സുകുമാരന്‍ നായരെ വെല്ലുവിളിച്ച് പത്തനാപുരത്തെ കരയോഗം പ്രസിഡന്റ്

കൊല്ലം- സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരായ എന്‍.എസ്.എസ് പ്രതിഷേധത്തിനിടെ, നേതൃത്വത്തിനെതിരെ വിമര്‍ശവുമായി കരയോഗം പ്രസിഡന്റ് അഞ്ചല്‍ ജോബ്. ഷംസീര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് അഞ്ചല്‍ ജോബ് ചോദിച്ചു. സമുദായവും രാഷ്ട്രീയവും വേറെയാണ്. സമുദായത്തിലെ പാവങ്ങളെ ആദ്യം രക്ഷപ്പെടുത്തണം. ഇപ്പോഴിരിക്കുന്ന നേതൃത്വത്തെ അവജ്ഞയോടെയാണ് നായന്‍മാര്‍ കാണുന്നത്. നേതൃത്വം തിരുത്തണമെന്നും അഞ്ചല്‍ ജോബ് ആവശ്യപ്പെട്ടു.
കൊല്ലം ഇടമുളക്കല്‍ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പര്‍ കരയോഗത്തിന്റെ പ്രസിഡന്റാണ് അഞ്ചല്‍ ജോബ്. എന്‍.എസ്.എസ് പ്രതിഷേധം നടത്തുന്നതിനിടെ ഷംസീറിന്റെ പേരില്‍ അഞ്ചല്‍ ജോബ് ശത്രുസംഹാര പൂജ നടത്തുകയും ചെയ്തു. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡംഗവും പത്തനാപുരം താലൂക്ക് യൂനിയന്‍ പ്രസിഡന്റുമായ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ അധികാരപരിധിയിലെ കരയോഗം പ്രസിഡന്റായ ജോബ് കഴിഞ്ഞ 2 വര്‍ഷമായി സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ സംഭവത്തില്‍ അഭിപ്രയം പറയേണ്ടത് ജനറല്‍ സെക്രട്ടറി പറയുമെന്നും എന്‍.എസ്.എസ് നേതൃത്വം സര്‍ക്കുലര്‍ ഇറക്കിയാല്‍ അത് നടപ്പാക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

 

 

Latest News