ഇംഫാലിലെ ഇടിമുഴക്കങ്ങൾ

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നാടാകെ ഉയരുന്ന പ്രതിഷേധങ്ങൾ മനസ്സിലാക്കി അക്രമികളെ അടിച്ചമർത്തുകയും സംസ്ഥാനത്ത് സമാധാനവും സൈ്വരജീവിതവും തിരികെ കൊണ്ടുവരികയുമാണ് അടിയന്തരമായും ചെയ്യേണ്ടത്. ഒപ്പം ഇരുവിഭാഗത്തിന്റേയും പ്രശ്‌നങ്ങളിൽ ഇടപെട്ട് വികസന കാര്യങ്ങളിലും മറ്റുമുള്ള ക്ഷേമം ഉറപ്പ് വരുത്തുന്ന നയങ്ങളും പ്രവർത്തനങ്ങളും ആവിഷ്‌കരിക്കുകയും ചെയ്യണം. ആഭരണങ്ങളുടെ നാട് എന്ന് കൂടി പേരുള്ള മായിക നഗരങ്ങളുടെ മണിപ്പൂരിനെ വംശഹത്യയുടെ പാപപങ്കിലമായ മറ്റൊരു ഗുജറാത്താക്കി മാറ്റി അധികാരം കൊയ്യാനുള്ള സംഘ് പരിവാറിന്റെ പരിശ്രമങ്ങൾ ഇന്ത്യ ഒറ്റക്കെട്ടായി ചെറുത്ത് തോൽപിക്കണം. 


മണിപ്പൂരിലെ കുരുതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധാഗ്നി പടരുകയാണ്. മാസങ്ങളായി മണിപ്പൂർ നിലവിളിക്കുന്നുണ്ടായിരുന്നു.  അവിടത്തെ ഇന്റർനെറ്റ് ബന്ധങ്ങൾ  വിഛേദിക്കപ്പെട്ടു. ഔദ്യോഗിക വിവരങ്ങൾ മാത്രമാണ് അവിടെ നിന്നു പുറത്തു വന്നിരുന്നത്. ഇന്റർനെറ്റ് നിഷേധിക്കാൻ കാരണമായി പറഞ്ഞത് വ്യാജ വാർത്തകൾ പ്രചരിക്കുന്നുവെന്നാണ്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് പല അതിക്രമങ്ങളും ശരിയായ സമയത്ത് പുറത്തു വരാതിരിക്കാൻ കാരണം ഇന്റർനെറ്റ് ലഭ്യമല്ലാഞ്ഞതാണ്.

മണിപ്പൂർ എന്നാൽ രത്‌നങ്ങളുടെ രാജ്യമാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു മണിപ്പൂരിനെ രാജ്യത്തിലെ തന്നെ സ്വിറ്റ്‌സർലൻഡ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഇന്ത്യ നേടിയ 28 ഒളിംപിക്‌സ് മെഡലുകളിൽ മൂന്നെണ്ണം മണിപ്പൂർ സംഭാവന ചെയ്തതാണ്. വിവിധ ഇനങ്ങളിൽ നിന്നായി 19 ഒളിംപ്യന്മാരെ സംഭാവന ചെയ്ത സംസ്ഥാനമാണ് മണിപ്പൂർ.

ഇപ്പോൾ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പെട്ടെന്നുള്ള കാരണം അവിടത്തെ ജനസമൂഹങ്ങളിൽ മേൽക്കൈയുള്ള മെയ്തികളെ പട്ടികവർഗത്തിൽ ഉൾപ്പെടുത്താൻ വേണ്ടി ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയത്തിനു റിപ്പോർട്ട് കൊടുക്കാൻ പറഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധിയാണ്. അതിനു മുൻപ് ഫെബ്രുവരി മുതൽ അവിടെ വനപ്രദേശങ്ങളിലുള്ള പട്ടിക വിഭാഗക്കാരായ കുക്കികളുടെ സ്ഥലങ്ങൾ റിസർവ് വനങ്ങളാക്കി കുടിയൊഴിപ്പിക്കുകയായിരുന്നു. ഇത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. അതിനു പുറമേയായിരുന്നു മെയ്തി വിഭാഗക്കാരെ പട്ടിക വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള ആലോചന. ഇതിനെതിരെ കുക്കി വിഭാഗക്കാർ കടുത്ത പ്രതിഷേധങ്ങൾ ഉയർത്തി. അത് നിയന്ത്രിക്കുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, അതിൽ മെയ്തി വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രി ബീരേൻ സിംഗ് ആ പക്ഷത്തിനു സൗകര്യമാകുന്നു എന്നും പറയുന്നു.

