ഉരുള്‍പൊട്ടലില്‍ കാണാതായ 78 പേരെ അഞ്ചു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല, തെരച്ചില്‍ നിര്‍ത്തി

മുംബൈ - മഹാരാഷ്ട്രയിലെ റായ്ഗഡിലെ വിദൂര ഗ്രാമമായ ഇര്‍ഷല്‍വാഡിയില്‍ അഞ്ചു ദിവസം മുന്‍പുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ 78 പേരെ ഇനിയും കണ്ടെത്തനായില്ല. ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തല്‍ക്കാലം നിര്‍ത്തിയിരിക്കുകയാണ്. 27 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളായി കണ്ടെടുത്തിരുന്നു.  ഇതിന് പുറമെയാണ് 78 പേരെ കാണാതായിട്ടുള്ളത്. രക്ഷാപ്രവര്‍ത്തകരും സംസ്ഥാന സര്‍ക്കാരും ഗ്രാമവാസികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തെരച്ചില്‍ നിര്‍ത്താന്‍ തീരുമാനമായത്. കണ്ടെടുത്ത മൃതദേഹങ്ങള്‍ പലതും അഴുകിയ നിലയിലായിരുന്നു. കോട്ടയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഇര്‍ഷല്‍വാഡി ഗ്രാമത്തില്‍ ജൂലൈ 19 നാണ് കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായത്. വളരെ വിദൂര ഗ്രാമമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ട്രെക്കിംഗ് നടത്തിയാണ് ഇവിടെ എത്തിയത്. മഴ ഇപ്പോഴും തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ഇര്‍ഷല്‍വാഡിയിലെ മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

 

Latest News