വനിതാ സംവരണ ബിൽ വീണ്ടും സജീവമാകുന്നു

മുത്തലാഖ് വിഷയത്തിൽ ബിജെപി സർക്കാരിനെ പ്രതിരോധിക്കാൻ വനിതാ സംവരണബിൽ ആയുധമാക്കാനാണത്രെ കോൺഗ്രസ്സ് നീക്കം. അതിന്റെ ഭാഗമായി പാർലിമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ പാസ്സാക്കണമെന്നാണ് കോൺഗ്രസ്സ് ആവശ്യം. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽതന്നെ വനിതാ സംവരണം നടപ്പിലാവണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് രാഹുൽ ഗാന്ധി തന്നെ മോഡിക്ക് കത്തയച്ചിട്ടുണ്ട്. ബിൽ പാസാക്കാൻ മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുമുണ്ട്. മുമ്പ് സോണിയാഗാന്ധിയും മോഡിക്ക് സമാനമായ കത്തയച്ചിരുന്നു. തങ്ങൾ ഭരണത്തിലിരിക്കുമ്പോൾ ബിൽ പാസാക്കാൻ ആത്മാർത്ഥമായി ശ്രമിച്ചില്ലെങ്കിലും ഇപ്പോൾ തന്ത്രപൂർവ്വം പന്ത് ബിജെപിക്ക് നൽകുകയാണ് കോൺഗ്രസ്സ് ചെയ്യുന്നത്. 
18 വർഷമായി പാർലിമെന്റ് പാസ്സാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതായി വിശേഷിപ്പിക്കപ്പെടുന്ന വനിതാ സംവരണ ബിൽ പാസ്സാക്കാൻ കഴിയാത്തതിനു പറയപ്പെടുന്ന കാരണങ്ങൾ വാസ്തവവിരുദ്ധമാണെന്നു കാണാം. ശക്തമായ തീരുമാനമെടുത്താൽ എന്തുവില കൊടുത്തും ബലം പ്രയോഗിച്ചും ബില്ലുകൾ പാസ്സാക്കിയ ചരിത്രമാണ് നമ്മുടെ ജനപ്രതിനിധി സഭകൾക്കുള്ളത്. തെലുങ്കാന വിഭജന വിഷയത്തിൽ പോലും നാമത് കണ്ടു. എന്നിട്ടാണ് കോൺഗ്രസ്സും ബിജെപിയുമടക്കം മിക്കവാറും പാർട്ടികളെല്ലാം പിന്തുണക്കുന്ന ബിൽ പാസ്സാക്കാൻ കഴിയുന്നില്ല എന്നു പറയുന്നത്. യാഥാർത്ഥ്യം അതല്ല. ബിൽ പാസ്സാക്കണമെന്നു പറയുന്നവർക്കും അതിൽ ആത്മാർത്ഥതയുണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒരുപക്ഷെ സോണിയാഗാന്ധിക്കും സുഷ്മാസ്വരാജിനും വൃന്ദാകാരാട്ടിനും ഉണ്ടായിരിക്കാം. എന്നാൽ ഇവരുടെ പാർട്ടിയിലെ പുരുഷ നേതാക്കൾക്ക് ബില്ലിനോട് താൽപ്പര്യമില്ല. കാരണം പ്രതേകിച്ച് പറയേണ്ടതില്ലല്ലോ. 
അതേസമയം  ഇപ്പോഴും പരിഹരിക്കാത്ത ഗൗരവപരമായ വിഷയത്തിലേക്ക് കോൺഗ്രസ്സോ ബിജെപിയോ കടക്കുന്നില്ല എന്നതാണ് ഖേദകരം. ബില്ലിനെതിരെ മുലായംസിങ്ങും പല ദളിത് - പിന്നോക്ക സംഘടനകളും ഉന്നയിക്കുന്ന വിഷയം ഇന്ത്യനവസ്ഥയിൽ വളരെ പ്രസക്തം തന്നെയാണ്. സംവരണത്തിനുള്ളിലെ സംവരണം എന്ന അവരുടെ ആവശ്യത്തോട് എന്തുകൊണ്ട് 18 വർഷമായി ബില്ലിന്റെ ശക്തരായ വക്താക്കൾ മുഖം തിരിക്കുന്നു? ഇക്കാര്യം കൂടി ബില്ലിൽ എഴുതി ചേർത്താൽ വനിതാ സംവരണ സീറ്റുകളുടെ എണ്ണം കുറയില്ല. മറിച്ച് അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവരിൽ പട്ടിക ജാതി  പട്ടികവർഗ  പിന്നോക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ പങ്കാളിത്തം ലഭിക്കും. അതാണ് യഥാർത്ഥ പ്രശ്നം. ഇന്നത്തെ അവസ്ഥയിൽ ബിൽ പാസ്സായാൽ പാർലിമെന്റിലെത്തുന്ന സ്ത്രീകളിൽ മഹാഭൂരിപക്ഷവും സവർണ്ണ വിഭാഗങ്ങളാകും എന്ന ഭയം അസ്ഥാനത്തല്ലല്ലോ. ലിംഗവിവേചനത്തിനുള്ളിലും ജാതിവിവേചനം ശക്തമാണല്ലോ. മറ്റുള്ളവരെപോലെ മുലായത്തിനും കൂട്ടർക്കും ബില്ലിനോട് താൽപ്പര്യമുണ്ടായിരിക്കില്ല. അപ്പോഴും അവരുന്നയിക്കുന്ന വിഷയത്തിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല. ദളിത് - പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധിപോലും ഇതു മനസ്സിലാക്കുന്നില്ല എന്നു കാണുമ്പോൾ അത്ഭുതം തോന്നുന്നു. 
