ജനനായകനോടൊപ്പം: ചില സ്മരണകളിലൂടെ

ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിനെക്കുറിച്ച് എഴുതണം എന്ന് ഇന്നലെ തന്നെ തോന്നിയിരുന്നെങ്കിലും എന്തോ എഴുതാൻ ഒന്നും വരാത്ത പോലെ ആയിരുന്നു ഇന്നലെ മുതൽ. എന്തായാലും കേരള ജനതയുടെ വികാരമായ, ചിലർക്ക് കുഞ്ഞൂഞ്ഞും ചിലർക്ക് ഉമ്മൻ ചാണ്ടി സാറും ചിലർക്ക് ഓസിയും ഒക്കെയായ ആ മഹാനെക്കുറിച്ചുള്ള എന്റെ സ്മരണകൾ ഇന്നെങ്കിലും പങ്കു വെക്കുന്നത് അദ്ദേഹത്തിന് കൊടുക്കുന്ന ആദരാഞ്ജലി ആയിരിക്കും എന്ന് മനസ്സ് പറഞ്ഞതുകൊണ്ട് ചില കാര്യങ്ങൾ കുറിക്കുന്നു.

കേരള രാഷ്ട്രീയത്തെക്കുറിച്ച് പഠിച്ച് തുടങ്ങിയ കാലം മുതൽക്കേ ഉമ്മൻ ചാണ്ടി എന്ന നേതാവിനെക്കുറിച്ച് അറിഞ്ഞിരുന്നു. പക്ഷേ, പരിചയപ്പെടാനൊന്നും പറ്റിയിരുന്നില്ല. കലാലയ രാഷ്ട്രീയത്തിൽ ആക്റ്റീവ് ആയിരുന്ന കാലത്തും അതിന് സാധിച്ചിരുന്നില്ല. പിന്നീട് രാഷ്ട്രീയത്തിൽ നിന്ന് ഇരുപതോളം വർഷങ്ങൾ വിട്ടുനിന്ന ശേഷം ഫേസ് ബൂക്കിലൂടെ രാഷ്ട്രീയം തുടങ്ങിയ 2010 ൽ ഉമ്മൻ ചാണ്ടി ആയിരുന്നു കേരള രാഷ്ട്രീയത്തിലെ താരം. 2011  ൽ അദ്ദേഹം മുഖ്യമന്ത്രിയുമായി.

(എന്റെ ഭാര്യാപിതാവ് ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഒരോർമ പങ്കുവെച്ചത് എനിക്കോർമയുണ്ട്. അദ്ദേഹം പൊളിടെക്‌നിക്കിൽ പഠിക്കുന്ന സമയത്ത് അവിടെ കെ.എസ്.യു പ്രവർത്തനത്തിന് വന്ന ഉമ്മൻ ചാണ്ടി ന്യൂസ് പേപ്പർ വിരിച്ചുകൊണ്ട് നിലത്ത് കിടന്നുറങ്ങിയ കാലം അദ്ദേഹം ഇടക്കിടക്ക് ഓർത്ത് പറയാറുണ്ടായിരുന്നു.)

ആദ്യമായി പരിചയപ്പെടുന്നത് ഫേസ് ബുക്കിൽ കോൺഗ്രസിന് വേണ്ടി ശബ്ദിക്കുന്നവരുടെ ആദ്യത്തെ കൂട്ടായ്മയായ ഐ.എൻ.സി.എഫ്.ബി യൂനിറ്റ് 2014  ഓണാഘോഷം കോട്ടയത്ത് വെച്ച് നടത്തിയപ്പോഴാണ്. മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി സാറായിരുന്നു ഉദ്ഘാടകൻ. അന്ന് അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചത് ഞാനായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് പരിചയപ്പെട്ടു. പക്ഷേ, ഞാൻ പേര് പറയുമ്പോഴേക്കും അദ്ദേഹത്തെ പൊതിഞ്ഞ് വളരെയധികം ആളുകൾ പരാതികളും നിവേദനങ്ങളും ആവലാതികളുമായി കൂടിയിരുന്നു. അവിടെ എന്റെ പരിചയപ്പെടുത്തലിന് ഒരു പ്രസക്തിയുമില്ല എന്ന് മനസ്സിലാക്കിയ ഞാൻ കൂടുതലൊന്നും പറയാൻ നിൽക്കാതെ പിന്മാറി.

