നൂറു ശതമാനം വിജയമെന്ന മേനിനടിക്കാൻ കൂടുതൽ കുട്ടികളെ വിജയിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പ്, റിസൾട്ട് പ്രഖ്യാപിക്കും മുമ്പ് പരിശോധിക്കേണ്ട ചില കാര്യങ്ങളുണ്ട്.വിജയിച്ച് പോകുന്ന കുട്ടികൾക്ക് പഠിക്കാൻ ഹയർ സെക്കണ്ടറിയിൽ സീറ്റുകളുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടത്.അവരെ പഠിപ്പിക്കാൻ അധ്യാപകരും ആവശ്യത്തിന് കെട്ടിടങ്ങളുമുണ്ടോ എന്നും നോക്കണം.ഇതൊന്നും പരിശോധിക്കാതെ കുട്ടികളെ ജയിപ്പിച്ച് വിട്ട്, ബാക്കി കാര്യങ്ങൾ മാനേജ്മെന്റുകൾ നോക്കിക്കൊള്ളും എന്ന് കരുതി പുറംതിരിഞ്ഞ് നിൽക്കുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണം.
ഹയർ സെക്കണ്ടറി വിദ്യാഭ്യാസ മേഖലയിൽ ഇല്ലായ്മകളുടെ വാർത്തകളാണല്ലോ മലബാറിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.പ്ലസ്ടു പഠിക്കാൻ യോഗ്യത നേടിയ കുട്ടികൾക്ക് പഠിക്കാൻ പൊതുവിദ്യാലയങ്ങളിൽ ഇടമില്ലെന്ന പ്രശ്നത്തിന് ഇനിയും പരിഹാരമായിട്ടില്ല.സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാർഥികൾ പത്താം ക്ലാസിൽ പാസാകുകയും ഏറ്റവുമധികം കുട്ടികൾ എപ്ലസ് നേടുകയും ചെയ്ത മലപ്പുറം ജില്ലയിലെ സ്ഥിതി ഇപ്പോഴും ദയനീയമായി തുടരുന്നു.വിവിധ വടക്കൻ ജില്ലകളിലെയും സ്ഥിതി വ്യത്യസ്തമല്ല.പതിനായിരക്കണക്കിന് വിദ്യാർഥിനി-വിദ്യാർഥികളാണ് ഇപ്പോഴും സർക്കാർ, മാനേജ്മെന്റ് സ്കൂളുകളിൽ അവസരം കിട്ടാതെ വലയുന്നത്.ഇവർക്ക് ആശ്രയം എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് ക്വാട്ടയോ അൺഎയ്ഡഡ് സ്കൂളുകളോ ആണ്.
ഈ പ്രതിസന്ധി മുതലെടുത്താണ് സ്വകാര്യ മാനേജ്മെന്റുകൾ പണപ്പിരിവ് തുടങ്ങിയിരിക്കുന്നത്.കൂടുതൽ കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ സീറ്റ് ലഭിക്കാതെ വരുന്നത് ഇവർക്ക് അനുഗ്രഹമായി മാറുന്നു.യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് കുട്ടികളിൽ നിന്ന് ഇവർ വൻതുക വാങ്ങുന്നത്.വിദ്യാഭ്യാസം വിൽപനച്ചരക്കാക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
ഒട്ടുമിക്ക വിഷയങ്ങളിലും എപ്ലസ് നേടിയ കുട്ടികൾക്ക് പോലും പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ലഭിച്ചിട്ടില്ല.ഒരു വർഷം നഷ്ടപ്പെടുമെന്ന് ഭയന്ന് പലരും പണം നൽകി മാനേജ്മെന്റ് സീറ്റുകളിൽ സീറ്റ് നേടി.അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്ന മാനേജ്മെന്റ് സ്കൂളുകളിൽ പോലും പെയ്മന്റ് സീറ്റുകളിൽ വൻതുകയാണ് ഈടാക്കുന്നത്.ഒരു ബാച്ചിൽ ഇരുപത് സീറ്റുകളാണ് ഈ വിഭാഗത്തിലുള്ളത്.സയൻസ് സീറ്റുകൾക്ക് അര ലക്ഷം രൂപ വരെയാണ് ഓരോ കുട്ടിയിൽ നിന്നും ഈടാക്കുന്നത്.ഹുമാനിറ്റീസിന് പത്ത് മുതൽ മുപ്പത് വരെയും ആയിരങ്ങൾ വാങ്ങിക്കൂട്ടുന്നു.അൺഎയ്ഡഡ് സ്കൂളുകളിൽ സ്ഥിതി ഇതിനേക്കാൾ ഭയാനകമാണ്.ഒരു ലക്ഷം രൂപ വരെയാണ് പ്ലസ് വൺ സീറ്റിന് വാങ്ങുന്നത്.പരീക്ഷയിൽ മാർക്ക് വാങ്ങിയതുകൊണ്ടു കാര്യമില്ല, പഠിക്കാൻ പണം വേണമെന്ന നിസ്സഹായാവസ്ഥയിലാണ് പല കുട്ടികളും.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് വിദ്യാഭ്യാസ കച്ചവടത്തിന് മുന്നിൽ പകച്ചു നിൽക്കുന്നത്.
