കുവൈത്തിൽ അഞ്ചു പേരെ തൂക്കിലേറ്റി

കുവൈത്ത് സിറ്റി - വ്യത്യസ്ത കുറ്റങ്ങളിൽ പ്രതികളായ അഞ്ചു പേരെ ഇന്ന്(വ്യാഴം) കഴുമരത്തിലേറ്റിയതായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പ്രതികളിൽ ഒരാൾ എട്ടു വർഷം മുമ്പ് അൽസ്വാദിഖ് മസ്ജിദിൽ ചാവേറാക്രമണം നടത്തിയ കേസിലെ പ്രതിയായ ഐ.എസ് ഭീകരനാണ്. ഈ യുവാവ് ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത ബിദൂൻ വിഭാഗത്തിൽ പെട്ടയാളാണ്. 
2015 ജൂണിൽ വിശുദ്ധ റമദാനിൽ ജുമുഅ നമസ്‌കാരത്തിനിടെയാണ് ശിയാ മസ്ജിദ് ആയ അൽസ്വാദിഖ് മസ്ജിദിൽ ഭീകരൻ ചാവേറാക്രമണം നടത്തിയത്. ആക്രമണത്തിൽ 27 പേർ കൊല്ലപ്പെടുകയും 227 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. 
കൊലക്കേസ് പ്രതികളായ കുവൈത്തി പൗരനും ഈജിപ്തുകാരനും ബിദൂൻ വിഭാഗത്തിൽ പെട്ടയാളുമാണ് തൂക്കിലേറ്റപ്പെട്ട മറ്റു പ്രതികൾ. മയക്കുമരുന്ന് വ്യാപാര കേസിൽ പ്രതിയായ ശ്രീലങ്കക്കാരനും വധശിക്ഷ നടപ്പാക്കി.
 

Latest News