സോളാർ എന്ന പേരും പറഞ്ഞ് അദ്ദേഹത്തെ വ്യക്തിപരമായി മാധ്യമങ്ങളും പ്രതിപക്ഷവും ആക്രമിക്കുന്നത് കണ്ടപ്പോഴാണ് മനസ്സ് വേദനിച്ചത്. കാരണം എന്നും ജനങ്ങളുടെ ഇടയിൽ കഴിയുന്ന അദ്ദേഹത്തെ ഇങ്ങനെ വേദനിപ്പിക്കുന്നത് ശരിയല്ല എന്ന അഭിപ്രായമായിരുന്നു ലക്ഷക്കണക്കിനാളുകളെയെന്ന പോലെ എനിക്കും. അദ്ദേഹത്തെ വ്യക്തിപരമായി അവഹേളിക്കുന്നത് കൂടാതെ കുടുംബാംഗങ്ങളെപ്പോലും വെറുതെ വിട്ടില്ല; എന്നിട്ടും ആ ആരോപണങ്ങളെയെല്ലാം അദ്ദേഹം കേവലം ഒരു പുഞ്ചിരിയോടെ നേരിട്ടു. അദ്ദേഹത്തെ കല്ലെറിഞ്ഞ ആളോട് അദ്ദേഹം ക്ഷമിച്ചു എന്നതെല്ലാം അദ്ദേഹത്തോട് എനിക്കുള്ള മതിപ്പ് വർധിപ്പിച്ചു.
2017 മെയ് മാസത്തിലാണ് അദ്ദേഹം ജിദ്ദ സന്ദർശിച്ചത്. അന്ന് ഞാൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ആയിരുന്നു. ജിദ്ദയിലെ മലയാളി സമൂഹം മുഴുവൻ അദ്ദേഹത്തെ വരവേൽക്കാൻ വേണ്ടി കാത്തിരിക്കുന്ന സമയം. അദ്ദേഹം വരാൻ കേവലം രണ്ടു ദിവസം മാത്രമുള്ളപ്പോൾ ഒ.ഐ.സി.സി ജിദ്ദ പ്രസിഡന്റ് കെ.ടി.എ മുനീർ എന്നെ ഫോണിൽ വിളിച്ചു: 'ഉമ്മൻ ചാണ്ടി സാർ ഇവിടെ വരുമ്പോൾ നിങ്ങളാണ് ഡ്രൈവർ; അതുകൊണ്ട് നിങ്ങൾ വണ്ടിയുമായി നേരെ എയർപോർട്ടിലേക്ക് വരണം' എന്ന് പറഞ്ഞത് എന്നെ അത്ഭുതസ്തബ്ധനാക്കി. ഉമ്മൻ ചാണ്ടി സാറുമായി പരിചയമുള്ളവരും എന്നെക്കാൾ പ്രാധാന്യമുള്ള നേതാക്കളും എന്റെ കാറിനേക്കാൾ നല്ല കാറുകൾ ഉള്ളവരും വേറെ ഇഷ്ടം പോലെ ഉള്ളപ്പോൾ എന്നോട് പറഞ്ഞതെന്തിനാണ് എന്ന് മനസ്സിലായില്ലെങ്കിലും ജനനായകന്റെ സാരഥി ആവാൻ കിട്ടിയ അവസരത്തിൽ സന്തോഷം പ്രകടിപ്പിച്ചു. മെയ് ഇരുപതാം തീയതി രാവിലെ മുതൽ അദ്ദേഹത്തോടൊപ്പം കഴിഞ്ഞ ആ സന്ദർഭത്തിലാണ് ആ ജനനായകനെ നേരിട്ട് മനസ്സിലാക്കിയത്. ഒരു ചുളിഞ്ഞ ഖദർ ഷർട്ടും മുണ്ടും ധരിച്ചുകൊണ്ട് ഒരു ഹവായ് പോലത്തെ ചെരിപ്പും ഇട്ടു കൊണ്ട് ഉമ്മൻ ചാണ്ടി കാറിലേക്ക് കയറി. കയറാൻ തന്നെ വളരെയധികം പണിപ്പെട്ടിട്ടുണ്ടായിരുന്നു. എയർ പോർട്ടിലേക്ക് വന്ന പ്രവർത്തകരുടെ തള്ളിക്കയറ്റം അത്ര അധികമായിരുന്നു. കൈയിൽ ഒരു കെട്ട് അപേക്ഷകളും പരാതികളും ഒക്കെയായാണ് അദ്ദേഹം കാറിൽ കയറുന്നത് തന്നെ. കയറിയ ആ സമയം മുതൽ അദ്ദേഹത്തിന് വരുന്ന ഫോൺ കാളുകൾ അധികവും നാട്ടിൽ നിന്നായിരുന്നു. അതും എന്തെങ്കിലുമൊക്കെ പ്രശ്‌നം പറഞ്ഞ് അദ്ദേഹത്തെ വിളിക്കുന്നവർ. വിളിക്കുന്നവരെ ഒട്ടും നിരാശരാക്കാതെ, ഓരോന്നിനും കൃത്യമായ പരിഹാരം കാണാനും അദ്ദേഹം മെനക്കട്ടു എന്നത് എന്നെ സത്യത്തിൽ അത്ഭുതപ്പെടുത്തി. ഒ.