ട്രെയിനിലെ വിദ്വേഷ കൊല; റെയിൽവേ ഒളിച്ചുകളി തുടരുന്നു, പ്രസ്താവന പിൻവലിച്ചു

ന്യൂദൽഹി- ട്രെയിനിൽ നാലു പേരെ വെടിവെച്ചുകൊന്ന ശേഷം വിദ്വേഷ പ്രസ്താവന നടത്തിയ കോൺസ്റ്റബൾ ചേതൻ സിംഗ് തന്റെ ആരോഗ്യ പ്രശ്നങ്ങളും ചികിത്സാ വിവരങ്ങളും മറച്ചുവെച്ചതായി വെളിപ്പെടുത്തിയ റെയിൽവേ രണ്ടു മണിക്കൂറിനുശേഷം വിവാദ പ്രസ്താവന പിൻവലിച്ചു. 

റെയിൽവേയിലെ മറ്റു ഉദ്യോഗസ്ഥരെ പോലെ ആർ‌പി‌എഫ് ഉദ്യോഗസ്ഥർക്കും ഓരോ അഞ്ച് വർഷത്തിലും  ജോലിയുടെ ഫിറ്റ്നസ് പരിശോധനയുടെ ഭാഗമായി മെഡിക്കൽ പരിശോധന (പി‌എം‌ഇ) നടത്താറുണ്ടെന്നും കഴിഞ്ഞ പരിശോധനയിൽ ചേതൻ സിംഗിന്  ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നവും കണ്ടെത്തിയിരുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
ഇപ്പോഴത്തെ അസുഖത്തിനുള്ള ചികിത്സ ചേതൻ സിംഗ് വ്യക്തിപരമായ തലത്തിലാണ് കൈക്കൊണ്ടതെന്നും ഔദ്യോഗിക രേഖകളിൽ ഇല്ലെന്നും  അദ്ദേഹവും കുടുംബവും അത് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു എന്നുമാണ് വൈകുന്നേരം 5.17 ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയത്. എന്നാൽ ഏകദേശം രണ്ട് മണിക്കൂറിന് ശേഷം, പ്രസ് ഇൻഫർമേഷൻ ബ്യൂറോ വെബ്‌സൈറ്റിൽ നിന്ന് റെയിൽ‌വേ പ്രസ്താവന പിൻവലിച്ചു.ഈ വശങ്ങൾ പരിശോധിക്കാൻ  ഉന്നതതല സമിതി രൂപീകരിച്ചതിനാലാണ് റിലീസ് പിൻവലിച്ചതെന്നും റെയിൽവേ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 

തിങ്കളാഴ്ച പുലർച്ചെയാണ് എസ്‌കോർട്ട് ഡ്യൂട്ടിയിലായിരുന്ന ആർപിഎഫ് കോൺസ്റ്റബിൾ സിംഗ് തന്റെ സീനിയർ എഎസ്‌ഐ ടിക്കാറാം മീണയെയും ജയ്പൂർ-മുംബൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിലെ മൂന്ന് യാത്രക്കാരെയും വെടിവച്ചു കൊന്നത്. ബിഹാറിലെ മധുബനി സ്വദേശി അസ്ഗർ അബ്ബാസ് അലി, മഹാരാഷ്ട്രയിലെ പാൽഘറിലെ നലസോപാരയിൽ നിന്നുള്ള അബ്ദുൾ കാദർ മുഹമ്മദ് ഹുസൈൻ ഭാൻപൂർവാല (64), ഹൈദരാബാദിലെ നാമ്പള്ളി സ്വദേശി സയ്യിദ് സൈഫുള്ള (43) എന്നിവരാണ് കൊല്ലപ്പെട്ട യാത്രക്കാർ. കൊലപ്പെടുത്തുന്നതിനു മുമ്പ് ഇവരോട് പേരുകൾ ചോദിച്ചിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. ഹിന്ദുസ്ഥാനിൽ ജീവിക്കണമെങ്കിൽ യോഗിക്കും മോഡിക്കും വോട്ട് ചെയ്യണമെന്ന് ഒരു മൃതദേഹത്തിനരികിൽ വെച്ച് ചേതൻ സിംഗ് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോയെ കുറിച്ച് പ്രതികരിക്കാൻ റെയിൽവേ തയാറായിട്ടില്ല. മോർഫ് ചെയ്യാൻ സാധിക്കുമെന്നും  ആധികാരികത ഉറപ്പിക്കാൻ വിഷയം അന്വേഷണത്തിലാണെന്നും  പശ്ചിമ റെയിൽവേ വക്താവ് സുമിത് താക്കൂർ  പറഞ്ഞു.

 

Latest News