യുഎഇയില്‍ ജീവിത ചെലവ് കുറയുന്നു

ദുബയ്- 2018 ആദ്യ പകുതി പിന്നിടുമ്പോള്‍ യുഎഇയില്‍ ജീവിത ചെലവ് കുറയുന്നു. വിവിധ വാടകകളിലും സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസിലും ഉണ്ടായ ഇടിവും ദിര്‍ഹം കരുത്താര്‍ജ്ജിച്ചതുമാണ് ലക്ഷക്കണക്കിന് മലയാളില്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഗുണകരമായി മാറിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന പല പൊതുസേവനങ്ങളുടേയും ഫീസ് കുറച്ചിട്ടുണ്ട്. കൂടാതെ സ്‌കൂള്‍ ഫീ വര്‍ധന മരവിപ്പിച്ചതും കുറച്ചതും വലിയ ആശ്വാസമായിരിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം മറ്റു രാജ്യാന്തര കറന്‍സികള്‍ക്കെതിരെ ദിര്‍ഹം ശക്തി പ്രാപിച്ചതാണ്. ഇതോടെ യുഎഇയില്‍ ജീവിക്കുന്നവരുടെ വാങ്ങല്‍ ശേഷിയും ജീവിത നിലവാരവും മെച്ചപ്പെട്ടുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

നുംബിയോ ഏജന്‍സി പുറത്തു വിട്ട ഏറ്റവും ചെലവേറിയ നഗരങ്ങളുടെ മധ്യ-വര്‍ഷ ജീവിത ചെലവ് സൂചിക പ്രകാരം ദുബായുടെ റേറ്റ് 113, അബുദബി 97 എന്നിങ്ങനേയാണ്. 2017 ആദ്യ പകുതിയില്‍ ഇത് യഥാക്രമം 72ഉം 93ഉം ആയിരുന്നു. ഇതു സൂചിപ്പിക്കുന്ന യുഎഇയിലെ ഏറ്റവും വലിയ രണ്ടു എമിറേറ്റുകളില്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ജീവിത ചെലവ് കുറഞ്ഞിരിക്കുന്നു എന്നാണ്.

ദുബായില്‍ ജീവിക്കുന്നവരുടെ വാങ്ങല്‍ ശേഷി കഴിഞ്ഞ വര്‍ഷത്തെ 101.67 പോയിന്റിനെ അപേക്ഷിച്ച് ഇത്തവണ 153.68 പോയിന്റ് ആയി ഉയര്‍ന്നിരിക്കുന്നു. സുരക്ഷ, ആരോഗ്യ സംരക്ഷണം, സ്വത്ത് വില, വരുമാന അനുപാതം, മലിനീകരണം, കാലാവസ്ഥ തുടങ്ങിയ സൂചികകളിലും ഈ കാലയളവില്‍ ദുബായ് പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇതെല്ലാം ചേര്‍ന്നാണ് ജീവിത നിലവാരം മെച്ചപ്പെട്ടത്. എന്നാല്‍ ഗതാഗത സമയ സൂചികയില്‍ മാത്രമാണ് ദുബയ് പിന്നോട്ടു പോയത്. ജീവിത നിലവാരം, സുരക്ഷ, ആരോഗ്യ സംരക്ഷണം എന്നീ സൂചികകളില്‍ അബുദാബി പുരോഗതി കൈവരിച്ചപ്പോള്‍ വാങ്ങല്‍ ശേഷി, ഗതാതഗ സൂചികകളില്‍ പിന്നോട്ടു പോയി.

വാറ്റ് (മൂല്യ വര്‍ധിത നികുതി) നടപ്പിലാക്കിയത് ഉല്‍പ്പന്നങ്ങളുടെ വിലയില്‍ നേരിയ വര്‍ധനയ്ക്ക് കാരണമായെങ്കിലും വീട്ടു വാടക കുത്തനെ ഇടിഞ്ഞത് പണപ്പെരുപ്പം വര്‍ധിക്കാതെ പിടിച്ചു നിര്‍ത്തിയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 

Latest News