളായി ജനപ്രീതി നേടിയ  ഒരു ജാപ്പനീസ് ആശയമാണ്.  'ആയിരിക്കാനുള്ള കാരണം' എന്ന അർത്ഥം  വരുന്ന ഈ പദം നൂറ്റാണ്ടുകളായി ജപ്പാനിൽ ഉപയോഗിച്ചുവരുന്നുണ്ട്.  പരമ്പരാഗത ജാപ്പനീസ് വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന ആരോഗ്യ, തഹ്വങ്ങളിൽ നിന്നാണ് ഇകിഗായ് എന്ന ആശയം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. ഒരാളുടെ മാനസിക-വൈകാരിക ആരോഗ്യവും ജീവിത ലക്ഷ്യബോധവും ശാരീരിക ക്ഷേമത്തെ ബാധിക്കുമെന്ന് ഈ വൈദ്യശാസ്ത്ര പാരമ്പര്യം അവകാശപ്പെടുന്നു. ജപ്പാനിൽ ഈ പദം  ജോലി, കുടുംബം, ഹോബികൾ, വ്യക്തിബന്ധങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ്.  ഇകിഗായ് എന്നത് ഒരാൾ ആസ്വദിക്കുന്ന പ്രവർത്തനങ്ങളോടുള്ള സ്‌നേഹാദരവിൽ  നിന്ന് ഉടലെടുക്കുന്ന ക്ഷേമാവസ്ഥയാണ്, അത്  ഏറെ സംതൃപ്തി നൽകുന്നുവെന്ന് ജാപ്പനീസ് മനഃശാസ്ത്രജ്ഞൻ മിച്ചിക്കോ കുമാനോ പറയുന്നു.

ജീവിതത്തിൽ ഒരൊറ്റ ലക്ഷ്യമായിരിക്കണമെന്നില്ല  ഒരാൾ നേടിയെടുക്കാൻ കൊതിക്കുന്നത്. കഠിനാധ്വാനത്തിനും സ്ഥിരോത്സാഹത്തിനും ഉയർന്ന മൂല്യം നൽകുന്നവരാണ് ജപ്പാൻകാർ അതിനാൽ പലരും  അവരുടെ ദൈനംദിന ജീവിതത്തിൽ ചെറിയ ചെറിയ സന്തോഷങ്ങൾ കണ്ടെത്തി ആസ്വദിക്കുന്നവരാണ്. ഇക്വിഗായിയുടെ പാശ്ചാത്യ വ്യാഖ്യാനം ഒരു പരിധിവരെ  കാൽപനികവൽക്കരിക്കപ്പെട്ടിട്ടുണ്ടെന്നാണ് ജപ്പാനിലെ അധിക ആളുകളുടെയും അഭിപ്രായം.

നിങ്ങളുടെ മികവ് എന്തിലാണെന്നും  ഏതൊക്കെ പ്രവർത്തനങ്ങളിൽ മണിക്കൂറുകളോളം നിങ്ങൾക്ക് മുഷിപ്പില്ലാതെ ചെലവഴിക്കാമെന്നും തിരിച്ചറിഞ്ഞാൽ  നിങ്ങളുടെ ഇകിഗായ്  എളുപ്പത്തിൽ കണ്ടെത്താം. നിങ്ങളുടെ കഴിവുകൾ, ശേഷികൾ, അഭിനിവേശങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി, ലോകത്തിന് അർത്ഥവത്തായ സംഭാവന നൽകുന്നതിന് അത് സഹായിക്കും എന്നാണ് കരുതപ്പെടുന്നത് . പുതിയ അവസരങ്ങളും അനുഭവങ്ങളും പര്യവേക്ഷണം ചെയ്യുന്നതിനായി തുറന്ന  മനസ്സോടെ   ചെയ്യുന്ന ഒരു യാത്രയാണത്രേ അത്.

ആരെയും  ആകർഷിക്കുന്ന മറ്റൊരു ജാപ്പനീസ് ആശയമാണ്  വാബി-സാബി. ഒന്നും തികഞ്ഞതല്ല എന്ന ഓർമപ്പെടുത്തലാണത്. വികലമായതും പഴയതും അപൂർണവുമായ കാര്യങ്ങളിലും നമുക്ക് സൗന്ദര്യം കണ്ടെത്താനാകും   എന്നതാണ് അതിന്റെ സാരാംശം. മൺപാത്രങ്ങൾ, ചായ സൽക്കാരങ്ങൾ, പൂന്തോട്ട പരിപാലനം എന്നിങ്ങനെ വിവിധ രൂപങ്ങളിൽ   ജപ്പാനിൽ വാബി-സാബി  കാണപ്പെടുന്നു. നമ്മുടെ ബന്ധങ്ങളിലെ അപൂർണതകളുടെ സൗന്ദര്യത്തെ വിലമതിക്കാനും ജീവിതത്തിന്റെ ഏറ്റിറക്കങ്ങളുമായി പൊരുത്തപ്പെടാനും  വാബി-സാബി  മനോഭാവം  നമ്മെ സഹായിക്കും.
ഒരാളുടെ  ജീവിതത്തിലേക്ക്  കൂടുതൽ ശാന്തതയും  സൗഖ്യവും  കൊണ്ടുവരാൻ വാബി-സാബി മാനസികാവസ്ഥ   ഏറെ സഹായകമാണത്രേ. പൂർണതക്കായി പരിശ്രമിക്കുന്നതിനു പകരം, നമ്മളിലെയും  മറ്റുള്ളവരിലെയും അപൂർണതകളെ അംഗീകരിക്കാനും അഭിനന്ദിക്കാനും നാം ഇത്   വഴി  പഠിക്കുന്നു.

