സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് രാജീവ് രവിയും മഞ്ജു വാര്യരും പിന്മാറി

തിരുവനന്തപുരം- സിനിമാ നയം തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയില്‍ നിന്ന് സംവിധായകന്‍ രാജീവ് രവിയും നടി മഞ്ജു വാര്യരും പിന്മാറി. അംഗങ്ങളാകാന്‍ അസൗകര്യമുണ്ടെന്ന് ഇരുവരും സര്‍ക്കാരിനെ അറിയിച്ചു. ചര്‍ച്ചകള്‍ നടത്താതെയാണ് സമിതിയെ നിയോഗിച്ചതെന്ന് ഡബ്ല്യു.സി.സിയും ഫിലിം ചേംബറും വിമര്‍ശിച്ചിരുന്നു. ഈ പശ്ചാതലത്തിലാണ് രാജീവ് രവിയുടേയും മഞ്ജു വാര്യരുടേയും പിന്മാറ്റം. 

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനില്‍ നിന്നുള്ള ഷാജി എന്‍. കരുണാണ് സമിതിയുടെ ചെയര്‍മാന്‍. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, നിര്‍മാതാവ് സന്തോഷ് ടി. കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, നടനും എം. എല്‍. എയുമായ മുകേഷ്, അഭിനേതാക്കളായ പത്മപ്രിയ, നിഖില വിമല്‍ തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍.

സിനിമാ സംഘടകളുമായി കൂടിയാലോചിക്കാതെയാണ് ചെയര്‍മാന്‍ കമ്മിറ്റി രൂപീകരിച്ചിതെന്നാണ് ഫിലിം ചേംബര്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ഭാരവാഹികള്‍ സംസ്ഥാന സര്‍ക്കാരിനു കത്ത് നല്‍കിയിട്ടുണ്ട്. ഏകപക്ഷീയമായി രൂപീകരിച്ച കമ്മിറ്റിക്ക് ജോലി സ്ഥലത്ത് വേരൂന്നിയ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരം വാഗ്ദാനം ചെയ്യാന്‍ സാധിക്കില്ലെന്ന് ഡബ്ല്യു. സി. സിയും അഭിപ്രായപ്പെട്ടിരുന്നു.

Latest News