സാദിഖ് ചെന്നാടൻദോഹ- ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് ഏഷ്യൻ ടൗണിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൊഴിലാളികൾ ഉൾപ്പെടെ സമൂഹത്തിലെ ധാരാളം പേർ രക്തം ദാനം ചെയ്തു.
ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ഫസ്റ്റ് സെക്രട്ടറി ഡോ.വൈഭവ് തണ്ടാലെ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യൻ എംബസിയുടെ ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫിന്റെ കോ-ഓർഡിനേറ്റിംഗ് ഓഫീസറുമായ ഡോ.വൈഭവ് തണ്ടാലെ, ഇത്തരം ഒരു ജീവകാരുണ്യ പരിപാടിയിൽ സാക്ഷ്യം വഹിച്ചതിൽ സന്തോഷം പങ്കുവെച്ചു. രണ്ട് ദിവസം മുമ്പ് ഖത്തറിൽ ചുമതല ഏറ്റെടുത്തതിന് ശേഷമുള്ള തന്റെ ആദ്യ കമ്യൂണിറ്റി പരിപാടിയായി ഇത് മാറിയത് ഏറെ സന്തോഷകരമാണെന്നും ഇതിൽ പങ്കാളികളായവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഐ.സി.ബി.എഫ് സെക്രട്ടറിയും ബ്ലഡ് ഡൊണേഷൻ കൺവീനറുമായ മുഹമ്മദ് കുഞ്ഞി ക്യാമ്പിന്റെ ലക്ഷ്യവും രക്തദാനത്തിന്റെ പ്രാധാന്യ കുറിച്ചും സംസാരിച്ചു. ഇത്തരം രക്തദാന സംരംഭങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഓരോ മാസവും വിവിധ സംഘടനകളുമായി സഹകരിച്ചു രക്തദാന ക്യാമ്പ് നടത്തുമെന്ന് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു. ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) പ്രസിഡന്റ് എ.പി മണികണ്ഠൻ, ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) ജനറൽ സെക്രട്ടറി നിഹാദ് അലി, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, ഐ.സി.സിയുടെയും ഐ.സി.ബി.എഫിന്റെയും മുൻ പ്രസിഡന്റ് പി.എൻ.ബാബുരാജൻ, അബ്ദുൽ റഊഫ്, സറീന അഹദ്, ശങ്കർ ഗൗഡ്, സമീർ അഹമ്മദ്, കുൽവീന്ദർ സിംഗ്, ടി.രാമശെൽവം, ശശിദർ ഹെബ്ബാൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഐ.സി.ബി.എഫ് ട്രഷറർ കുൽദീപ് കൗർ നന്ദി രേഖപ്പെടുത്തി.






