തീർച്ചയായും ഏതു മദ്യവും അപകടകരം തന്നെ. സ്ത്രീപക്ഷത്തുനിന്നു നോക്കിയാൽ അത് സാമൂഹിക വിരുദ്ധവുമാണ്. അതിനാൽ വേണ്ടത് മദ്യവർജനം തന്നെ. മദ്യനിരോധനമെന്നതൊക്കെ സ്വപ്‌നം കാണാൻ മാത്രം കഴിയുന്ന ആശയമാണ്. ലഹരിയില്ലാത്ത കാലം ചരിത്രത്തിലുണ്ടായിരുന്നോ, ഇനിയുണ്ടാകുമോ എന്ന് സംശയമാണ്. യാഥാർത്ഥ്യ ബോധത്തോടെയാകണം മദ്യവർജനമെന്ന ലക്ഷ്യത്തിലേക്കുള്ള പടികൾ കയറാൻ. ഒപ്പം മയക്കുമരുന്നിനെതിരെ അതിശക്തമായ നടപടികൾ സ്വീകരിക്കാൻ തയാറാകണം.
മദ്യവർജനമാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് ഇടതുമുന്നണി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി വ്യാപകമായ രീതിയിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നതായും സർക്കാർ അവകാശപ്പെടാറുണ്ട്. അതിനായി എക്‌സൈസ് വകുപ്പിനു കീഴിൽ തന്നെ വിമുക്തി എന്ന സംവിധാനവും നിലവിലുണ്ട്. എന്നാൽ പ്രഖ്യാപിക്കുന്നത് മദ്യവർജനമാണെങ്കിലും സർക്കാർ മിക്കപ്പോഴും എടുക്കുന്ന തീരുമാനങ്ങൾ മറിച്ചാണ്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മദ്യനയം പരിശോധിച്ചാലും അത് വ്യക്തമാണ്.
അതേസമയം കേരളത്തിൽ മദ്യപാനം കുറഞ്ഞുവരുന്നു എന്നതാണ് വാസ്തവം. അതിനു കാരണം സർക്കാരിന്റെ ബോധവൽക്കരണ പ്രവർത്തനമൊന്നുമല്ല. രണ്ടു കാരണങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാട്ടപ്പെടുന്നത്. ഒന്ന് ലോകത്തൊരിടത്തും ഇല്ലാത്ത പോലെ മദ്യത്തിന്റെ വിലക്കയറ്റം തന്നെ. നിയമവിധേയമായി വിൽക്കുന്ന ഒരു ഉൽപന്നത്തിനു ഒരു ജനകീയ സർക്കാരും ചെയ്യാൻ പാടില്ലാത്ത രീതിയിലാണ് നികുതി വർധിപ്പിക്കുന്നത്. അതിന്റെ ഫലമായി തന്നെ മദ്യപാനികൾ കഴിക്കുന്ന മദ്യത്തിന്റെ അളവു കുറഞ്ഞിട്ടുണ്ട്. ഇനിയും കോവിഡ് നൽകിയ ആഘാതത്തിൽ നിന്നു വിമുക്തരാകാത്തവർക്ക് അതിനു മുമ്പ് മദ്യപിച്ചിരുന്ന അളവിൽ മദ്യപിക്കാനുള്ള സാഹചര്യമില്ല. മദ്യം ഒരു വിഭാഗത്തിന്റെ നിത്യോപയോഗ സാധനമാണെങ്കിലും മറ്റു ഉൽപന്നങ്ങൾക്ക് വില കൂട്ടുമ്പോൾ ചെയ്യുന്ന പോലെ പ്രസ്താവനയിറക്കാനോ സമരം ചെയ്യാനോ സദാചാര പേടി മൂലം ആരും തയാറാകുന്നില്ല. സർക്കാരിന് ഏറ്റവുമധികം പണമുണ്ടാക്കിക്കൊടുക്കുന്ന മദ്യപാനികൾക്ക് ഉപഭോക്താവിന്റെ അവകാശങ്ങൾ ഒന്നും ലഭിക്കുന്നുമില്ല. സ്വാഭാവികമായും മദ്യവിൽപന കുറയുമല്ലോ. വരുമാനത്തിൽ വലിയ ഇടിവില്ലെന്നു മന്ത്രി പറയുന്നുണ്ട്. അതു പക്ഷേ വിൽപപ്പന കൂടിയിട്ടല്ല, വില വൻതോതിൽ കൂടിയിട്ടാണ് എന്നതാണ് സത്യം. അതേസമയം വേണ്ടിവന്നാൽ വില കുറച്ചുവിൽക്കാനും കഴിയുമെന്നു തെളിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വൻതുക ഇളവു നൽകിയാണത്രേ ബിവറേജ് മദ്യം വിറ്റത്. വിൽപന കുറഞ്ഞപ്പോൾ മദ്യവർജനം ലക്ഷ്യമാക്കിയ സർക്കാർ മാനേജർമാരോട് വിശദീകരണം ചോദിച്ചു. അപ്പോൾ വിൽപന കൂട്ടാനായി വില കുറക്കുകയായിരുന്നു. അതു ഫലം കാണുകയും ചെയ്തു. സർക്കാരിന്റെ വരുമാന മാർഗങ്ങളിൽ പ്രധാനം മദ്യമാകുന്നത് ലോകത്ത് തന്നെ അത്യപൂർവമായിരിക്കും.
