FLASH : മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു, എം പി സ്ഥാനം തിരിച്ചു കിട്ടും

ഫയല്‍ ചിത്രം

ന്യൂദല്‍ഹി - ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു.  കേസില്‍ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. സൂററ്റിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ച രണ്ട് വര്‍ഷത്തെ തടവു ശിക്ഷയാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് സ്‌റ്റേ ചെയ്തത്. ഇതോടെ രാഹുലിന്റെ എം പി സ്ഥാനത്തിനുള്ള അയോഗ്യത മാറും. ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് രാഹുല്‍ ഗാന്ധിക്കെതിരായ ക്രിമിനല്‍ മാനനഷ്ടക്കേസ് പരിഗണിച്ചത്.  രാഹുലിന് വേണ്ടി അഭിഭാഷകന്‍ അഭിഷേക് സിംഗ്‌വിയാണ് കോടതിയില്‍ ഹാജരായത്. 2019-ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ''എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോഡി എന്ന് പേരിട്ടിരിക്കുന്നത്'' എന്ന പരാമര്‍ശത്തിന്റെ പേരില്‍ ഗുജറാത്തിലെ ബി ജെ പി നേതാവ്  പൂര്‍ണേഷ് മോഡിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

 

Latest News