2002 നു ശേഷം വിംബിൾഡൺ നേടാൻ നോവക്, ഫെദരർ, നദാൽ, ആൻഡി മറെ എന്നിവരല്ലാത്ത ഒരാൾക്കേ സാധിച്ചിട്ടുള്ളൂ, അൽകാരസിന്. 21 തികയും മുമ്പെ രണ്ട് ഗ്രാന്റ്സ്ലാമുകൾ സ്വന്തമാക്കാൻ അധികമാർക്കും സാധിച്ചിട്ടില്ല...
പ്രതിഭകളെക്കുറിച്ച് നോവക് ജോകോവിച്ചിന് ആവശ്യത്തിലേറെ അറിയാം. മികച്ച കളിക്കാർക്കെതിരെ വമ്പൻ മത്സരങ്ങളിൽ എങ്ങനെ കളിക്കണമെന്നതിനെക്കുറിച്ചും നോവക്കിനെ ആരും പഠിപ്പിക്കേണ്ടതില്ല. 35 തവണയാണ് സെർബിയക്കാരൻ ഗ്രാന്റ്സ്ലാം ടെന്നിസിന്റെ ഫൈനലുകളിൽ കളിച്ചത്. അതിൽ ഇരുപത്തിമൂന്നും ജയിച്ചു. റോജർ ഫെദരറെയും റഫായേൽ നദാലിനെയും 109 തവണ നോവക് നേരിട്ടിട്ടുണ്ട്. രണ്ടു പേർക്കെതിരെയും മികച്ച റെക്കോർഡുണ്ട്. ഗ്രാന്റ്സ്ലാമുകളുടെ ഫൈനലുകളിൽ ഇവരെ 14 തവണ നേരിട്ടതിൽ ഒമ്പത് പ്രാവശ്യവും നോവക്കാണ് ജയിച്ചത്.
സ്വാഭാവികമായും നോവക്കിനോടാണ് ചോദിക്കേണ്ടത്, പുതിയ വിംബിൾഡൺ ചാമ്പ്യൻ കാർലോസ് അൽകാരസിനെ ആരുമായാണ് താരതമ്യം ചെയ്യാനാവുകയെന്ന്. നാടകീയത നിറഞ്ഞ നാലര മണിക്കൂർ പോരാട്ടത്തിനൊടുവിലാണ് വിംബിൾഡൺ ഫൈനലിൽ നോവക്കിനെ അഞ്ചു സെറ്റിൽ അൽകാരസ് തോൽപിച്ചത്.
കഴിഞ്ഞ 12 മാസമായി അൽകാരസിന്റെ കളിയെ പലരും വിലയിരുത്തുന്നുണ്ട്, റോജറിന്റെയും റഫയുടെയും എന്റെയും കളികളിലെ പലതും ഇഴചേർന്നതാണ് അയാളുടെ ശൈലിയെന്ന് വിലയിരുത്തുന്നുണ്ട്. എനിക്കു തോന്നുന്നത് ഞങ്ങളുടെ മൂന്നു പേരുടെയും മികച്ച എല്ലാ ഘടകങ്ങളും അയാളുടെ കളിയിൽ ഉൾചേർന്നിരിക്കുന്നു എന്നാണ് -ഫൈനലിൽ 1-6, 7-6 (8-6), 6-1, 3-6, 6-4 ന് തോറ്റ ശേഷമുള്ള അഭിമുഖത്തിൽ നോവക് തുടങ്ങിയത് ഇങ്ങനെയാണ്. കഴിഞ്ഞ നാലു വർഷമായി ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ നോവക്കിനെ തോൽപിക്കാൻ ആർക്കും സാധിച്ചിരുന്നില്ല.
അൽകാരസിന്റെ ശൈലിക്ക് ഇതിനേക്കാൾ മെച്ചപ്പെട്ട അംഗീകാരം ലഭിക്കാനില്ല. 21 തികയും മുമ്പെ രണ്ട് ഗ്രാന്റ്സ്ലാമുകൾ സ്വന്തമാക്കാൻ അധികമാർക്കും സാധിച്ചിട്ടില്ല. മുമ്പ് നാലു പേർക്ക് മാത്രം കഴിഞ്ഞ കാര്യമാണ് അത്. നിലവിലെ യു.എസ് ഓപൺ ചാമ്പ്യനാണ് അൽകാരസ്.
