ദോഹ- പുനർനിർമാണ മൈക്രോ സർജറി, ഹാൻഡ് സർജറി മേഖലകളിൽ ഹമദ് മെഡിക്കൽ കോർപറേഷൻ ശാസ്ത്രീയ നാഴികക്കല്ലും ശസ്ത്രക്രിയ നവീകരണവും കൈവരിച്ചതായി റിപ്പോർട്ട്. 'ഖത്തർ ഫ്ളാപ്പ്' എന്ന ഈ പുതിയ ശസ്ത്രക്രിയ കണ്ടുപിടിത്തം, വിവിധ വിരൽത്തുമ്പിലെ പരിക്കുകളുടെ പ്രവർത്തനപരവും സൗന്ദര്യവർധകവുമായ പുനഃസ്ഥാപനം സുഗമമാക്കുന്നു.
വൈകല്യമോ രൂപഭേദമോ ഇല്ലാതെ വിരലുകളുടെ സ്വാഭാവിക പ്രവർത്തനം പുനഃസ്ഥാപിക്കുന്നു. കോസ്മെറ്റിക് ശസ്ത്രക്രിയയ്ക്ക് ശേഷം രോഗികൾക്ക് അവരുടെ സാധാരണ ജീവിതം പുനരാരംഭിക്കുന്നത് എളുപ്പമാക്കുന്നു. കൈകൾക്ക് പരിക്കുകൾ സാധാരണമാണ്. എച്ച്.എം.സിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ കൈ പരിക്കുകളുമായി നിരവധി രോഗികൾ വരാറുണ്ട്. പല കേസുകളിലും വിരലുകളുടെ പ്രവർത്തനക്ഷമതയും ശരീരഘടനയും പുനഃസ്ഥാപിക്കുന്നതിന് കൃത്യമായ ശസ്ത്രക്രിയ ഇടപെടൽ ആവശ്യമായി വരും. വിരലിലെ വിവിധ തരത്തിലുള്ള മുറിവുകൾ കണക്കിലെടുക്കുമ്പോൾ, ലഭ്യമായ ശസ്ത്രക്രിയ നടപടിക്രമങ്ങൾ വ്യത്യാസപ്പെടാം. എന്നാൽ ഈ ശസ്ത്രക്രിയകൾ പലപ്പോഴും വിരലുകളിൽ വേദനാജനകമായ പാടുകൾ അവശേഷിപ്പിക്കുന്നു. ചിലർക്ക് വിരലുകളിലെ പ്രധാന രക്തക്കുഴലുകൾ ബലിയർപ്പിക്കേണ്ടി വരുന്നു. ഇത് രോഗികൾക്ക് അഭികാമ്യമല്ലാത്ത ഓപ്ഷനുകളാക്കി മാറ്റുന്നു. എച്ച്.എം.സിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ സ്പെഷ്യലിസ്റ്റ് ഡോ.സലീം അൽ ലഹാം പറഞ്ഞു:
ചെറിയ ദ്വിതീയ ധമനികളുടെ ശാഖകളിലൊന്ന് ഉൾപ്പെടുന്ന ഒരൊറ്റ ശസ്ത്രക്രിയയിലൂടെ വിരൽത്തുമ്പിലെ പരിക്കുകൾ പ്രവർത്തനപരമായും സൗന്ദര്യാത്മകമായും യാതൊരു വൈകല്യവുമില്ലാതെ നന്നാക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ശസ്ത്രക്രിയ കണ്ടുപിടിത്തമെന്ന് ഖത്തർ ഫ്ളാപ്പിന്റെ കണ്ടുപിടിത്തക്കാരനായ ഡോ.അൽ ലഹാം വിശദീകരിച്ചു. രോഗികൾക്ക് മികച്ച ചികിത്സ നൽകുന്നതിന് ഖത്തറും എച്ച്.എം.സിയും മെഡിക്കൽ പ്രൊഫഷണലുകൾക്ക് നൽകുന്ന കഴിവുകളും വിഭവങ്ങളുമാണ് പുതിയ ശസ്ത്രക്രിയ നവീകരണമായ 'ഖത്തർ ഫ്ളാപ്പ്' പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ.അൽ ലഹാം അഭിപ്രായപ്പെട്ടു.
''ഈ ശസ്ത്രക്രിയ നവീകരണം ഉപയോഗിച്ച് 100-ലധികം ശസ്ത്രക്രിയകൾ വിജയകരമായി നടത്തി. ആഴ്ചയിൽ ഇത്തരത്തിലുള്ള അഞ്ച് ശസ്ത്രക്രിയകൾ ഞങ്ങൾ നടത്തുന്നു. വിവിധ ശസ്ത്രക്രിയ സ്പെഷ്യാലിറ്റികൾക്ക് വൈദ്യശാസ്ത്രപരവും ശാസ്ത്രീയവുമായ മൂല്യം നൽകുന്നതിനൊപ്പം ലോകമെമ്പാടുമുള്ള ഫിംഗർ ടിപ്പ് പുനഃസ്ഥാപിക്കൽ ശസ്ത്രക്രിയകൾക്ക് ഈ നവീകരണം മുൻഗണന നൽകുമെന്ന് പ്രതീക്ഷിക്കുന്നു -ഡോ.അൽ ലഹാം കൂട്ടിച്ചേർത്തു.
പുനർനിർമാണ, കോസ്മെറ്റിക് ഹാൻഡ് മൈക്രോ സർജറി മേഖലയിലെ ഏറ്റവും പ്രശസ്തമായ പിയർ-റിവ്യൂ ജേണലുകളിൽ ഒന്നായ 'പി.ആർ.എസ് ഗ്ലോബൽ ഓപൺ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്രീയ ലേഖനത്തിൽ ശസ്ത്രക്രിയ നവീകരണം ഉൾപ്പെടുത്തിയിട്ടുണ്ട്. വിരലിലെ ധമനികൾ സംരക്ഷിക്കുന്നതിനൊപ്പം വിരൽ പുനഃസ്ഥാപിക്കൽ, സൗന്ദര്യവർധക ശസ്ത്രക്രിയ എന്നിവയുടെ ഫലങ്ങൾ മെച്ചപ്പെടുത്തുന്ന ഒരു മികച്ച മുന്നേറ്റമായാണ് ജേണൽ എച്ച്.എം.സിയുടെ നവീകരണത്തെ വിശേഷിപ്പിച്ചത്.






