നടന്‍ സുരാജ് വെഞ്ഞാറമൂടിന് ഗതാഗത നിയമ ക്ലാസില്‍ ഹാജരാകാന്‍ നോട്ടീസ് 

കൊച്ചി- മലയാള സിനിമ ഡ്രൈവിംഗ് ലൈസന്‍സില്‍ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടറായി വേഷമിട്ട നടന്‍ സുരാജ് വെഞ്ഞാറമൂടിന് ഒറിജിനല്‍ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടറുടെ നോട്ടീസ്. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസില്‍ ഹാജരാകാനാണ് സുരാജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.് 

എറണാകുളം പാലാരിവട്ടത്ത് സുരാജ് സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഇതിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. വാഹാനാപകടത്തെ തുടര്‍ന്ന് സുരാജിന്റെ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചെന്നും അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും വകുപ്പ് അറിയിച്ചു.

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റത്. മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇയാളെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

അപകടത്തില്‍ സുരാജിന് പരിക്കില്ല. അപകടത്തില്‍ പാലാരിവട്ടം പൊലീസ് സുരാജിനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.  കാറുമായി സ്റ്റേഷനില്‍ ഹാജരാകാനും പോലീസ് നിര്‍ദേശിച്ചിരുന്നു.

Latest News