Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹിന്ദ്: എഴുത്തിൽ പൂത്തുലഞ്ഞ ഏറനാടൻ കിനാവുകൾ

ഹിന്ദ് തന്റെ രണ്ടു മക്കളോടൊപ്പം
ഹിന്ദ് കെ. ഹിന്ദ്

അറബിക്കഥകളുടെ അന്തർധാരയെ മലയാളത്തിന്റെ മുഗ്ധശീലുകളാക്കി മാറ്റിയ മഹാകവി മോയിൻകുട്ടി വൈദ്യരുടെ ഗാനങ്ങൾ പാടി നടന്ന ഒരു തലമുറയുടെ കഥയാണ് മലബാറിലെ പല വീട്ടുകാർക്കും ഇന്നും ഓർക്കാനുള്ളത്. ഒന്നര നൂറ്റാണ്ടു മുമ്പ് ജീവിച്ച കവിയുടെയും സമകാലികരും പിറകെ വന്നവരുമായ മറ്റു പലരുടെയും രചനകൾ അറബി മലയാള ലിപിയിലായിരുന്നുവെങ്കിൽ ഇന്നിപ്പോൾ കാലംമാറി, കഥയും കാര്യവുമെല്ലാം മാറിയപ്പോൾ രചനാഭിരുചികളെ സോഷ്യൽ മീഡിയ കൈയടക്കുന്നതാണ് കണ്ടത്. പുതിയ എഴുത്തുകാർ, പുതിയ ഭാഷ. സ്വയം ആർജിച്ച ശൈലി. അവരുടെ വിവിധങ്ങളായ സർഗശേഷി പ്രകടിപ്പിക്കാൻ തുറന്നുവെച്ച സോഷ്യൽ മീഡിയകൾ, എന്തും എങ്ങനെയുമെഴുതാനുള്ള സ്വാതന്ത്ര്യം. ആളുകളുടെ അഭിപ്രായങ്ങളും അംഗീകാരവും പ്രോൽസാഹനവും എതിർപ്പുകളുമെല്ലാം അതേ വഴിയിൽ നൽകിത്തുടങ്ങി. സർവതന്ത്ര സ്വതന്ത്രമായ പ്ലാറ്റ്‌ഫോം. 
പൊതുവേദികളിൽ അധികമൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലായെങ്കിലും വ്യത്യസ്തമായ ആഖ്യാന ശൈലിയിൽ പിറക്കുന്ന സൃഷ്ടികളുടെ സ്വീകാര്യത കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരിയാണ് ഹിന്ദ്. ഒന്നോ രണ്ടോ സൃഷ്ടികൾ ഇറങ്ങുമ്പോഴേക്കും മേനി നടിക്കുന്ന എഴുത്തുകാരുടെ ഇക്കാലത്ത് ഭാവഭേദങ്ങളൊന്നുമില്ലാതെ നിരവധി കവിതകൾ, കവ്വാലികൾ, ഗസലുകൾ, പ്രണയ ഗാനങ്ങൾ, ലളിത ഗാനങ്ങൾ, ദേശഭക്തി ഗാനങ്ങൾ തുടങ്ങി
എല്ലാ മേഖലകളിലും ഹിന്ദ് തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഏകദേശം അമ്പതോളം സൃഷ്ടികൾ പ്രശസ്ത സംഗീതജ്ഞരാൽ ഈണം നൽകപ്പെടുകയും പ്രശസ്ത ഗായകരും പ്രാദേശിക ഗായകരും അവ ആലപിക്കുകയും ചെയ്തിട്ടുണ്ട്.  
പുരസ്‌കാരങ്ങൾക്കും അംഗീകാരങ്ങൾക്കും പിറകെ പോയിട്ടില്ലങ്കിലും സോഷ്യൽ മീഡിയ ഇരുകൈയും നീട്ടി  സ്വീകരിച്ച്  കൈയടി നേടിയ പ്രതിഭയാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ നാടായ കൊണ്ടോട്ടിയിൽ ജീവിക്കുന്ന ഹിന്ദ് എന്ന വീട്ടമ്മ. ആരെയും അനുകരിക്കാനിഷ്ടപ്പെടാതെ  സ്വന്തം ശൈലിയിൽ ഹിന്ദ് പാട്ടെഴുത്തിലെ ജൈത്രയാത്ര തുടരുന്നു. മലപ്പുറം ജില്ലയിൽ അരീക്കോടിനടുത്ത് വെള്ളേരി എന്ന തനി നാട്ടിൻപുറത്ത് ജനിച്ച ഹിന്ദ്, കണ്ടുകുളി മുഹമ്മദ് എന്ന കുഞ്ഞുട്ടി - ഫാത്തിമ ദമ്പതികളുടെ പന്ത്രണ്ടു മക്കളിൽ പത്താമത്തവളാണ്. 
പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വൺ പഠിക്കുമ്പോഴായിരുന്നു വിവാഹം. എഴുത്തുകാരിയാവുക, ജേണലിസ്റ്റാവുക എന്ന ആഗ്രഹങ്ങൾക്ക് അതോടെ തിരശ്ശീല വീണു. പുതുപെണ്ണായി വന്നു കയറിയത് കൊണ്ടോട്ടിയിലെ ഒരു കുടുംബത്തിൽ. പിന്നീടങ്ങോട്ട് കുടുംബ ജീവിതത്തിന്റെ പങ്കപ്പാടുകൾ. നല്ല പാചകക്കാരി. നാല് മക്കളുടെ അമ്മയുമായി. ഒരു തുണ്ടു പേപ്പർ വായന പോലും ഇല്ലാതായിപ്പോയിരുന്നു എന്ന് ഹിന്ദ് പറയുന്നു.  നീണ്ട പതിനാറ് വർഷത്തിന് ശേഷമാണ് തന്നിലെ സർഗവാസന പൂർണമായും വിട്ടു പോയില്ലെന്ന് സ്വയം തിരിച്ചറിയുന്നത്.  ഭർത്താവും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന 'നന്മ' എന്ന ക്ലബ്ബിന്റെ വാർഷികം നടക്കാനൊരുങ്ങുമ്പോൾ  ക്ലബ്ബിനെക്കുറിച്ചൊരു പാട്ടെഴുതട്ടെ എന്നു ചോദിച്ചു എഴുതിത്തുടങ്ങി.  അതേത്തുടർന്ന് പിന്നീടു പത്തു പാട്ടുകൾ അടങ്ങുന്ന ഒരു ആൽബം ഇറക്കി. റജീബ് അരീക്കോട് സംഗീതം നിർവഹിച്ച സൃഷ്ടികൾക്ക് പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക രഹന, അബ്ദുല്ല തിരൂർക്കാട്, ഷിഹാബ് അരീക്കോട് തുടങ്ങിയ ഗായകർ ശബ്ദം നൽകി. സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചപ്പോൾ ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. അതായിരുന്നു എഴുത്തു വഴിലെ ആദ്യത്തെ വഴിത്തിരിവ്.
ഒരുപാടു പരിധികളും പരിമിതികളും പേറുന്ന ഈ കുടുംബിനിയുടെ അക്ഷരങ്ങളുടെ ആദ്യ വഴികൾ അത്രയെളുപ്പമുള്ളൊതൊന്നുമായിരുന്നില്ല.  സോഷ്യൽ മീഡിയ ഉപയോഗിച്ചു തുടങ്ങിയിട്ടില്ലാത്ത അന്ന് ഹിന്ദിന് അയൽക്കാരിയും കൂട്ടുകാരിയുമായ ഖൈറുന്നിസയും കുടുംബവും പിന്തുണ നൽകിയതായിരുന്നു തുടക്കം. സൗഹൃദങ്ങളും സഹോദരങ്ങളും തന്നെയാണ് തനിക്ക് പിന്തുണ നൽകിയിട്ടുള്ളതെന്ന് ഹിന്ദ് പറയുന്നു.

