ഇന്ത്യൻ സ്‌പോർട്‌സിൽ സത്വികിനെയും ചിരാഗിനെയും വേറിട്ടു നിർത്തുന്ന ഒരു ഘടകമുണ്ട്. ഫൈനലുകളിൽ അവർ വേറൊരു ലെവലിലാണ്. പിരിമുറുക്കം ഏറുന്ന കളികളിലാണ് അവർ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുക.
തുടർച്ചയായ രണ്ട് കിരീടങ്ങളുമായി ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്കുയർന്നിരിക്കുകയാണ് ഇന്ത്യയുടെ ബാഡ്മിന്റൺ ഡബ്ൾസ് ജോഡി സത്വിക് സായ് രാജ് രംഗിറെഡ്ഢിയും ചിരാഗ് ഷെട്ടിയും. ലോക ഒന്നാം നമ്പർ ഫജർ അൽഫിയാനെയും മുഹമ്മദ് റിയാൻ അർദിയാന്തോയെയും തോൽപിച്ചാണ് അവർ കൊറിയൻ ഓപൺ കിരീടം കഴിഞ്ഞയാഴ്ച നേടിയത്. അതിന് മുമ്പ് ഇന്തോനേഷ്യൻ ഓപണിൽ ചാമ്പ്യനായി. ജപ്പാൻ ഓപണിൽ ക്വാർട്ടർ ഫൈനലിലെത്തിയിരിക്കുകയാണ്.
ഇന്ത്യൻ സ്‌പോർട്‌സിൽ സത്വികിനെയും ചിരാഗിനെയും വേറിട്ടു നിർത്തുന്ന ഒരു ഘടകമുണ്ട്. ഫൈനലുകളിൽ അവർ വേറൊരു ലെവലിലാണ്. പിരിമുറുക്കം ഏറുന്ന കളികളിലാണ് അവർ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുക. ഇന്ത്യൻ സ്‌പോർട്‌സിൽ ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്രയിൽ മാത്രമേ ഇതുപോലൊരു പോരാട്ട വീര്യം കണ്ടിട്ടുള്ളൂ. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഏഴ് ഫൈനലുകളിൽ അവർ വിജയിച്ചു. ഇത്ര സുദീർഘമായ കാലയളവിൽ, ഇത്ര സ്ഥിരതയാർന്ന പ്രകടനം ഇന്ത്യൻ സ്‌പോർട്‌സിൽ അപൂർവമാണ്. ടൂർണമെന്റിൽ എത്ര മുന്നോട്ടു പോവുന്നുവോ അത്രയും അവർ കിരീടം നേടാൻ സാധ്യത കൂടുതലാണ്. 2023 ൽ അവർ നാല് കിരീടങ്ങൾ സ്വന്തമാക്കി. അതിൽ ചില വിജയങ്ങൾ ഇന്ത്യൻ സ്‌പോർട്‌സിൽ ആദ്യമാണ്. സൂപ്പർ 1000 കിരീടവും ഏഷ്യൻ ചാമ്പ്യൻഷിപ് സ്വർണവും. ഇപ്പോഴത്തെ ഫോം വെച്ചുനോക്കുമ്പോൾ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലമായിപ്പോയത് അവരെ സംബന്ധിച്ചിടത്തോളം നിരാശയാണ്. ലോക ഒന്നാം നമ്പർ ജോഡിയെയും ഡബ്ൾസ് ലെജന്റ്‌സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഹമ്മദ് അഹ്‌സൻ-ഹേന്ദ്ര സെതിയവാൻ കൂട്ടുകെട്ടിനെയുമൊക്കെ അവർ തോൽപിച്ചു. അവസാനമായി അവർ ഫൈനലിൽ തോറ്റത് 2019 ലെ ഫ്രഞ്ച് ഓപണിലാണ്, ഇതിഹാസ താരങ്ങളായ മാർക്കസ് ഫെർനാൾഡി ഗിഡിയോൺ-കെവിൻ സഞ്ജയ സുകമുൾജൊ കൂട്ടുകെട്ടിനോട്. അന്ന് സത്-ചി സഖ്യം ഇത്ര ശക്തമായിട്ടില്ല.
