ഒടുവില്‍ കണ്ടെത്തി, ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന്

കോഴിക്കോട് - അടിവാരം സ്വദേശിനി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ശസ്ത്രകിയക്കിടെയാണെന്ന് ഒടുവില്‍ കണ്ടെത്തി. വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് താന്‍ ഇത്രയും കാലം അനുഭവിച്ച കഠിനമായ വേദനയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സംഭവത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് ഹര്‍ഷിനയുടെ സമരം തുടരുന്നതിനിടിലാണ് ഉത്തരവാദികളെ പോലീസ് കണ്ടെത്തിയത്. കോഴിക്കോട് എസിപിയുടെ അന്വേഷണത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്നാണ് കണ്ടെത്തിയത്.  2017 ഫെബ്രുവരിയില്‍ കൊല്ലത്ത് വെച്ചെടുത്ത എം ആര്‍ ഐ സ്‌കാനില്‍ ഹര്‍ഷിനയുടെ ശരീരത്തില്‍ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരെന്ന് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. മെഡിക്കല്‍ കോളേജിലെ മാതൃ - ശിശു സംരക്ഷണ കേന്ദ്രത്തില്‍ നടത്തിയ മൂന്നാമത്തെ പ്രസവത്തിലാണ് ഹര്‍ഷിനയുടെ ശരീരത്തില്‍ കത്രിക കുടുങ്ങിയത്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഡി എം ഒയ്ക്ക് കൈമാറി. തുടര്‍ നടപടികള്‍ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിക്കും.
2017 നവംബര്‍ 30 പ്രസവ ശസ്ത്രക്രിയ നടന്നതിന്  മൂത്ര സഞ്ചിയില്‍ കുത്തി നില്‍ക്കുന്ന നിലയിലാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. അഞ്ച് വര്‍ഷത്തോളം ഹര്‍ഷിനയ്ക്ക് കഠിന വേദന അനുഭവിക്കേണ്ടി വന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിംഗിലാണ് മൂത്രസഞ്ചിയില്‍ കത്രിക കുത്തി നില്‍ക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഹര്‍ഷിന നടത്തി വരുന്ന സമരത്തിന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

Latest News