ഫുട്‌ബോൾ എന്ന് കേൾക്കുമ്പഴേ മനസ്സിൽ ഓടിയെത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലി. റോബർട്ടോ ബാജിയോ, മാൽദീനി, ദെൽ പിയെറോ, പിർലോ തുടങ്ങിയ വമ്പന്മാരെ ലോകഫുട്ബാളിന് സമർപ്പിച്ച രാജ്യം. മിലാൻ, ഇന്റർ, യുവന്റസ്, നാപൊളി, റോമ തുടങ്ങിയ ക്ലബ്ബ് രാജാക്കന്മാർ അരങ്ങുവാഴുന്ന നാട്. കാല്പന്തുകളിയുടെ സർവ്വവിശേഷണങ്ങൾക്കും അർഹമായ നാട്ടിൽ ഒരു മലയാളി താരം വിസ്മയിപ്പിക്കുന്നു.
ഇറ്റലിയിലെ മിലാനിൽ സ്ഥിരതാമസമാക്കിയ മലപ്പുറം സ്വദേശികളായ ഇബ്രാഹിം-റസിയ ദമ്പതികളുടെ മകനായ അഫ്‌ലഹ് പള്ളിയാലിതൊടി ആണ് വിസ്മയം തീർക്കുന്നത്. ഇറ്റാലിയൻ ഫുട്‌ബോൾ ഫെഡറേഷന്റെ കീഴിലുള്ള അണ്ടർ 15 ലീഗിൽ ഔറോറ തേർണോ എന്ന ക്ലബ്ബിന് വേണ്ടിയാണ് താരം കളിക്കുന്നത്. ടീമിന്റെ ക്യാപ്റ്റനും സ്‌െ്രെടക്കറുമായ അഫ്‌ലഹ് 48 ഗോളുകളാണ് കഴിഞ്ഞ സീസണിൽ അടിച്ചുകൂട്ടിയത്. ലീഗിലെ ടോപ്പ് സ്‌കോററും മാറ്റാരുമായിരുന്നില്ല. ഇതോടെ ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാൻ അക്കാദമിയിൽ നിന്നുള്ള വിളിയുമെത്തി.
ഇറ്റലിയിലെ ബെർഗാമോയിലെ സ്‌കൂളിൽ ഒമ്പതാം ക്ലാസിലാണ് അഫ്‌ലഹ് പഠിക്കുന്നത്. വരുന്ന സെപ്റ്റംബർ മുതൽ ഇന്റർ മിലാൻ അക്കാദമി ടീമിൽ പരിശീലനം തുടങ്ങാനിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. മിലാനിലെ ഏക മലയാളി ഫുട്‌ബോൾ ക്ലബായ അഡ്‌ലെഴ്‌സ് ലൊംബാർഡ് എഫ്‌സി എല്ലാവിധ പിന്തുണയുമായി കൂടെയുണ്ട്. ഭാവിയിൽ ഇന്ത്യൻ ജേഴ്‌സി അണിയുക എന്നതാണ് തന്റെ സ്വപ്‌നമെന്ന് അഫ്‌ലഹ് പറയുന്നു.