2016 മുതൽ കളിച്ച 15 ഫൈനലുകളിൽ സത്വികും ചിരാഗും തോറ്റത് മൂന്നെണ്ണത്തിൽ മാത്രമാണ്. മൂന്നും അവർ ഇപ്പോഴത്തെ ഫോമിലെത്തും മുമ്പാണ്. 2018 ലെ കോമൺവെൽത്ത് ഗെയിംസിലും സെയ്ദ് മോഡി ടൂർണമെന്റിലും 2019 ലെ ഫ്രഞ്ച് ഓപണിലും. 2020 കോവിഡ് അടച്ചിടലിന്റെ കാലമാണ്. 2021 ൽ തൊട്ടു തൊട്ടില്ല എന്ന മട്ടിലായിരുന്നു. 2023 ലാണ് അവർ പൂത്തുതളിർത്തത്. കോച്ച് മതിയാസ് ബോ വന്നതോടെ അവരെ പിടിച്ചാൽ കിട്ടാതായി. അതിനു ശേഷം കളിച്ച ഏഴ് ഫൈനലിലും ജയിച്ചു. ബാഡ്മിന്റൺ ടൂറിന്റെ എല്ലാ തലത്തിലും അവർ ചാമ്പ്യന്മാരായി. സെമിഫൈനലിനെയും ക്വാർട്ടർ ഫൈനലുകളെയുംകാൾ മെച്ചമാണ് ഫൈനലുകളിലെ അവരുടെ റെക്കോർഡ്.
എന്താണ് അവരെ വേറിട്ടു നിർത്തുന്ന ഘടകങ്ങൾ? ബോയുടെ കീഴിൽ ടെക്‌നിക്കിലും ടാക്റ്റിക്‌സിലും അവർ ഒരുപാട് മെച്ചപ്പെട്ടു. അത് വലിയ മത്സരങ്ങളിൽ അവരുടെ സമചിത്തതയും ആത്മവിശ്വാസവും വർധിപ്പിച്ചു. സ്വതവേ ആക്രമണോത്സുകതയുള്ള കളിക്കാരാണ് ഇരുവരും. ചടുലവും സ്‌ഫോടനാത്മകവുമായ ആക്രമണങ്ങളിലൂടെയാണ് അവർ പോയന്റുകൾ വാരുന്നത്. വിജയം ഏറ്റവും ഹൃദ്യമായി ആഘോഷിക്കുന്ന കളിക്കാരാണ് രണ്ടു പേരും. തെക്കൻ കൊറിയയിൽ ഗണ്ണം സ്റ്റൈൽ ഡാൻസോടെയാണ് ഇരുവരും കാണികളെ കൈയിലെടുത്തത്.
മുൻകാലത്ത് നിരന്തരം ആക്രമിച്ചു കളിക്കുമ്പോൾ അവരുടെ പ്രതിരോധം ദുർബലമാവാറുണ്ടായിരുന്നു. കളിയിലെയും പെരുമാറ്റത്തിലെയും ഈ ന്യൂനത എതിരാളികൾക്ക് മുതലെടുക്കാൻ സാധിക്കുമായിരുന്നു. ക്രമേണ അവർ പ്രതിരോധത്തിലെ പഴുതടച്ചു. ഇപ്പോൾ തിരിച്ചടിയേൽക്കുന്ന ഘട്ടത്തിലും അവർ ശാന്തരാണ്. ദുബായ് ഓപണിലും യോസുവിലും ഒരു ഗെയിമിന് പിന്നിലായ ശേഷമാണ് അവർ തിരിച്ചുവന്നത്. നിർണായക ഘട്ടത്തിലും മാച്ച് പോയന്റുകളിലും അവസരങ്ങൾ വീണുകിട്ടുമ്പോഴും ഏകാഗ്രത പുലർത്താൻ അവർക്കു കഴിയുന്നു. അവരുടെ കളി പിഴവറ്റതാണെന്നല്ല, സർവീസുകളിൽ പിഴക്കുന്നുണ്ട്. സെർവ് ചെയ്യാൻ പലപ്പോഴും സമയം അധികമെടുക്കാറുണ്ട്. ആത്മവിശ്വാസമാണ് അവരെ വേറിട്ടു നിർത്തുന്നത്. റോജർ ഫെദരറും റഫായേൽ നദാലും എന്നാണ് അവർ സ്വയം വിളിക്കുന്നത്.
ഈ മാറ്റത്തിന് പിന്നിൽ ഡെന്മാർക്കുകാരനായ കോച്ച് ബോയാണ്. കൊറിയയിൽ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നില്ല. എന്നിട്ടും ഏറ്റവും വലിയ ആഘോഷം നടത്തിയത് അദ്ദേഹമായിരുന്നു, വീട്ടിലിരുന്ന്.