ഐ.സി.സി നേതാവ് ഷെരീഫ് കുഞ്ഞുവാണ് എന്നെ പരിചയപ്പെടുത്തിയത്. ജിദ്ദ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ആണ്; ഇവിടെ നടക്കുന്ന ഇന്ത്യൻ സമൂഹത്തിലെ ഏക തെരഞ്ഞെടുപ്പ് സ്‌കൂൾ തെരഞ്ഞെടുപ്പാണ്; അതിൽ വിജയിച്ച ആളാണ് എന്നെല്ലാം പറഞ്ഞാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. പിന്നീട് സമയം കിട്ടുമ്പോഴെല്ലാം സ്‌കൂളിനെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കാൻ അദ്ദേഹം ശ്രദ്ധ കാണിച്ചു. എനിക്ക് തോന്നുന്നത് ഇവിടെ ഉള്ള ഓരോ ഒ.ഐ.സി.സി പ്രവർത്തകനും അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട് എന്നാണ്. ചിലർ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ചിലർ അദ്ദേഹത്തെ ഉമ്മ വെച്ചു. എല്ലാം ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം സ്വീകരിച്ചു. അർധരാത്രി അദ്ദേഹത്തെ എയർ പോർട്ടിലേക്ക് യാത്രയയക്കാൻ പോയപ്പോൾ ഉണ്ടായ ഒരു സംഭവം വളരെ ഹൃദയസ്പർശി ആയിരുന്നു. ഞാൻ അദ്ദേഹത്തെ എയർപോർട്ടിന്റെ പ്രവേശന കവാടത്തിൽ ഇറക്കിയ ശേഷം പാർക്കിങ് ഏരിയയിൽ പോയി പാർക്ക് ചെയ്ത് മടങ്ങി വന്നപ്പോൾ അദ്ദേഹവും മറ്റുള്ളവരും ആരെയോ കാത്തു നിൽക്കുകയായിരുന്നു. 'സാറിനോടൊപ്പം ഒരു ഫോട്ടോ എടുക്കണം' എന്ന് പറഞ്ഞുകൊണ്ട് എയർപോർട്ടിൽ അന്നുണ്ടായിരുന്ന ഒരു സ്റ്റാഫ് യൂനിഫോം മാറി സാധാരണ ഡ്രസ്സിൽ വരാൻ വേണ്ടി പോയതായിരുന്നു. വളരെ ക്ഷമയോടെ അദ്ദേഹം അയാൾക്ക് വേണ്ടി കാത്തുനിന്നു. അയാൾ വന്നു ഫോട്ടോ എടുത്ത ശേഷമാണ് അദ്ദേഹം ബോർഡ് ചെയ്യാൻ വേണ്ടി പോയത്. ആ സംഭവത്തോടെ അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള അടുപ്പം എനിക്ക് കൃത്യമായി മനസ്സിലായി. അതിനിടയിൽ നാട്ടിൽ നിന്ന് വിളിച്ച പല കേസുകളും (ചികിത്സ/വീട്/തുടങ്ങി പല കേസുകളും) അദ്ദേഹം അപ്പപ്പോൾ അതിനെല്ലാമുള്ള പരിഹാര നിർദേശങ്ങൾ തുടർച്ചയായി നസ്‌കുന്നുണ്ടായിരുന്നു. (അദ്ദേഹം മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവ് പോലുമോ അല്ലാത്ത സമയമാണ്) ഇവിടെ ഉള്ള പലരും അവരുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പ്രശ്‌നങ്ങൾ അദ്ദേഹത്തോട് പറയുന്നുണ്ടായിരുന്നു. അതിനെല്ലാം അദ്ദേഹം തന്നാൽ കഴിയുന്ന വിധത്തിൽ പരിഹാരം കാണുന്നുമുണ്ടായിരുന്നു. മറ്റൊന്ന് ജനങ്ങളുടെ സാമീപ്യം അദ്ദേഹത്തിന് കൊടുക്കുന്ന ഊർജം എനിക്കുണ്ടാക്കിയ അത്ഭുതം