മദ്യവിൽപന കുറയുന്നതിന് രണ്ടാമത്തെ കാരണം ചെറുപ്പക്കാർക്ക് മദ്യത്തോട് വലിയ ആസക്തിയില്ല എന്നതാണ്. ബിവറേജിലായാലും ബാറുകളിലായാലും യുവജനങ്ങളുടെ സാന്നിധ്യം വളരെ കുറവാണ്. മധ്യവയസ്‌കരാണ് മഹാഭൂരിഭാഗവും. അതിനാൽ തന്നെ മദ്യവിൽപന ഇനിയും കുറഞ്ഞു വരും. പക്ഷേ എല്ലാവർക്കും അറിയാവുന്ന പോലെ ഇതിന് ഭീതിദമായ മറുവശമുണ്ട്. മയക്കുമരുന്ന കൂടുന്നു എന്നതു തന്നെ. കേരളത്തിലെ യുവജനങ്ങളിൽ വലിയൊരു ഭാഗം മയക്കുമരുന്നിന് അടിമകളാണ്. ലഹരി കൂടുതലും മദ്യത്തേക്കാൾ ഉപയോഗിക്കാൻ സൗകര്യവും അതാണല്ലോ. മയക്കുമരുന്നു വേട്ടകളൊക്കെ ഇടക്കു നടക്കുന്നുണ്ടെങ്കിലും ഈ ഭീകരമായ യാഥാർത്ഥ്യത്തെ അതർഹിക്കുന്ന രീതിയിൽ സർക്കാർ പരിഗണിക്കുന്നുണ്ടോ എന്ന് സംശയമാണ്. വാസ്തവത്തിൽ. നിയമവിരുദ്ധമായ മയക്കുമരുന്നിനെയും നിയമവിധേയമായ മദ്യത്തെയും ഒരുപോലെ കണ്ട് സർക്കാരും സന്നദ്ധ സംഘടനകളും നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണങ്ങൾ ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല.. രണ്ടും രണ്ടായി തന്നെ വേണം അത്തരം പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കാൻ.
പുതിയ മദ്യനയം അനുസരിച്ച് ബാർ ലൈസൻസിന് ഫീസ് ഉയർത്തിയിട്ടുണ്ട്. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസിന് ഫീസ്. അത് 35 ആക്കി. മദ്യപാനം കുറഞ്ഞുവരികയാണെന്നു ബോധ്യമായിട്ടും അതാണ് സർക്കാരിന്റെ ലക്ഷ്യമെന്നു എപ്പോഴും പറയുമ്പോഴും ഈ ചാർജ് കൂട്ടിയതിന്റെ ഉദ്ദേശ്യം എന്തായിരിക്കും? ഫീസ് കൂടുതൽ നൽകുന്ന ബാറുടമകൾ സ്വാഭാവികമായും വിൽപന വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയല്ലേ ചെയ്യുക? സംസ്ഥാനത്ത് കൂടുതൽ സ്പിരിറ്റ് ഉൽപാദിപ്പിക്കാനും തീരുമാനമുണ്ട്. മറ്റു ഭാഗങ്ങളിൽ നിന്നു സ്പിരിറ്റ് കൊണ്ടുവരുന്നത് കുറച്ചിട്ടാണ് അത് ചെയ്യുന്നതെങ്കിൽ നന്ന്. എന്നാൽ അക്കാര്യത്തിൽ സംശയം വേണം. ഉദാഹരണമായി സർക്കാരിന്റെ സ്വന്തം മദ്യമായ ജവാൻ എന്ന ബ്രാന്റിന് ഒരു മുൻഗണനയും ബിവറേജുകളും ബാറുകളും നൽകുന്നില്ല. പകരം പ്രോത്സാഹിക്കപ്പെടുന്നത് വലിയ വിലയുള്ള വിദേശ നിർമിത ഇന്ത്യൻ മദ്യങ്ങളാണ്.
