ന്യൂഡൽഹി - മണിപ്പൂർ കലാപത്തിൽ അതിരൂക്ഷ വിമർശവുമായി സുപ്രിം കോടതി. മണിപ്പൂരിൽ ഭരണഘടന സംവിധാനം തകർന്നുവെന്നും ക്രമസമാധാനം തകർന്നിടത്ത് എങ്ങനെ നീതി നടപ്പാക്കുമെന്നും ചോദിച്ച കോടതി, ഡി.ജി.പി നേരിട്ടു ഹാജരായി വിവരങ്ങൾ നല്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.
കേസുകൾ എടുക്കുന്നതിലും എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുന്നതിലും വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. വളരെ കുറച്ച് അറസ്റ്റുകൾ മാത്രമാണുണ്ടായത്. മെയ് ആദ്യം തൊട്ട് ജൂലൈ വരെ നിയമം ഇല്ലാത്ത അവസ്ഥയായിരുന്നു മണിപ്പൂരിൽ. ക്രമസമാധാന സംവിധാനങ്ങൾ പൂർണമായി തകന്നുവെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി.
ആൾക്കൂട്ടത്തിനു തന്നെ കൈമാറിയത് പോലീസാണെന്നാണ് നഗ്‌നയാക്കി നടത്തി ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ മൊഴിയിലുള്ളത്. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തേണ്ടത് ഡി.ജി.പിയുടെ ചുമതലയാണ്. എന്നാൽ, ഈ സംഭവത്തിൽ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
സംഭവത്തിൽ സി.ബി.ഐ അന്വേഷണം തുടരുകയാണെന്നും വെള്ളിയാഴ്ച റിപ്പോർട്ട് നല്കാമെന്നുമാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് 6532 എഫ്.ഐ.ആറുകൾ റജിസ്റ്റർ ചെയ്തതായും അദ്ദേഹം അറിയിച്ചു. എന്നാൽ, 6523 എഫ്.ഐ.ആറുകളിൽ വ്യക്തതയില്ലെന്നും കൊലപാതകം, ബലാത്സംഗം, സ്വത്തുക്കൾ നശിപ്പിക്കൽ തുടങ്ങീ കുറ്റകൃത്യങ്ങൾ തരംതിരിച്ച് എഫ്.ഐ.ആറുകളുടെ വിവരം സംസ്ഥാന സർക്കാര് നൽകണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.