- അന്താരാഷ്ട്ര നിലവാരമുള്ള കേന്ദ്രം വരുന്നത് കിൻഫ്ര പാർക്കിൽ
ലോകത്തിലെ മുൻനിര മോട്ടോർ വാഹന നിർമാതാക്കൾക്ക് സിമുലേഷൻ -വാലിഡേഷൻ സേവനങ്ങൾ ലഭ്യമാക്കുന്ന ആഗോള കമ്പനിയായ ഡിസ്പെയ്സ് തിരുവനന്തപുരത്ത് ഗവേഷണ വികസന കേന്ദ്രം തുറക്കുന്നു. മേനംകുളത്ത് കിൻഫ്ര പാർക്കിൽ മൂന്നു മാസത്തിനുള്ളിൽ കമ്പനി പ്രവർത്തനമാരംഭിക്കും.
കണക്ടഡ്, ഓട്ടോണമസ്, ഇലക്ട്രിക്കൽ പവർ വാഹനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ വികസന പ്രവർത്തനങ്ങളും സിമുലേഷനും വാലിഡേഷനും ഉൾപ്പെടെയുള്ള നിർണായക സേവനങ്ങളും ഡിസ്പെയ്സ് ലഭ്യമാക്കും. ജാഗ്വാർ, ബിഎംഡബ്ല്യൂ, ഓഡി, വോൾവോ, എവിഎൽ, ബോഷ്, ടാറ്റ മോട്ടോഴ്സ്, ഇസഡ്എഫ്, ടൊയോട്ട, ഹോണ്ട, ഫോർഡ്, ഹ്യൂണ്ടായ് തുടങ്ങി ലോകത്തെ എല്ലാ പ്രധാന ഓട്ടോമൊബൈൽ കമ്പനികളും ഡിസ്പെയ്സിന്റെ സേവനം നിലവിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.
ജർമനി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിസ്പെയിസിന്റെ (ഡിജിറ്റൽ സിഗ്നൽ പ്രോസസിംഗ് ആൻഡ് കൺട്രോൾ എൻജിനീയറിംഗ്) ലോകത്തിലെ മൂന്നാമത്തെ സോഫ്റ്റ്വെയർ ഗവേഷണ വികസന കേന്ദ്രമാണ് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. മുപ്പതു വർഷത്തെ പാരമ്പര്യമുള്ള ഡിസ്പെയിസിനു ജർമനിയിലും ക്രൊയേഷ്യയിലും ഗവേഷണ വികസന കേന്ദ്രങ്ങളുണ്ട്.
ഡിസ്പെയ്സ് പോലുള്ള ആഗോള കമ്പനികൾ സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല പറഞ്ഞു. വ്യവസായ വളർച്ചക്ക് ആവശ്യമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും വ്യവസായ സൗഹൃദ അന്തരീക്ഷവും കേരളത്തിലുള്ളതുകൊണ്ടാണ് ആഗോള കമ്പനികൾ ഇവിടേക്ക് എത്തുന്നത്. ആഗോള പ്രശസ്ത വ്യവസായ കേന്ദ്രങ്ങൾക്ക് വേരുറപ്പിക്കാനുള്ള അനുയോജ്യ ഇടമായി കേരളം മാറുന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
ഡിസ്പെയ്സിന്റെ ഗവേഷണ വികസന കേന്ദ്രത്തിനായി കേരളത്തെ തെരഞ്ഞെടുക്കാൻ കാരണം കഴിവും യോഗ്യതയുമുള്ള പ്രൊഫഷണലുകളുടെ ലഭ്യതയും ഇവിടുത്തെ കുറഞ്ഞ ചെലവുമാണെന്ന് ഡിസ്പെയ്സിന്റെ പ്രതിനിധി പറഞ്ഞു. മികച്ച തൊഴിലവസരങ്ങൾ ഡിസ്പെയ്സിലുണ്ടാകും. അത്യാധുനിക സാങ്കേതിക വിദ്യകളിൽ വിദഗ്ധരായ 70 എൻജിനീയർമാരെ തുടക്കത്തിൽ നിയമിക്കും. മൂന്ന് വർഷത്തിനുള്ളിൽ മുന്നൂറോളം ആളുകൾക്ക് ജോലി ലഭ്യമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
എയ്റോ സ്പേസ്, ഓഫ്-ഹൈവേ, ഇലക്ട്രിക് ഡ്രൈവുകൾ, അക്കാദമിക്, മെഡിക്കൽ എൻജിനീയറിംഗ് തുടങ്ങിയ മേഖലകളിലാണ് ഡിസ്പെയ്സ് പ്രവർത്തിക്കുന്നത്. സോഫ്റ്റ് വെയർ ഇൻ-ദി-ലൂപ്പ് ടെസ്റ്റിംഗ്, സെൻസർ ഡേറ്റ മാനേജ്മെന്റ്, സിമുലേഷൻ മോഡലിംഗ്, ഡേറ്റ അന്നോട്ടേഷൻ, ഡേറ്റ ഡ്രിവൺ ഡെവലപ്മെൻ്, പ്രോട്ടോടൈപിംഗ്, ഹാർഡ് വെയർ-ഇൻ-ദി-ലൂപ് ടെസ്റ്റിംഗ്, സോഫ്റ്റ് വെയർ ഡെവലപ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിവിധ സേവനങ്ങൾ കമ്പനി ലഭ്യമാക്കും.