ചില്ലറ അല്ലായിരുന്നു. അദ്ദേഹമല്ലാത്ത മറ്റെല്ലാവരും ക്ഷീണിച്ചിട്ടും അദ്ദേഹം ജനങ്ങളുമായി സംസാരിക്കുന്നത് പ്രസന്ന വദനനായിട്ടായിരുന്നു എന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ആ സംഭവത്തോടെയാണ് എനിക്ക് അദ്ദേഹത്തോട് ബഹുമാനം കൂടിയത്. പിന്നീട് തിരുവനന്തപുരം സന്ദർശിക്കുമ്പോഴെല്ലാം അദ്ദേഹത്തെ കാണാൻ പോകുമായിരുന്നു. അദ്ദേഹമാകട്ടെ, പണ്ട് കണ്ട പരിചയം വെച്ചുകൊണ്ട് തന്നെ സംസാരിക്കുകയും ചെയ്യുമായിരുന്നു. 'സൗദിയിൽ നിന്ന് എപ്പോഴാണ് വന്നത്? സ്‌കൂൾ എങ്ങനെ പോകുന്നു' എന്ന ചോദ്യങ്ങൾ സാധാരണയായിരുന്നു. സ്‌കൂൾ മാനേജ്മെന്റ് കാലഘട്ടം കഴിഞ്ഞ സമയത്ത് ഞാൻ പറഞ്ഞു, 'ഞങ്ങളുടെ കാലാവധി കഴിഞ്ഞു. ഇപ്പോൾ പുതിയ കമ്മിറ്റിയാണ്.' അതിന് ശേഷവും സ്‌കൂളിന്റെ കാര്യം അദ്ദേഹം ചോദിക്കുമായിരുന്നു. 2018 ലെ പ്ലീനറി സെഷൻ സമയത്ത് പരിചയം പുതുക്കാൻ ചെന്ന എന്നെ കൂടെ ഉള്ള ഏതോ ഒരു നേതാവിനോട് അദ്ദേഹം പരിചയപ്പെടുത്തിയത് തന്നെ ഇപ്രകാരമായിരുന്നു 'സൗദിയിലെ ഇന്ത്യൻ സമൂഹം വോട്ട് ചെയ്ത് സ്‌കൂൾ ചെയർമാൻ ആക്കിയ ആളാണ്' അപ്പോൾ 'ഇത്ര വിശദീകരിച്ച് പറയണോ സാർ' എന്ന് ചോദിച്ച എന്നോട് അദ്ദേഹം പറഞ്ഞത് 'ജനങ്ങളുടെ പിന്തുണ ഉണ്ട് എന്നത് ഒരു പൊതുപ്രവർത്തകന്റെ ഊർജമല്ലെ. അതഴകൊണ്ട് അങ്ങനെ തന്നെ പറയേണ്ടതുണ്ട്. അത് ഒരു ക്രെഡിറ്റ് ആണ്' എന്നായിരുന്നു. അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ അദ്ദേഹത്തെ കാണാൻ തിരുവനന്തപുരത്തെത്തിയ ഞാൻ ശ്രമിച്ചു. 'വിശ്രമത്തിലാണ്. സന്ദർശകരെ ഒഴിവാക്കുകയാണ്' എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട പലരും എന്നോട് പറഞ്ഞത്. പക്ഷേ, എ.ഐ.പി.സി സംസ്ഥാന സെക്രട്ടറി സുധീർ മോഹൻ അദ്ദേഹത്തിന്റെ മകനുമായി ബന്ധപ്പെടുകയും തുടർന്ന് ഞങ്ങൾ രണ്ടു പേരും കൂടി അദ്ദേഹത്തെ കാണാൻ പോകുകയും ചെയ്തു. വിശ്രമത്തിലാണ്, സന്ദർശകരെ ഒഴിവാക്കുകയാണ് എന്നെല്ലാം പലരും പറഞ്ഞിട്ടുണ്ടെങ്കിലും ജഗതിയിലെ അദ്ദേഹത്തിന്റെ പുതുപ്പള്ളി ഹൗസിൽ അന്ന് ആളുകൾ നിറഞ്ഞു കവിഞ്ഞിരുന്നു. തലയെടുപ്പുള്ളത് കാരണം അദ്ദേഹം ദൂരെ നിന്ന് എന്നെ കാണുകയും വരാൻ വേണ്ടി ആംഗ്യം കാണിക്കുകയും ജനങ്ങൾക്കിടയിലൂടെ അദ്ദേഹത്തെ പോയി കാണുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. 'എനിക്ക് പ്രശ്‌നമൊന്നുമില്ല. ഞാൻ ഓക്കേ ആണ്' എന്ന് പറഞ്ഞ അദ്ദേഹം ഞങ്ങളുടെ സുഖവിവരങ്ങൾ അന്വേഷിക്കാനാണ് സമയം ചെലവാക്കിയത്.