സ്‌കൂൾതല രചന മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ തിളങ്ങിയിരുന്നെങ്കിലും ആരാലും അറിയപ്പെട്ടിരുന്നില്ല. ഇക്കാലത്തെ ഒരു സ്‌കൂൾ അനുഭവം പങ്കു വെയ്ക്കുന്നുണ്ട് ഹിന്ദ്. ഒരിക്കൽ സ്‌കൂളിൽ വൈകിയെത്തിയതിന് ക്ലാസ് ടീച്ചർ ക്ലാസിൽ കയറ്റാതെ പുറത്തു നിർത്തിയത്രേ. ആ സമയം ബാഗിൽ സൂക്ഷിക്കുന്ന ലൈബ്രറി പുസ്തകമെടുത്ത് വായിക്കുന്നത് അപ്പുറത്തെ ക്ലാസിൽ ഹിസ്റ്ററി എടുക്കുന്ന ഷമീല ടീച്ചർ കാണുകയും ടീച്ചർ അത് ശ്രദ്ധിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് രചനാ മത്സരങ്ങളിലേക്കും പ്രസംഗ മത്സരങ്ങളിലേക്കുമെല്ലാം സ്വമേധയാ ഹിന്ദിന്റെ പേര് ചേർക്കൽ തുടങ്ങി. അന്നു മുതൽ ഷമീല ടീച്ചറുടെ മാത്രം പ്രത്യേക പരിഗണന ഹിന്ദ് ആസ്വദിച്ചു. ആദ്യത്തെ അംഗീകാരം കൂടിയായിരുന്നു അവൾക്കത്. സ്‌കൂൾ മത്സരത്തിൽ ഹിന്ദ് ആദ്യമായി എഴുതിയ കവിത രണ്ടാം സ്ഥാനത്തിനർഹമായപ്പോൾ റഹ്മത്ത് മാഷിന്റെ തംസപ് ഇന്നലെയെന്ന പോലെ ഇന്ന് അനേകം എഴുത്തുകളുടെ രചയിതാവായ ഹിന്ദ് ഇഷ്ടത്തോടെ ഓർത്തെടുക്കുന്നു.
ഹിന്ദിനെക്കുറിച്ചുള്ള വാർത്തകളും ലേഖനങ്ങളും വരാൻ തുടങ്ങി. റാഷിദ് മാണിക്കോത്ത് എഴുതിയ 'അതിർത്തിയും കടന്ന സംഗീത വസന്തം' എന്ന ലേഖനം ഹിന്ദിനെക്കുറിച്ചുള്ളതാണ്. പാട്ടെഴുത്ത് കൂടാതെ ചുറ്റുപാടുകൾ, ചിന്തകൾ, ആശയങ്ങൾ ഇവയിൽ നിന്നെല്ലാം ചെറുകഥകളും നീണ്ടകഥകളും തത്വചിന്തകളും സമൂഹത്തിലെ അധർമങ്ങൾക്കെതിരെയുള്ള ലിഖിതങ്ങളായി.  മാനുഷിക മൂല്യങ്ങളെ പുനർജ്ജനിപ്പിക്കാനുതകുന്ന പ്രതികരണം ഹിന്ദിന്റെ തൂലികയിൽ പിറവിയെടുക്കാറുണ്ട് -ഗാനങ്ങളായും കവിതകളായും. ശോഭു ആലത്തൂർ, മണ്ണൂർ പ്രകാശ്, അമ്പിളി നിഷാദ്, അമീൻ യാസിർ, സാം ഷമീർ, മുഹമ്മദ്  ഷഹീർ, ബിശ്വജിത്, ഹിമാ അമീൻ യാസിർ, റിജി ഷ ബാലകൃഷ്ണൻ, ശ്രീനന്ദ, ജൂലി തലശ്ശേരി, ഷമാ പർവീൻ, ഫെബിനാ ബിൻത്, ഷാഹിന കരുവാങ്കല്ല്, ഷഹീദ അമീൻ യാസിർ, നഖീബ്, ഉബൈദ് മിന്നി, ഷമീന, ജുമൈല ഷമീം, മുഹ്‌സിൻ കുരിക്കൾ, റജീബ് അരീക്കോട് ഇങ്ങനെ ഒട്ടനവധി ഗായകർ ഹിന്ദിന്റെ വരികൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.
ഏതവസ്ഥയിലും ഹിന്ദിന്റെ രാഷ്ട്രീയം കോൺഗ്രസിനോട് ചേർന്നു നടക്കുക എന്നുള്ളതാണ്. എഴുത്തിൽ മാത്രമല്ല ഭർത്താവിന്റെ ബിസിനസിൽ എല്ലാം തന്നെ പങ്കാളിക്കൊപ്പം സജീവ സാന്നിധ്യവുമാണ് ഹിന്ദ് കെ. ഹിന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ഈ വീട്ടുമ്മ. മക്കൾ: അഹമ്മദ് അഫ്രീദി, ഫിദിൻ അഹമ്മദ്, റയൻ അഹമ്മദ്, ഫിജുൽ അഹമ്മദ്.

Latest News