2022 അവസാനം ഇ.എസ്.പി.എൻ അവരെ പുരുഷ ടീം ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു. എന്താണ് അടുത്ത വർഷത്തെ ലക്ഷ്യമെന്ന് പുരസ്‌കാരദാനച്ചടങ്ങിൽ ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: പലപ്പോഴും ഞങ്ങളെ തോൽപിച്ച അടുത്ത സുഹൃത്തുക്കളായ സോ വൂയ് യിക്-മാർക്കസ് ഫെർനാൾഡി ഗിഡിയോൺ-കെവിൻ സഞ്ജയ സുകമുൾജൊ സഖ്യത്തെ തോൽപിക്കണം. ഇന്തോനേഷ്യൻ ഓപൺ ഫൈനലിൽ തിങ്ങിനിറഞ്ഞ ഇസ്‌തോറയിൽ അവർ സോ-ചിയ സഖ്യത്തെ തോൽപിച്ചു.
ഇന്ത്യൻ ബാഡ്മിന്റണിൽ ഇതുപോലുള്ള ഘട്ടങ്ങൾ പതിവാണ്. കഴിഞ്ഞ ദശകത്തിന്റെ തുടക്കത്തിൽ സയ്‌ന നേവാളും അവസാനം കിഡംബി ശ്രീകാന്തും പി.വി. സിന്ധുവും പിന്നീട് ലക്ഷ്യ സെന്നും ഇപ്പോൾ എച്ച്.എസ്. പ്രണോയിയും മികവിന്റെ പാരമ്യത്തിലെത്തി. എന്നാൽ സ്ഥിരതയുടെ കാര്യത്തിൽ സത്വികിനെയും ചിരാഗിനെയും വെല്ലാൻ ആർക്കുമാവില്ല. ആദ്യമായാണ് ഇന്ത്യൻ താരങ്ങൾ സൂപ്പർ 1000 കിരീടം നേടിയത്.
പുരുഷ ഡബ്ൾസിൽ ഇപ്പോൾ പരമ്പരാഗത ശക്തികളെല്ലാം പിന്നോട്ടാണ്. വമ്പന്മാരിൽ പലർക്കും അടിതെറ്റിക്കൊണ്ടിരിക്കുന്നു. ഈ അവസരം ഉപയോഗപ്പെടുത്തുകയും ലോക ഒന്നാം നമ്പർ എന്ന അടുത്ത ചുവടിലേക്ക് മുന്നേറാനും സത്വികിനും ചിരാഗിനും പറ്റിയ സമയമാണ് ഇത്. ഇപ്പോൾ അവർ ലോക രണ്ടാം നമ്പറാണ്. കൊറിയ ഓപണിൽ നിലവിലെ ഒന്നാം നമ്പറിനെയും രണ്ടാം നമ്പറിനെയും അവർ തോൽപിച്ചു. ലോക രണ്ടാം നമ്പറിനോട് ഈ വർഷത്തിന്റെ തുടക്കത്തിൽ രണ്ട് സൂപ്പർ 1000 ടൂർണമെന്റുകളിൽ തോറ്റിരുന്നു. ഇന്തോനേഷ്യൻ ഓപണിൽ ലോക ഒന്നാം നമ്പറിനെയും ലോക ചാമ്പ്യന്മാരെയും തോൽപിച്ചു. അവർക്കെതിരായ കഴിഞ്ഞ എട്ട് കളികളും സത്വികും ചിരാഗും തോറ്റിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ ആതിഥേയ ജോഡികളെയും അവരെ ശക്തമായി പിന്തുണച്ച ഗാലറിയെയുമാണ് കീഴടക്കിയത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പല തിരിച്ചടികളിൽ നിന്ന് കരകയറി സ്വർണം നേടി. ഇത് ഒളിംപിക് ക്വാളിഫിക്കേഷന്റെ കാലമാണ്. സത്വികും ചിരാഗും ഈ ഘട്ടത്തിൽ ഒന്നാം സ്ഥാനത്തേക്കുയരുന്നത് പാരിസ് ഒളിംപിക്‌സിൽ ഇന്ത്യക്ക് മറ്റൊരു സുവർണ സാധ്യതയാണ്. ചരിത്രം സത്-ചി ബ്രോയെ ഉറ്റുനോക്കുകയാണ്.