നിങ്ങളുടെ ജീവിത പങ്കാളിയിലെ അപൂർണതകൾ മാറ്റാനോ പരിഹരിക്കാനോ ശ്രമിക്കുന്നതിനു പകരം അവയെ അഭിനന്ദിക്കാൻ  വാബി-സാബി മനോനില സഹായിക്കും.  അനിത്യതയിലെ  സൗന്ദര്യം കണ്ടെത്തുന്നതിനും ആസ്വദിക്കുന്നതിനും ബന്ധങ്ങളിൽ വരുന്ന  മാറ്റങ്ങൾ  ഗുണാത്മകമായി സ്വീകരിക്കുന്നതിനും വാബി-സാബി  മനോഭാവം പ്രേരകമാവും. പൂർണതയെക്കുറിച്ചുള്ള  അമിതമായ പ്രതീക്ഷകൾ പാടെ  ഉപേക്ഷിക്കുന്നതിനും ഈ മനോഭാവം സഹായിക്കുന്നുണ്ട്.

കേടുവന്ന മൺപാത്രങ്ങൾ, സ്വർണമോ വെള്ളിയോ  കൊണ്ട് നിർമിച്ച  വസ്തുക്കൾ  എന്നിവ  ചില പ്രത്യേക പദാർത്ഥങ്ങൾ  ഉപയോഗിച്ച്  നന്നാക്കുന്ന ഒരു ജാപ്പനീസ് കലാരൂപമാണ് കിന്റ്‌സുഗി. തകർന്ന എന്തും  അറ്റകുറ്റപ്പണിയിലൂടെ കൂടുതൽ മനോഹരമാക്കാം എന്ന ആശയമാണിത്. നിങ്ങളുടെ ജീവിതത്തിൽ കിന്റ്‌സുഗി   എന്ന ആശയം സ്വീകരിക്കുന്നതിലൂടെ, നിങ്ങളുടെ വേദനയെ അർത്ഥവത്തായതും മനോഹരവുമായ ഒന്നാക്കി മാറ്റാൻ കഴിയും. നിങ്ങളുടെ അപൂർണതകളും മുൻകാല തെറ്റുകളും ഉൾക്കൊള്ളാൻ നിങ്ങൾക്ക് അപ്പോൾ  കഴിയുന്നു. അവ മറയ്ക്കാനോ അവഗണിക്കാനോ ശ്രമിക്കുന്നതിനു പകരം നിങ്ങൾക്ക് അവ അംഗീകരിക്കാനും വളർച്ചയ്ക്കും പഠനത്തിനുമുള്ള അവസരങ്ങളായി അവ ഉപയോഗിക്കാനും കഴിയും. മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് കിന്റ്‌സുഗിയുടെ തത്വങ്ങൾ പ്രയോഗിക്കാനും കഴിയും. നിങ്ങളുടെ ബന്ധങ്ങളിൽ വിള്ളലുണ്ടാവുമ്പോൾ അല്ലെങ്കിൽ വേദന അനുഭവപ്പെടുമ്പോൾ, കേടുപാടുകൾ പരിഹരിക്കാനും ബന്ധം ശക്തിപ്പെടുത്താനും നിങ്ങൾക്ക്   ക്രിയാത്മകമായി  മുന്നിട്ടിറങ്ങാൻ കഴിയുന്നു. ദുഷ്‌കരമായ സമയങ്ങളിൽ പോലും നമുക്ക് ചുറ്റുമുള്ള ലോകത്തിലെ സൗന്ദര്യത്തെ വിലമതിക്കാനും കിന്റ്സുഗി എന്ന ആശയം ഒരു ഓർമപ്പെടുത്തലായി ഉപയോഗിക്കാം.

'വനത്തിൽ കുളിക്കുന്നത്' എന്നർത്ഥം  വരുന്ന ഷിന്റിൻ-യോകു  എന്ന  ജാപ്പനീസ്  ആശയവും ഏറെ പഠനാർഹമാണ്. പ്രകൃതിയിൽ സമയം ചെലവഴിക്കുകയും കാടിന്റെ കാഴ്ചകളിലും ശബ്ദങ്ങളിലും ഗന്ധങ്ങളിലും മുഴുകുകയും ചെയ്യുന്ന രീതിയാണിത്. പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുണപരമായി ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഷിന്റിൻ-യോകു സമ്മർദം, രക്തസമ്മർദം എന്നിവ കുറയ്ക്കുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഒപ്പം മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുന്നതിനും കാനന സ്‌നാനം  സഹായിക്കുന്നു. ഇത് വൈജ്ഞാനിക പ്രവർത്തനം, സർഗാത്മകത, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുന്നു. വ്യക്തികളെ പ്രകൃതി ലോകവുമായി ബന്ധിപ്പിക്കുന്ന ഒരു ആത്മീയ പരിശീലനം കൂടിയാണ് ഷിന്റിൻ-യോകു. വേഗമേറിയ ലോകത്ത്, വേഗം കുറയ്ക്കാനും അൺപ്ലഗ് ചെയ്യാനും ഷിന്റിൻ-യോകു വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.

Latest News