മനാമ - സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമില്‍ പോലീസ് സുരക്ഷയില്‍ വിശുദ്ധ മുസ്ഹഫ് കോപ്പികള്‍ അഗ്നിക്കിരയാക്കാനും അവഹേളിക്കാനും സ്വീഡിഷ് അധികൃതര്‍ അനുമതി നല്‍കിയതില്‍ ബഹ്റൈനിലെ സ്വീഡിഷ് എംബസി ചാര്‍ജ് ഡി അഫയേഴ്സ് ലിസ്ലോട്ട് ആന്‍ഡേഴ്സനെ ബഹ്റൈന്‍ വിദേശ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രേഖാമൂലം പ്രതിഷേധം അറിയിച്ചു. ബഹ്റൈന്‍ വിദേശ മന്ത്രാലയത്തില്‍ യൂറോപ്യന്‍കാര്യ വിഭാഗം മേധാവി അഹ്മദ് ഇബ്രാഹിം അല്ഖരൈനീസ് ആണ് സ്വീഡിഷ് എംബസി ചാര്‍ജ് ഡി അഫയേഴ്സിന് പ്രതിഷേധക്കുറിപ്പ് കൈമാറിയതത്.
ഇത്തരം അപമാനകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെ ബഹ്റൈന്‍ ശക്തമായി അപലപിക്കുന്നതായി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ലോക മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന ഇത്തരം സംഭവങ്ങള്‍ അന്താരാഷ്ട്ര തത്വങ്ങള്‍ക്കും ചാര്‍ട്ടറുകള്‍ക്കും വിരുദ്ധമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അതിരുകളും വ്യവസ്ഥകളും ധാര്‍മികതകളും ലംഘിക്കുന്ന ഇത്തരം അപകീര്‍ത്തിപരമായ ചെയ്തികള്‍ തടയാന്‍ സ്വീഡിഷ് അധികൃതര്‍ സത്വര നടപടികള്‍ സ്വീകരിക്കണം.
മതസ്വാതന്ത്ര്യവും അവകാശങ്ങളും മാനിക്കാനും മതങ്ങളെയും വിശ്വാസങ്ങളെയും വിശുദ്ധ ഗ്രന്ഥങ്ങളെയും അപകീര്‍ത്തിപ്പെടുന്നത് തടയാനും ആഗോള സമൂഹം നടത്തുന്ന ശ്രമങ്ങളില്‍ സ്വീഡനും പങ്കാളികളാകണം. മുഴുവന്‍ മതവിശ്വാസങ്ങളിലും സംസ്കാരങ്ങളിലും പെട്ട മനുഷ്യര്‍ക്കിടയില്‍ സമാധാനവും സഹവര്‍ത്തിത്വവും ശക്തിപ്പെടുത്തുന്ന നിലക്ക് ഇസ്ലാമോഫോബിയ കുറ്റകൃത്യങ്ങള്‍ ചെറുക്കാനും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും സംസ്കാരം ശക്തിപ്പെടുത്താനും സ്വീഡന് സൃഷ്ടിപരമായി സഹകരിക്കണമെന്നും ബഹ്റൈന്‍ വിദേശ മന്ത്രാലയം പറഞ്ഞു.
അതിനിടെ, ഡെന്മാര്ക്ക് തലസ്ഥാനമായ കോപന്‍ഹേഗനില്‍ ഈജിപ്ഷ്യന്‍, തുര്‍ക്കി എംബസികള്‍ക്കു മുന്നില്‍ ഇസ്ലാം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികള്‍ ചൊവ്വാഴ്ച വിശുദ്ധ മുസ്ഹഫ് കോപ്പികള്‍ കത്തിച്ചു. ലോക മുസ്ലിംകളെ രോഷാകുലരാക്കി സ്വീഡനിലും ഡെന്മാര്ക്കിലും കഴിഞ്ഞയാഴ്ചകളില്‍ ഖുര്‍ആന്‍ കോപ്പികള്‍ അഗ്നിക്കിരയാക്കുകയും അവഹേളിക്കുകയും ചെയ്തിരുന്നു. ഖുര്‍ആന്‍ അഗ്നിക്കിരയാക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അഭിപ്രായ സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള അവകാശവും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എത്രയും വേഗം പുനഃപരിശോധിക്കണമെന്ന് ഇറാഖ് വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.
ഖുര്‍ആന്‍ അഗ്നിക്കിരയാക്കിയതിനെ തുര്‍ക്കി ശക്തമായി അപലപിച്ചു. ഇസ്ലാമിനെതിരായ ഈ വിദ്വേഷ കുറ്റകൃത്യം തടയാന്‍ ഡെന്മാര്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു. ഖുര്‍ആന്‍ കത്തിച്ച സംഭവങ്ങളെ ഡാനിഷ് ഗവണ്മെന്റും അപലപിച്ചു. പ്രകോപനപരവും ലജ്ജാകരവുമായ പ്രവൃത്തികളാണ് ഇതെന്ന് ഡാനിഷ് ഗവണ്മെന്റ് വിശേഷിപ്പിച്ചു. എന്നാല്‍ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തുന്നവരെ തടയാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും ഡാനിഷ് ഗവണ്മെന്റ് പറഞ്ഞു.






