ഭാര്യ മരിച്ചത് ബന്ധുക്കളെ അറിയിക്കാനായില്ല; കിടപ്പിലായിരുന്ന ഭര്‍ത്താവ് പട്ടിണി കിടന്ന് മരിച്ചു

ബംഗളുരു- കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വറില്‍ 55-കാരി ഹൃദയാഘാതം മൂലം മരിച്ചത് പുറത്തറിയുന്നത് പത്ത് ദിവസങ്ങള്‍ക്കു ശേഷം. ശരീരം തളര്‍ന്ന് കിടപ്പിലായ ഭര്‍ത്താവ് ഭാര്യ മരിച്ച വിവരം ബന്ധുക്കളെ അറിയിക്കാനാവാതെ ദിവസങ്ങളോളം പട്ടികിടന്നും മരിച്ചു. ഗിരിജ കുല്‍ക്കല്‍ എന്ന 55കാരിയുടെ മൃതദേഹം തിങ്കളാഴ്ചയാണ് വീട്ടിനുള്ളില്‍ കേസരയില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. കിടപ്പിലായ ഭര്‍ത്താവ് ആനന്ദ് കുല്‍ക്കറിന് (60) ഗിരിജയുടെ മരണത്തോടെ ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വന്നു. ഒടുവില്‍ തിങ്കളാഴ്ച അദ്ദേഹവും മരിക്കുകയായിരുന്നു. 

ഒരാഴ്ചയിലേറെയായി സഹോദരിയുടെ ഫോണ്‍ വിളി വരാതായതോടെ ഗിരിജയുടെ സഹോദരന്‍ സുബ്രമണ്യ മഡിവാല ഞായറാഴ്ച ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഗിരിജയെ മരിച്ച നിലയിലും ഭര്‍ത്താവ് ആനന്ദിനെ തീരെ അവശനായും കാണപ്പെട്ടത്. ആനന്ദിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച മരിച്ചു. 

എല്ലാ ആഴ്ചയും ഗിരിജ വിളിക്കാറുണ്ടായിരുന്നെന്നും ആവശ്യങ്ങള്‍ അറിയിക്കാറുണ്ടായിരുന്നെന്നും സഹോദരന്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി വിളി വരാതായതോടെ വീട്ടില്‍ നേരിട്ടെത്തുകയായിരുന്നുവെന്നും അദ്ദേഹംപറഞ്ഞു. വീണു പരിക്കേറ്റ് പൂര്‍ണമായും കിടപ്പിലായി ഭര്‍ത്താവിനെ ഏറെ കാലമായി ഒറ്റയ്ക്ക് പരിചരിച്ചു വരികയായിരുന്നു ഗിരിജ. ഇവര്‍ക്കു മക്കളില്ല.
 

Latest News