വനിതാസംവരണ സീറ്റുകൾ നിശ്ചയിക്കുമ്പോൾ അതിൽ പട്ടികജാതി  വർഗ്ഗ സംവരണ സീറ്റുകളും ഉണ്ടാകാമെന്നാണ് ഇതിനു ബില്ലിനെ പിന്തുണക്കുന്നവർ പറയുന്ന മറുപടി. ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. അങ്ങനെ വരുന്നത് പക്ഷെ അവകാശമാകില്ലല്ലോ. അവകാശമായാണ് ഇക്കാര്യം അംഗീകരിക്കപ്പെടേണ്ടത്. ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കാത്തപോലെ, സ്ത്രീസംവരണ സീറ്റിൽ ഒരു പാർട്ടിയും ദളിത് സ്ത്രീയെ മത്സരിപ്പിക്കുമെന്ന് പ്രതീക്ഷിക്കവയ്യ. ഈ പറയുന്നവരുടെ കാപട്യം വ്യക്തമാക്കാൻ ഒറ്റകാര്യം മാത്രം പരിശോധിച്ചാൽ മതി. ബിൽ പാർലിമെന്റിലെത്തിയശേഷം എത്രയോ തെരഞ്ഞെടുപ്പുകൾ നടന്നു. ആ തെരഞ്ഞെടുപ്പുകൡ ഇവർ എത്ര സ്ത്രീകൾക്ക് സീറ്റുകൊടുത്തു?  ഈ പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥിപട്ടികയിൽ മൂന്നിലൊന്ന് സ്ത്രീകളെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഇത്തരമൊരു ബിൽപോലും ആവശ്യമില്ലല്ലോ. കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ സ്ത്രീകൾ മത്സരിച്ചത് എട്ടുശതമാനം സീറ്റുകളിലാണ്. ബിജെപിയും കോൺഗ്രസ്സുമടക്കമുള്ള പാർട്ടികളുടെ ഇക്കാര്യത്തിലെ ആത്മാർത്ഥത ഇതിൽ നിന്ന് വ്യക്തമാണല്ലോ. 
സ്ത്രീശാക്തീകരണത്തിലും വിദ്യാഭ്യാസത്തിലും രാഷ്ട്രീയപ്രബുദ്ധതയിലുമെല്ലാം മുന്നിലെന്നവകാശപ്പെടുന്ന കേരളത്തിലെ അവസ്ഥ തന്നെ നോക്കുക. 1957 മുതൽ കേരളത്തിൽ നിന്ന് ഇതുവരേയും 272 പേർ ലോക്‌സഭയിലെത്തിയപ്പോൾ അതിൽ സ്ത്രീകൾ 10 പേർ മാത്രം. 1967ൽ അമ്പലപ്പുഴയിൽനിന്നും 1980ൽ ആലപ്പുഴനിന്നും 1991ൽ ചിറയിൻകീഴ് നിന്നും സി പി എമ്മിലെ സുശീലാ ഗോപാലൻ ലോക്‌സഭയിലെത്തി. 12, 13 ലോക്‌സഭകളിൽ വടകരയിൽനിന്ന് സിപിഎമ്മിലെ തന്നെ എം കെ പ്രേമജവും 14ാം ലോക്‌സഭയിലിലേക്ക് മാവേലിക്കരനിന്നും സിപിഎമ്മിലെ തന്നെ സി എസ് സുജാതയും വടകരനിന്ന് പി സതീദേവിയും തെരഞ്ഞെടുക്കപ്പെട്ടു. 1971ലാണ് സിപിഐ ഒരു വനിതയെ ലോക്‌സഭയിൽ എത്തിച്ചത്. അടൂരിൽനിന്ന് കെ ഭാർഗ്ഗവി. അതോടെ കഴിഞ്ഞു അവരുടെ വനിതാ പ്രാതിനിധ്യം. കോൺഗ്രസ്സിന്റെ അവസ്ഥ അതിനേക്കാൾ കഷ്ടമാണ്. 9, 10 ലോക്‌സഭകളിലേക്ക് മുകുന്ദപുരത്തുനിന്ന് സാവിത്രി ലക്ഷ്മണൻ ജയിച്ചത് മാത്രമാണ് അവരുടെ വനിതാപ്രാതിനിധ്യത്തിന്റെ ചരിത്രം. ശതമാനകണക്കിൽ ഇന്നോളം ലോക്‌സഭയിൽ കേരളത്തിന്റെ വനിതാ പ്രാതിനിധ്യം 3.67 ശതമാനത്തിൽ ഒതുങ്ങുന്നു. വ്യക്തികളുടെ എണ്ണമെടുത്താൽ ആറുമാത്രം.