രാജ്യത്തു രോഷക്കൊടുങ്കാറ്റ് ഉയർത്തിയ സംഭവം രണ്ടു സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തി ബലാത്സംഗം ചെയ്തുവെന്നതാണ്. അതിന്റെ സ്‌തോഭജനകമായ വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. അപ്പോഴാണ് 76 ദിവസം മുൻപ് നടന്ന അത്യന്തം ഭീതിജനകമായ സംഭവം പുറത്തറിയുന്നത്. ഈ സ്ത്രീകളുടെ കൂടെ ഉണ്ടായിരുന്ന പുരുഷൻമാരെ അടിച്ചു കൊലപ്പെടുത്തിയ ശേഷമാണ് സ്ത്രീകളെ പീഡന പരമ്പരക്കിരയാക്കിയത്. ഇത് സംബന്ധിച്ച പരാതി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നു എങ്കിലും ഒരു നടപടിയുമുണ്ടായില്ല. രാജ്യത്താകമാനം പ്രതിഷേധങ്ങൾ തുടങ്ങിയപ്പോൾ മാത്രമാണ് പോലീസ് പ്രതികളെ പിടിക്കുന്നത്. തുടർന്നും ബാലാത്സംഗം ചെയ്തു രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയതായും ഒരു സ്ത്രീയെ ചുട്ടുകൊന്നതായും വാർത്ത വന്നു.

സംഘർഷ സമയങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും അതിൽ ഉൾപ്പെടാതെ സൂക്ഷിച്ചു പോരുന്നതാണ് യുദ്ധനീതി പോലും. എതിർതന്ത്രം സാധ്യമല്ലാത്ത അതിക്രമമാണ് ബലാൽസംഗം. മനുഷ്യ സമൂഹങ്ങൾ ഒന്നും ഒരു കാലത്തും തോൽപിക്കാൻ ബലാത്സംഗം ഒരു മുറയാക്കില്ല. ആൺകൂട്ടത്തിലൂടെ നഗ്നയാക്കി നടത്തിയ സ്ത്രീകൾ അനുഭവിക്കുന്ന ഹൃദയം നുറുക്കുന്ന വേദനയും നാണക്കേടും അവരുടെ ജീവിതത്തിൽ നിന്നു മാറ്റിയെടുക്കാൻ ആവുന്നതല്ല. ഒന്നുകൊണ്ടും പൊറുക്കാനാവാത്ത അതിനീചവും അതിഹീനവുമായ കുറ്റം.

ഇത്ര ഭീകരമായ കുറ്റത്തിന് ശേഷവും ഒരു നടപടിയും ഇല്ലാതെ ഒരാളും പ്രതിഷേധിക്കാതെ ഒരാളും സഹായിക്കാതെ മാസങ്ങൾ. ഈ രാജ്യം ലജ്ജിച്ചു തലതാഴ്ത്തുകയാണ്. പോലീസിലും വനിതാ കമ്മീഷനിലും എല്ലാം അവർ പരാതി നൽകിയിരുന്നതാണ്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇന്ത്യയുടെ മുഖ്യധാരയുടെ ഭാഗമാക്കുന്നതിനുള്ള ശ്രമങ്ങൾ അധികം ഉണ്ടായിട്ടില്ല. ദേശീയ പാഠപദ്ധതിയിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചരിത്രമേയില്ല. എപ്പോഴും പട്ടാളത്തിന്റെ പിടിയിലാണ്. ഇറോം ശർമിള 16 വർഷം നിരാഹാര സമരം നടത്തിയ നാടാണ്. ആർമിയുടെ അമിതാധികാരം എടുത്തു കളയുന്നതിനായിരുന്നു ആ സമരം. മനോരമ ദേവിയുടെ സംഭവം മറക്കാൻ ഇടയില്ല. Indian army rape us എന്ന് ബാനർ പിടിച്ചു നഗ്‌നരായി സ്ത്രീകൾ പ്രതിഷേധിച്ചത് അക്ഷരാർത്ഥത്തിൽ തന്നെ രാജ്യത്തെ ഞെട്ടിച്ചതാണ്.
പക്ഷേ ഒന്നും മാറുന്നില്ല. സമാധാനമില്ല, വികസനമില്ല. അവർക്കനുകൂലമായ വികസനമില്ല. നിരവധി സായുധ സംഘങ്ങൾ ഉണ്ട്. അവരെ ഒളിഞ്ഞും തെളിഞ്ഞും ഉപയോഗിച്ച് അധികാരത്തിൽ വരുന്നവർ സ്വാർത്ഥ താൽപര്യങ്ങൾ നടത്തി കാലം കഴിക്കുന്നു. ഇതൊരു തീക്കളിയാണ്. സമീപത്തു മറ്റു രാജ്യങ്ങളുണ്ട്. അവർ ഉപയോഗിക്കുകയും അവരെ ഉപയോഗിക്കുകയും ചെയ്‌തേക്കാം.