മദ്യനയത്തിലെ മറ്റൊരു പ്രഖ്യാപനം കള്ളിനെ കുറിച്ചാണ്. കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കാനാണ് തീരുമാനം. കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റും. കേരളാ ടോഡി എന്ന പേരിൽ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന കള്ള് ബ്രാൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സത്യത്തിൽ അടുത്ത കാലത്തായി നിരന്തരമായി കേൾക്കുന്ന വാചകങ്ങളാണിവ. എന്നാൽ യാഥാർത്ഥ്യം എന്താണ്? സംസ്ഥാനത്ത് ഇന്ന് ഉൽപാദിപ്പിക്കുന്ന കള്ളിന്റെ അളവും വിറ്റഴിക്കുന്ന കള്ളിന്റെ അളവും തമ്മിലുള്ള അന്തരം അതിഭീമമാണെന്ന് അറിയാത്തവർ ആരുമില്ല. വിറ്റഴിയുന്നതിൽ ഭൂരിഭാഗവും കള്ളക്കള്ളാണെന്നർത്ഥം. അതുകൊണ്ടൊന്നും കള്ളുഷാപ്പുകൾ നവീകരിക്കാനോ വിദേശികളെ ആകർഷിക്കാനോ കഴിയില്ല. ഒന്നാമതായി കള്ളിനെ അബ്കാരികളുടെ പിടിയിൽ നിന്നു മോചിപ്പിക്കണം. അതിനായി വെള്ളക്കാർ രൂപം കൊടുത്ത് ഇപ്പോഴും തുടരുന്ന അബ്കാരി നിയമം മാറ്റിയെഴുതണം. കള്ളിന്റെ ഉടമാവകാശം തെങ്ങിന്റെ ഉടമകളായ കർഷകർക്കാകണം. ചെത്തുകാർക്ക് ചെയ്യുന്ന ജോലിക്ക് മാന്യമായ കൂലിയാണ് നൽകേണ്ടത്. ഈ മേഖലയിൽ നിന്ന് അബ്കാരികൾ എന്ന വിഭാഗത്തെ ഉന്മൂലനം ചെയ്യണം. കള്ളുഷാപ്പുകൾ കർഷകരുടെ മുൻകൈയിലുള്ള സഹകരണ മേഖലയിലാകണം. കൂടെ ലഹരിയൊട്ടുമില്ലാത്ത നീരയും വിൽക്കാം. വേണമെങ്കിൽ ഇളനീരും. ഷാപ്പുകളിൽ തന്നെ മികച്ച ഭക്ഷണവും കൊടുക്കുകയാണെങ്കിൽ സ്ത്രീകൾക്കടക്കം വരാൻ കഴിയുന്ന അന്തരീക്ഷമൊരുക്കുകയാണെങ്കിൽ കർഷകർക്കു മാത്രമല്ല, കേരളത്തിന്റെ സമ്പദ്ഘടനക്കും അതുണ്ടാക്കുന്ന നേട്ടം ചെറുതായിരിക്കില്ല. എന്നാൽ പ്രഖ്യാപനങ്ങളല്ലാതെ ആ ദിശയിൽ ഒരു ശ്രമവും നടക്കുന്നില്ല. കൊട്ടിഘോഷിച്ച് ആരംഭിച്ച നീര ഉൽപാദനവും വിപണനവും വിജയിച്ചുമില്ല. പഴവർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉൽപാദിപ്പിക്കുമെന്ന പ്രഖ്യാപനം ഇക്കുറിയുമുണ്ട്. പതിവുപോലെ അതും വെള്ളത്തിൽ വരച്ച വര തന്നെയാകാം. അഥവാ നടപ്പാക്കുകയാണെങ്കിൽ ആ മേഖലയിലും അബ്കാരികളെ ഒഴിവാക്കണം. കർഷകരായിരിക്കണം ഗുണഭോക്താക്കൾ.
ബാറുടമകളിൽ നിന്ന് വൻതുക സംഭാവന വാങ്ങാത്ത പ്രസ്ഥാനങ്ങളൊന്നും കേരളത്തിൽ ഉണ്ടാകില്ല. അതിനാൽ തന്നെ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാരുകൾ ബാധ്യസ്ഥരാണ്. അതാണ് അടിക്കടിയുള്ള വിലക്കയറ്റത്തിലും മറ്റും കാണുന്നത്. വെള്ളക്കാർ പോയിട്ടും അവരുണ്ടാക്കിയിട്ടുള്ള കാലഹരണപ്പെട്ട പല നിയമങ്ങളും ഇപ്പോഴും ഇവിടെ സജീവമാണ്. അതിലൊന്നാണ് അബ്കാരി നിയമം. ഏറ്റവും ചുരുങ്ങിയത് കള്ളിന്റെ മേഖലയിൽ നിന്നെങ്കിലും അതൊഴിവാക്കി കർഷകരുടെ അവകാശം അംഗീകരിക്കണം.
തീർച്ചയായും ഏതു മദ്യവും അപകടകരം തന്നെ. സ്ത്രീപക്ഷത്തുനിന്നു നോക്കിയാൽ അത് സാമൂഹിക വിരുദ്ധവുമാണ്. അതിനാൽ വേണ്ടത് മദ്യവർജനം തന്നെ. മദ്യനിരോധനമെന്നെതാക്കെ സ്വപ്‌നം കാണാൻ മാത്രം കഴിയുന്ന ആശയമാണ്. ലഹരിയില്ലാത്ത കാലം ചരിത്രത്തിലുണ്ടായിരുന്നോ, ഇനിയുണ്ടാകുമോ എന്ന് സംശയമാണ്. യാഥാർത്ഥ്യ ബോധത്തോടെയാകണം മദ്യവർജനമെന്ന ലക്ഷ്യത്തിലേക്കുള്ള പടികൾ കയറാൻ. ഒപ്പം മയക്കുമരുന്നിനെതിരെ അതിശക്തമായ നടപടികൾ സ്വീകരിക്കാൻ തയാറാകണം.