നിയമസഭയുടെ അവസ്ഥയും വ്യത്യസ്തമല്ല. 1957 ലെ ആദ്യ നിയമസഭയിൽ 6 വനിതകളാണ് ഉണ്ടായിരുന്നത്. 60ൽ 7, 65ൽ 3, 67ൽ 1, 70ൽ 2, 77ൽ 1, 80ൽ 6, 82ൽ 4, 87ൽ 8, 91ൽ 8, 96ൽ 13, 2001ൽ 8, 2006ൽ 7, 2011ൽ 7 എന്നിങ്ങനെയാണ് നിയമസഭയിൽ വനിതാപ്രാതിനിധ്യം. 1996ലാണ് പരമാവധി വനിതകൾ നിയമസഭയിലെത്തിയത്. 13. എന്നാൽ വനിതാശാക്തീകരണം ഏറ്റവും ചർച്ച ചെയ്യുന്ന ഇക്കാലത്ത് അത് ഏഴായി ചുരുങ്ങി. ഇതിനേക്കാൾ വലിയ കാപട്യമെന്താണുള്ളത്? അധികാരത്തിലെ സ്ത്രീപ്രാതിനിധ്യത്തിൽ മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാനും മുതലാളിത്ത രാഷ്ട്രമായ അമേരിക്കയും കമ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയും ഏറെ മുന്നിലാണെന്നു കൂടി ഓർക്കുക.
ലിംഗവിവേചനത്തിനും ജാതിവിവേചനത്തിനും സമാനതകൾ ഏറെയുണ്ട്. വർഗ്ഗ  ജാതി പരിഗണനകളില്ലാതെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പൊതുപ്രശ്നങ്ങൾ നിരവധിയുണ്ടെന്നത് ശരി. അതേസമയം ദളിത് സ്ത്രീകളാണ് ഇന്ത്യനവസ്ഥയിൽ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നത്. ജാതീയവും വർഗ്ഗപരവും ലിംഗപരവുമായ ചൂഷണം അവർ നേരിടുന്നു. അതിനാൽ തന്നെ അവരെയായിരിക്കണം നാം പ്രാഥമികമായി അഭിസംബോധന ചെയ്യേണ്ടത്. ആ അർത്ഥത്തിൽ ജാതിസംവരണമുൾപ്പെടുത്തി വനിതാസംവരണ ബിൽ പാസ്സാക്കുകയാണ് വേണ്ടത്. അതിനാണ് ജനാധിപത്യവിശ്വാസികൾ ശബ്ദമുയർത്തേണ്ടത്. ഈ വിഷയം കൂടി രാഹുൽ ഗാന്ധി തന്റെ കത്തിൽ ഉന്നയിക്കണമായിരുന്നു. ഒപ്പം  നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങളിലും വനിതാ - ജാതി സംവരണം അനിവാര്യമാണ്. അതിനുവേണ്ടി കൂടിയാണ് ജനാധിപത്യവിശ്വാസികൾ ശബ്ദമുയർത്തേണ്ടത്. 
ഇതോടൊപ്പം  ചർച്ച ചെയ്യേണ്ടതായ മറ്റൊരാവശ്യം കേരളത്തിലെ ചില ദളിത് പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. ഒരു കാലത്ത് അംബേദ്കർ ഉന്നയിക്കുകയും എന്നാൽ ഗാന്ധിയുടെ നിലപാടിനെ തുടർന്ന് പൂനാ പാക്ടിലൂടെ തള്ളിക്കളയുകയും ചെയ്ത പ്രത്യേക നിയോജകമണ്ഡലമെന്ന ആവശ്യമാണത്. ദളിതർ, ആദിവാസികൾ, മത-വംശീയ ന്യൂന പക്ഷങ്ങൾ, സ്ത്രീകൾ തുടങ്ങിയ പാർശ്വവൽകൃതർക്കെല്ലാം പ്രത്യേക നിയോജകമണ്ഡലങ്ങൾ എന്ന ആവശ്യവും തീർച്ചയായും പരിഗണിക്കപ്പെടണം. അതെ കുറിച്ചുള്ള ചർച്ചകൾക്കും സാമൂഹ്യനീതിയിൽ വിശ്വസിക്കുന്നവർ മുൻകൈയെടുക്കണം.
 

Latest News