ഇലക്ഷൻ സമയത്താണ് ഏറ്റവും അവസാനമായി കണ്ടത് എന്ന് തോന്നുന്നു. റഷീദ് കൊളത്തറയുടെ വീട്ടിൽ പ്രാതലിന് വന്ന അദ്ദേഹത്തോട് ഞാൻ - കോവിഡ് കാലം ആയത് കൊണ്ട് - 'സാറേ മാസ്‌ക് പോക്കറ്റിൽ കൊണ്ടു നടക്കാനുള്ളതല്ല, മാസ്‌ക് ധരിക്കേണ്ടതുണ്ട്' എന്ന് പറഞ്ഞ എന്നോട് 'തനിക്കറിയാൻ മേലാഞ്ഞിട്ടാ.. മാസ്‌ക് ധരിച്ചാൽ ശ്വാസം കിട്ടത്തില്ല' എന്നാണ് മറുപടി പറഞ്ഞത്.

അസുഖം കൂടുതലായതഴകൊണ്ട് സന്ദർശകരെ ഒഴിവാക്കുകയാണ് എന്ന് പറഞ്ഞതഴകൊണ്ട് മാത്രം പിന്നീട് കാണാൻ ശ്രമിച്ചില്ല. പക്ഷെ, ഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ അദ്ദേഹത്തിന്റെ കട്ട ഫാനായ രാജേഷ് അച്ചാറമ്പത്തിനോട് 'നമുക്ക് ഒന്ന് ബാംഗ്ലൂരിൽ പോയി സാറിനെ കണ്ടാലോ' എന്ന് ചോദിച്ചതായിരുന്നു. പക്ഷെ സമയം ഒത്തുവന്നില്ല. അല്ലെങ്കിൽ ദൈവത്തിന്റെ കളി ആയിരിക്കാം. നാട്ടിൽ നിന്ന് വന്ന് രണ്ട് ദിവസം കഴിഞ്ഞതോടെ സുഖമില്ലാത്ത ആ വാർത്തയാണ് കേട്ടത്..
ജനങ്ങൾക്കിടയിൽ, ജനങ്ങളിൽ ഒരുവനായി, ജനങ്ങൾക്ക് വേണ്ടി ജീവിച്ച ഒരു മനുഷ്യൻ.. ജനാധിപത്യത്തിന്റെ ജീവിക്കുന്ന പ്രതീകം അതായിരുന്നു ഉമ്മൻ ചാണ്ടി. മറക്കില്ലൊരിക്കലും. സ്മരിക്കുമ്പോഴെല്ലാം വേദന ഉണ്ടെന്നിരിക്കിലും.. .. നമ്മുടെയെല്ലാം കുടുംബത്തിൽ വേണ്ടപ്പെട്ട ഒരാൾ മരിച്ചാലുണ്ടാകുന്ന അതേ വേദനയോടെ...

(കെ.പി.സി.സി-ഡി.എം.സി മിഡിൽ ഈസ്റ്റ് ചാപ്റ്ററിന്റെ മുൻ കൺവീനറും ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാനുമാണ് ലേഖകൻ)

Latest News