Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രണ്ട് മലയാളി പെണ്‍കുട്ടികള്‍ സൗദി പൗരന്റെ കസ്റ്റഡിയില്‍

റിയാദ്- ദമാമില്‍ സൗദി പൗരന്റെ കസ്റ്റഡിയിലുള്ള വയനാട് സ്വദേശിനിയുടെ രണ്ടു പെണ്‍മക്കളെ വിട്ടുകിട്ടാന്‍ പുതിയ ശ്രമം ആരംഭിച്ചു. ശ്രീലങ്കക്കാരനായ പിതാവിന്റെയും വയനാട്ടുകാരിയായ മാതാവിന്റെയും ആറു മക്കളില്‍ ഇളയവരായ രണ്ടു മക്കളാണ് രണ്ടര വര്‍ഷമായി ദമാം റാകയില്‍ സൗദി പൗരന്റെ കസ്റ്റഡിയില്‍ കഴിയുന്നത്. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ റാകയിലുള്ള സൗദി പൗരനുമായി ബന്ധപ്പെട്ട് നടപടികള്‍ ഏകീകരിച്ചു വരികയാണ്.
ഭര്‍ത്താവുമായുണ്ടായ ബിസിനസ് തര്‍ക്കത്തിന്റെ പേരില്‍ ആറും നാലും വയസ്സായ പെണ്‍കുട്ടികളെ സൗദി പൗരന്‍ വീട്ടില്‍ പിടിച്ചുവെച്ചിരിക്കയാണെന്നാണ് ഭാര്യയുടെ പരാതി. വയനാട് സ്വദേശിനിയെ 12 വര്‍ഷം മുമ്പാണ് സൗദിയില്‍ സ്വര്‍ണ വ്യാപാരിയായ ശ്രീലങ്കന്‍ പൗരന്‍ നാട്ടില്‍ വെച്ച്  വിവാഹം ചെയ്തത്. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ ദമാമിലേക്ക് കൊണ്ടുവന്നു. പത്ത് വര്‍ഷത്തോളം ഇവിടെ താമസിച്ചു.
സൗദി പൗരനും ഭര്‍ത്താവായ ശ്രീലങ്കന്‍ പൗരനും രണ്ട് ആഫ്രിക്കക്കാരും പങ്കാളികളായാണ് സ്വര്‍ണ വ്യാപാരം നടത്തിയിരുന്നത്. ബിസിനസിന് മാന്ദ്യം നേരിട്ടതോടെ ആഫ്രിക്കന്‍ വ്യാപാരികള്‍ മുങ്ങി. ഇതോടെ ശ്രീലങ്കക്കാരനുമായി കൂടുതല്‍ സഹകരിച്ച സൗദി പൗരന്‍ രണ്ട് പെണ്‍മക്കളെ തന്ത്രപരമായി കൈക്കലാക്കുകയായിരുന്നുവെന്നാണ് കുട്ടികളുടെ മാതാവ് പറയുന്നത്.
ആഫ്രിക്കന്‍ വ്യാപാരികള്‍ തട്ടിയെടുത്ത പണവും ശ്രീലങ്കന്‍ സ്വദേശി നല്‍കാനുള്ള തുകയും നല്‍കിയാല്‍ മാത്രമേ കുട്ടികളെ വിട്ടുനല്‍കുകയുള്ളൂവെന്നാണ് ഇയാളുടെ നിലപാട്. കുട്ടികള്‍ രണ്ടു പേര്‍ക്കും ഇന്ത്യന്‍ പാസ്‌പോര്‍ട്ടാണുള്ളത്. ഇതിനിടെ, ശ്രീലങ്കന്‍ പൗരന്‍ ഭാര്യയേയും മറ്റു നാല് മക്കളെയും വയനാട്ടിലേക്ക് അയക്കുകയും സൗദി പൗരന്റെ കസ്റ്റഡിയില്‍നിന്ന് മക്കളെ മോചിപ്പിക്കാനുള്ള നടപടികള്‍ തുടരുകയും ചെയ്തു. മൂന്ന് ലക്ഷം റിയാലാണ് (54 ലക്ഷം ഇന്ത്യന്‍ രൂപ) കുട്ടികളെ മോചിപ്പിക്കാന്‍ സൗദി പൗരന്‍ ആവശ്യപ്പെടുന്നത്. കൂടാതെ കുട്ടികളെ സംരക്ഷിച്ചതിന് ഒരു കുട്ടിക്ക് പ്രതിമാസം 5,000 റിയാല്‍ എന്ന തോതില്‍ സംരക്ഷണ ചെലവായും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.
പത്ത് മാസം മുമ്പ് സൗദിയിലെത്തിയ മാതാവ് കുട്ടികളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സൗദി പൗരന്‍ അനുവദിച്ചിരുന്നില്ല. കുട്ടികളുടെ മാതാവും ബന്ധുക്കളും റിയാദ് കെ.എം.സി.സി കല്‍പറ്റ മണ്ഡലം നേതാക്കളായ ആബിദ്, ജാസര്‍ കോൡച്ചാല്‍ എന്നിവരുമായി ബന്ധപ്പെട്ടതനുസരിച്ച് ഇവര്‍ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി ഭാരവാഹികള്‍ക്ക് കേസ് സംബന്ധിച്ച വിവരം കൈമാറുകയായിരുന്നു. 
കേസില്‍ ഇടപെടാന്‍ കുട്ടികളുടെ മാതാവ് സിദ്ദീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തുകയും ഇന്ത്യന്‍ എംബസി അനുമതിപത്രം നല്‍കുകയും ചെയ്തിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കി കോടതി വഴി കുട്ടികളെ വിട്ടുകിട്ടുന്നതിനുള്ള നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.
കുട്ടികളെ മോചിപ്പിക്കുന്നതിനായി നേരത്തെ എം.ഐ.ഷാനവാസ് എം.പി വിദേശകാര്യ മന്ത്രാലയം മുഖേന എംബസിക്ക് അപേക്ഷ നല്‍കിയിരുന്നു.
 

Latest News