തിരുവനന്തപുരം - പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ചർച്ച നടന്നിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച മാധ്യമപരാമർശത്തിൽ വിശദീകരണമെന്നോണം വ്യക്തത വരുത്തിയുള്ള കുറിപ്പിലാണ് കെ.പി.സി.സി പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.
'തന്നെ പരാമർശിച്ച് ചില വാർത്തകൾ വരുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും അത് തീർത്തും തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥി ആരാണ് എന്ന ചോദ്യം മാധ്യമങ്ങളിൽ നിന്നുണ്ടായി. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് ആകുമോ സ്ഥാനാർത്ഥി എന്ന ചോദ്യത്തിന് അതും പരിഗണിക്കും എന്നാണ് താൻ ഉദ്ദേശിച്ചത്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്നാണ് സ്ഥാനാർത്ഥി എന്ന് പറയുകയായിരുന്നില്ല. സ്ഥാനാർത്ഥിയെ തീരുമാനിക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്. സ്ഥാനാർത്ഥി ആര് എന്നതിൽ ഒരു തർക്കവും പാർട്ടിയിൽ ഉണ്ടാകില്ല എന്നാണ് താൻ വ്യക്തമാക്കിയത്. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് ഒരു ചർച്ചയും പാർട്ടിയിൽ നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ മാധ്യമങ്ങൾ നല്കരുതെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.