ഖത്തറിലെത്തുന്നവർക്ക് സൗജന്യ ഭക്ഷണ കൂപ്പണുമായി ഇന്ത്യൻ കോഫി ഹൗസ്

ഇന്ത്യൻ കോഫി ഹൗസ് ഭാരവാഹി നാരായണൻ, എക്‌സിക്യൂട്ടീവ് ഷെഫ് ഹുസൈൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ.

ദോഹ- ഖത്തറിൽ എത്തുന്ന 18 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രക്കാർക്കും സൗജന്യ ഭക്ഷണ കൂപ്പൺ ഒരുക്കി ഇന്ത്യൻ കോഫി ഹൗസ്. അഹ് ലൻ ഖത്തർ എന്ന പേരിൽ നടക്കുന്ന കാമ്പയിന് തുടക്കം കുറിച്ചതായി ഇന്ത്യൻ കോഫി ഹൗസ് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭക്ഷണം പങ്കിടുക എന്നതാണ് ഒരാളെ സ്വീകരിക്കാനുള്ള ഏറ്റവും നല്ല മാർഗം എന്ന നിലയിലാണ് ഇന്ത്യൻ കോഫി ഹൗസ് ഇങ്ങനെ ഒരു കാമ്പയിൻ സംഘടിപ്പിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. 
സൗജന്യ ഭക്ഷണ കൂപ്പൺ ലഭിക്കാൻ വേേു://മവഹമി.ശിറശമിരീളളലലവീൗലെീിഹശില.രീാ എന്ന പ്രത്യേക ഓൺലൈൻ ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. യാത്ര ചെയ്ത് ഖത്തറിൽ എത്തിയ ആളുടെ പേര്, ജനന തിയ്യതി, മൊബൈൽ നമ്പർ, ഇ-മെയിൽ, ടിക്കറ്റ് പി.എൻ.ആർ എന്നീ വിശദാംശങ്ങൾ നൽകി അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകുന്നവർക്ക് അധികൃതർ വിവരങ്ങൾ പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തിയ ശേഷം 25 റിയാൽ മൂല്യമുള്ള സൗജന്യ ഫുഡ് വൗച്ചർ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
ഖത്തറിൽ സന്ദർശക വിസയിൽ യാത്ര ചെയ്ത് എത്തുന്നവർക്കും റസിഡൻസ് വിസയുള്ളവർ യാത്ര ചെയ്ത് ഖത്തറിലേക്ക് തിരിച്ചുവന്നാലും ഈ വൗച്ചർ ലഭിക്കും. ഒരു യാത്രയ്ക്ക് ഒരു ഫുഡ് വൗച്ചർ മാത്രമേ ലഭിക്കുകയുള്ളൂ. രാജ്യത്ത് എത്തിയ തീയതി മുതൽ 10 ദിവസത്തിനുള്ളിൽ ഇന്ത്യൻ കോഫി ഹൗസ് റസ്‌റ്റോറന്റിൽ ഈ കൂപ്പൺ ഉപയോഗപ്പെടുത്തണം. ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ ഈ കൂപ്പൺ ഉപയോഗപ്പെടുത്താവുന്നതാണ്. ഡൈനിംഗ് ഇൻ സൗകര്യത്തിനു വേണ്ടി മാത്രമേ ഇത് ഉപയോഗിക്കാൻ പറ്റുകയുള്ളൂ. ഇന്ത്യൻ കോഫി ഹൗസിന്റെ ബർദുബായിലുള്ള ശാഖയിലും അഹ് ലൻ ദുബായ് എന്ന പേരിൽ ഈ കാമ്പയിൻ നടക്കുന്നതായി അധികൃതർ അറിയിച്ചു. ഇന്ത്യൻ കോഫി ഹൗസ് ഭാരവാഹിളായ നാരായണൻ, എക്‌സിക്യൂട്ടീവ് ഷെഫ് ഹുസൈൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 

Tags

Latest News