പരിഹാരമില്ലാത്ത പ്രശ്‌നമല്ല. സ്ത്രീകൾ ഇരകളും പുരുഷൻമാർ അക്രമികളുമായുള്ള ഈ അതിക്രമ കാലം അവസാനിപ്പിക്കണം. ഈ രണ്ടുമൂന്നു മാസത്തിനിടക്ക് നിരവധി പേർ കൊല്ലപ്പെട്ടു. വിട്ടൊഴിയാത്ത ബലാത്സംഗ ഭീതി വിതച്ച ഹീനമായ ലൈംഗിക അതിക്രമ സംഭവങ്ങൾ, ഇരകൾ കൊല്ലപ്പെട്ടതും ജീവിക്കുന്നവരുമായി നിരവധി പേർ. നാലായിരത്തിലധികം പേർ അഭയാർഥികളായി, അവരുടെ വീടുകളും മറ്റും നഷ്ടപ്പെട്ടു. ഒട്ടേറെ ആരാധനാലയങ്ങൾ തകർക്കപ്പെട്ടു.സ്‌കൂളുകളെ, ഓഫീസുകളെ എല്ലാം ഇത് ബാധിച്ചു. അക്രമികൾക്കു പട്ടാളക്കാരുടെയും പോലീസിന്റെയും ധാരാളം ആയുധങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞു. അത് തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. അത് അവർ ഇപ്പോഴും ഉപയോഗിക്കുന്നു.

സമാധാന ശ്രമത്തിന് സ്ത്രീകളുടെ മുൻകൈയുണ്ടാകണം. മേരാ പൈബി മറന്നുകൂടാ- സ്ത്രീകളുടെ മുൻകൈയിൽ സമാധാനത്തിനായി ജാഗ്രതയോടെ പ്രവർത്തിച്ച സാമൂഹിക മുന്നേറ്റം. മാത്രമല്ല അവിടത്തെ സ്ത്രീകൾക്കുണ്ടായ ആഴത്തിലുള്ള മുറിവ് ഉണക്കാൻ ഇത് ഉപകരിച്ചേക്കാം.
ബ്രിട്ടീഷുകാർക്കെതിരെ രണ്ടു തവണ സമരം നയിച്ചവരാണവർ- നൂപിലാൻ 1.   1904 ലായിരുന്നു. മണിപ്പൂരിലെ ആണുങ്ങളെ വേതനമില്ലാതെ പോലീസിനായി ഒരു കെട്ടിടം നിർമിക്കാൻ നിർബന്ധിച്ചു കൊണ്ടുപോകുന്നതിനെതിരെ അയ്യായിരം സ്ത്രീകൾ പങ്കെടുത്ത ഒരാഴ്ച നീണ്ടുനിന്ന പ്രതിഷേധമുണ്ടായി. നൂപിലാൻ 2. അരി ഇറക്കുമതി ചെയ്യുന്നതിനെതിരെ മണിപ്പൂരിലെ സ്ത്രീകൾ 1933-45 കാലത്ത് നടത്തിയ മുന്നേറ്റമാണ്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നാടാകെ ഉയരുന്ന പ്രതിഷേധങ്ങൾ മനസ്സിലാക്കി അക്രമികളെ അടിച്ചമർത്തുകയും സംസ്ഥാനത്ത് സമാധാനവും സൈ്വരജീവിതവും തിരികെ കൊണ്ടുവരികയുമാണ് അടിയന്തരമായും ചെയ്യേണ്ടത്. ഒപ്പം ഇരുവിഭാഗത്തിന്റേയും പ്രശ്‌നങ്ങളിൽ ഇടപെട്ട് വികസന കാര്യങ്ങളിലും മറ്റുമുള്ള ക്ഷേമം ഉറപ്പ് വരുത്തുന്ന നയങ്ങളും പ്രവർത്തനങ്ങളും ആവിഷ്‌കരിക്കുകയും ചെയ്യണം. ആഭരണങ്ങളുടെ നാട് എന്ന് കൂടി പേരുള്ള മായിക നഗരങ്ങളുടെ മണിപ്പൂരിനെ വംശഹത്യയുടെ പാപപങ്കിലമായ മറ്റൊരു ഗുജറാത്താക്കി മാറ്റി അധികാരം കൊയ്യാനുള്ള സംഘ് പരിവാറിന്റെ പരിശ്രമങ്ങളെ ഇന്ത്യ ഒറ്റക്കെട്ടായി ചെറുത്ത് തോൽപിക്കണം. 

Latest News