മക്ക - കഴിഞ്ഞ മാസം മധ്യത്തില്‍ അസീസിയ ഡിസ്ട്രിക്ടില്‍ വീടിനു മുന്നില്‍ വെച്ച് യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. ജീപ്പിലെത്തിയാണ് പ്രതി കൊലപാതകം നടത്തിയത്. യുവാവിനു നേരെ നിറയൊഴിച്ച പ്രതി ക്ഷണ നേരം കൊണ്ട് ജീപ്പില്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിയും കൊല്ലപ്പെട്ട യുവാവും ഒരേ ഡിസ്ട്രിക്ടിലെ താമസക്കാരാണ്. സുരക്ഷാ വകുപ്പുകളുടെ അറസ്റ്റിലായ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. വീടിനു മുന്നില്‍ രണ്ടു ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കുന്നതിനിടെ ഇരുപതുകാരനെ ജീപ്പിലെത്തിയ പ്രതി പേരു ചൊല്ലി തന്റെ അടുത്തേക്ക് വിളിച്ചുവരുത്തി നെഞ്ചിനു നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടലില്‍ പ്രതി സഞ്ചരിച്ച കാറിന്റെ നമ്പര്‍ ശ്രദ്ധിക്കുന്നതിന് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ക്ക് സാധിച്ചിരുന്നില്ല. സമീപ പ്രദേശങ്ങളിലെ വീടുകളില്‍ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതി സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞത്.