സാർവത്രിക സൗജന്യ വിദ്യാഭ്യാസമെന്നൊക്കെ സർക്കാരുകൾ ഉച്ചത്തിൽ പറയാറുണ്ടെങ്കിലും യഥാർഥത്തിൽ നടക്കുന്നത് മറ്റൊന്നാണ്.വലിയൊരു വിഭാഗം കുട്ടികൾ പഠിച്ചിട്ടും, തുടർപഠനത്തിന് പെരുവഴിയിൽ.പൊതുവിദ്യാലയങ്ങളിൽ ആവശ്യത്തിന് സീറ്റൊരുക്കാൻ തയാറാകാത്ത സർക്കാർ, സ്വകാര്യ മാനേജ്മെന്റുകളുടെ കടുംപിരിവിന് കൂട്ടുനിൽക്കുന്നു. ഒരു വിദ്യാലയവും വാങ്ങുന്ന പണം എത്രയാണെന്ന് പരസ്യപ്പെടുത്താറില്ല.സീറ്റ് ചോദിക്കുന്ന കുട്ടിയുടെ രക്ഷിതാവിന്റെ സാമ്പത്തിക സ്ഥിതി, ആവശ്യക്കാരന്റെ ഔചിത്യമില്ലായ്മ, പഠിക്കാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങൾക്കനുസരിച്ച് ഈ തുക ഏറിയും കുറഞ്ഞുമിരിക്കും.പ്ലസ് വൺ അഡ്മിഷൻ കാലം മാനേജ്മെന്റുകൾക്ക് ചാകരയാണ്.അവരുടെ തീവെട്ടിക്കൊള്ളയെ നിയന്ത്രിക്കാൻ സർക്കാരും തയാറാകുന്നില്ല.
പത്താം ക്ലാസ് പരീക്ഷ എഴുതിയവരിൽ ഏറെക്കുറെ എല്ലാവരെയും ജയിപ്പിക്കുന്ന സർക്കാർ, ജയിച്ചവർക്കെല്ലാം പഠിക്കാൻ പൊതുവിദ്യാഭ്യാസ മേഖലയിൽ സൗകര്യമുണ്ടോ എന്ന് ചിന്തിക്കാറില്ല. സീറ്റില്ലെന്ന് മുറവിളി ഉയരുമ്പോൾ ചില ചെപ്പടിവിദ്യകൾ കാണിച്ച് പ്രശ്നം താൽക്കാലികമായി പരിഹരിക്കും.സർക്കാരിന് സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ ഒരു ഓട്ടയടക്കൽ.ഏതാനും വിദ്യാലയങ്ങളിൽ സീറ്റുകൾ കൂട്ടും, അധ്യാപകരെ കൂട്ടില്ല. മാനേജ്മെന്റ് സ്കൂളുകളിൽ അധിക ബാച്ച് താൽക്കാലികമായി അനുവദിക്കും.അവിടെ മാനേജ്മെന്റുകൾക്ക് പണം വാങ്ങാൻ ഒത്താശയും ചെയ്തു കൊടുക്കും.താൽക്കാലിക ബാച്ചുകൾ പിന്നെ സ്ഥിരം ബാച്ചുകളായി മാറും.പണപ്പിരിവ് അനസ്യൂതം തുടരും.
നൂറു ശതമാനം വിജയമെന്ന മേനി നടിക്കാൻ കൂടുതൽ കുട്ടികളെ വിജയിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പ്, റിസൾട്ട് പ്രഖ്യാപിക്കും മുമ്പ് പരിശോധിക്കേണ്ട ചില കാര്യങ്ങളുണ്ട്.വിജയിച്ച് പോകുന്ന കുട്ടികൾക്ക് പഠിക്കാൻ ഹയർ സെക്കണ്ടറിയിൽ സീറ്റുകളുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടത്.അവരെ പഠിപ്പിക്കാൻ അധ്യാപകരും ആവശ്യത്തിന് കെട്ടിടങ്ങളുമുണ്ടോ എന്നും നോക്കണം.ഇതൊന്നും പരിശോധിക്കാതെ കുട്ടികളെ ജയിപ്പിച്ച് വിട്ട്, ബാക്കി കാര്യങ്ങൾ മാനേജ്മെന്റുകൾ നോക്കിക്കൊള്ളും എന്നു കരുതി പുറംതിരിഞ്ഞ് നിൽക്കുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണം. ഇത്തരം സൗകര്യങ്ങൾ ഒരുക്കാൻ കഴിയില്ലെങ്കിൽ ഇത്രയധികം കുട്ടികളെ വിജയിപ്പിക്കരുത്.പൊതുവിദ്യാലയങ്ങളിൽ അതാത് കാലങ്ങളിൽ ലഭ്യമായ സീറ്റുകൾക്കനുസരിച്ചാകണം വിജയ ശതമാനം.സീറ്റില്ലെങ്കിൽ അത് കൂട്ടണം, അല്ലെങ്കിൽ എല്ലാവരെയും വിജയിപ്പിക്കുന്ന ഏർപ്പാട് നിർത്തണം.യോഗ്യത നേടാത്ത കുട്ടികൾ അടുത്ത വർഷം എഴുതി ജയിക്കണം.അല്ലാതെ എല്ലാവരെയും ജയിപ്പിച്ച് വിദ്യാഭ്യാസ കച്ചവടത്തിന് കൂട്ടുനിൽക്കുകയല്ല സർക്കാർ ചെയ്യേണ്ടത്.ഉത്തരം എഴുതിയാലും എഴുതിയില്ലെങ്കിലും ജയിക്കുമെന്ന വിശ്വാസം കുട്ടികളിൽ നിന്ന് മാറ്റണം.പഠിച്ചാൽ മാത്രമേ ജയിക്കൂ എന്ന വരുമ്പോൾ പഠിക്കാനുള്ള താൽപര്യം കുട്ടികളിലുമുണ്ടാകും.






