കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് ആദ്യമായി എഴുപതുകളുടെ തുടക്കത്തിൽ അന്തർ സർവകലാശാലാ കിരീടം നേടിക്കൊടുത്ത ടീമിലെ സ്‌ട്രൈക്കർ അബ്ദുൽ റഫീഖ് കണ്ണൂരിന്റെ പൗത്രൻ ഹാമിസ് റാമിസ് ബഹ്‌റൈനിൽ കളി മിടുക്ക് തെളിയിക്കുന്നു. കഴിഞ്ഞയാഴ്ച യു.എ.ഇയിൽ കിരീടം നേടിയ ബഹ്‌റൈൻ തുമൂഹ് ഓലെ അക്കാദമിയുടെ കളിക്കാരനാണ് ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിൽ ഏഴാം ഗ്രെയ്ഡിൽ പഠിക്കുന്ന ഹാമിസ്. മറ്റൊരു മലയാളി കൂടി ടീമിലുണ്ട്. ഹാമിസിന്റെ രക്തത്തിൽ ഫുട്‌ബോൾ ഉണ്ടെങ്കിലും കളിയുടെ ബാലപാഠങ്ങൾ അഭ്യസിച്ചത് ദമാം സോക്കർ അക്കാദമിയിലും ദമാമിലെ സ്‌പോർട് യാഡിലുമാണ്.
1971 ൽ അശുതോഷ് മുഖർജി ഷീൽഡ് ഉയർത്തിയ വിക്ടർ മഞ്ഞില നായകനായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീമിന്റെ ഭാഗമായിരുന്നു അബ്ദുൽ റഫീഖ്. പിന്നീട് കസ്റ്റംസ് ആന്റ് സെൻട്രൽ എക്‌സൈസിനും കളിച്ച റഫീഖ് ഏറെക്കാലം സൗദി അറേബ്യയിൽ ഫ്രെയ്റ്റ് ഫോർവേഡിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്നു. അക്കാലത്താണ് ജിദ്ദ സ്‌പോർട്‌സ് ക്ലബ്ബിന് രൂപം നൽകിയത്. പ്രവാസം അവസാനിപ്പിച്ച ശേഷം കണ്ണൂരിൽ വിദ്യാഭ്യാസ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. കണ്ണൂർ ബ്രദേഴ്‌സ് ക്ലബ്ബിന്റെ സെക്രട്ടറിയായി. റഫീഖിന്റെ രണ്ടാമത്തെ മകൻ റാമിസിന്റെയും മുഹ്‌സിന സഖരിയയുടെയും മൂത്ത മകനാണ് പതിനൊന്നുകാരനായ ഹാമിസ്. ബഹ്‌റൈൻ എഫ്.എൽ.ജി ലോജിസ്റ്റിക്‌സിൽ മാനേജറായ റാമിസ് കണ്ണൂർ താണ സ്വദേശിയാണ്. റഫീഖിന്റെ മൂത്ത മകൻ സഹേഷിന്റെ മകൻ സഹൽ ബാഴ്‌സലോണയിൽ നടന്ന ഇന്റർനാഷനൽ അക്കാദമി ഫുട്‌ബോളിൽ കളിച്ചിരുന്നു. ആ ടൂർണമെന്റിൽ പങ്കെടുത്ത റിയാദിലെ സൗദി എഫ്.സി ബാഴ്‌സലോണ ടീമിലെ ഏക ഇന്ത്യൻ കളിക്കാരനായിരുന്നു സഹൽ.
യു.എ.ഇയിലെ അജ്മാനിൽ നടന്ന ഗൾഫ് അക്കാദമികളുടെ ടൂർണമെന്റിൽ അണ്ടർ-12, അണ്ടർ-14 കിരീടങ്ങൾ ഓലെ അക്കാദമിക്കായിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് ഓലെ അക്കാദമി ഈ ടൂർണമെന്റിൽ ആധിപത്യം നേടുന്നത്. ഫൈനലിൽ ഓലെയുടെ അണ്ടർ-12, അണ്ടർ-14 ടീമുകൾ തോൽപിച്ചത് അർജന്റൈൻ അക്കാദമി (യു.എ.ഇ) ടീമുകളെയാണ്. ജൂനിയർ ടീം 3-0 നും സീനിയർ ടീം 2-1 നും ജയിച്ചു. 2016 ലാണ് ഗൾഫ് അക്കാദമികളുടെ ടൂർണമെന്റിന് തുടക്കമിട്ടത്. ആദ്യ വർഷം ആറു ടീമുകൾ പങ്കെടുത്തു. ഇത്തവണ യു.എ.ഇ, ബഹ്‌റൈൻ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നായി 14 ടീമുകൾ പങ്കെടുത്തിരുന്നു.