നോവക് കൂടുതൽ വിശദാംശങ്ങളിലേക്ക് നീങ്ങി: അയാളുടെ സ്ലൈഡിംഗ് ബാക്ക് ഹാന്റ് മനോഹരമാണ്. എന്റെ ബാക്ക് ഹാന്റുമായി ഏറെ സാമ്യമുണ്ട്. രണ്ട് കൈയും കൊണ്ടുള്ള ബാക്ക് ഹാന്റുകൾ, പ്രതിരോധം, പെട്ടെന്ന് പൊരുത്തപ്പെടാനുള്ള കഴിവ്... വർഷങ്ങളായി ഇതൊക്കെയായിരുന്നു എന്റെ കരുത്ത്. അതൊക്കെ അയാൾക്കുമുണ്ട് ....
പത്രസമ്മേളനത്തിൽ നോവക്കിന്റെ അഭിപ്രായം മാധ്യമ പ്രവർത്തകർ അറിയിച്ചപ്പോൾ പതിവ് ബക്കറ്റ് ഹാറ്റിനു കീഴെ അൽകാരസിന്റെ കണ്ണുകൾ തിളങ്ങി, മുഖം ചുവന്നു. സ്വയം എങ്ങനെ വിശേഷിപ്പിക്കുന്നു എന്ന് മാധ്യമ പ്രവർത്തകർ അൽകാരസിനോട് ചോദിച്ചു.
നോവക്കിന്റെ അഭിപ്രായം സത്യം പറഞ്ഞാൽ വിശ്വസിക്കാനാവുന്നില്ല. എങ്കിലും അധികം പിഴവുകളില്ലാത്ത കളിക്കാരനെന്നാണ് ഞാൻ സ്വയം വിശ്വസിക്കുന്നത്. ഏതാണ്ടെല്ലാ ഷോട്ടുകളും എനിക്ക് കളിക്കാൻ കഴിയും, ശാരീരിക കരുത്തുണ്ട്, മാനസിക ദാർഢ്യമുണ്ട്. ഇത്തരം സാഹചര്യങ്ങൾ എളുപ്പം നേരിടാനുള്ള കഴിവുണ്ട്. ചിലപ്പോൾ നോവക് പറയുന്നത് ശരിയായിരിക്കാം. പക്ഷെ അതൊന്നും ചിന്തിച്ചു നിൽക്കാൻ സമയമില്ല. ഇപ്പോൾ തന്നെ തല ഫുള്ളാണ്. ചുരുക്കിപ്പറഞ്ഞാൽ, എല്ലാ കളിക്കാരുടെയും കരുത്തുറ്റ ഘടകങ്ങൾ എന്റെ കളിയിലുണ്ടെന്നു പറയാം -അൽകാരസ് തുടർന്നു.
പ്രതീക്ഷകൾക്കൊത്തുയരാൻ സാധിച്ചു എന്നതാണ് അൽകാരസിന്റെ ഏറ്റവും വലിയ ശക്തി. കരുത്തും വേഗവും മിന്നൽ പ്രതികരണവുമൊക്കെയുണ്ട് ആ കളിയിൽ. ഫോർഹാന്റുകൾ ചീറിപ്പായും. ഡ്രോപ്‌ഷോട്ടുകൾ അത്രയും സോഫ്റ്റാണ്. എല്ലാ മേഖലകളിലും ഫൈനലിൽ നോവക്കിനെ അൽകാരസ് കടത്തിവെട്ടി. ടൈബ്രേക്കറിൽ ഒരു പോയന്റിന് പിന്നിലായ ശേഷമാണ് തിരിച്ചുവന്നത്. മൂന്നാം സെറ്റിൽ 32 പോയന്റ് മാരത്തൺ ജയിച്ചു.
ഇതുപോലൊരു കളിക്കാരനെ ഇതുവരെ നേരിട്ടിട്ടില്ല, അതാണ് സത്യം - നോവക് പറഞ്ഞു. റോജറിനും റഫക്കും അവരുടേതായ കരുത്തും ദൗർബല്യങ്ങളുമുണ്ട്. എന്നാൽ കാർലോസ് പൂർണതയുള്ള കളിക്കാരനാണ്. എല്ലാ പ്രതലത്തിലും വിജയകരമായ നീണ്ട കരിയറിന് വേണ്ടത് എളുപ്പം ഇണങ്ങാനുള്ള ശക്തിയാണ്. അതയാൾക്ക് വേണ്ടതിലേറെയുണ്ട് -നോവക് വിശദീകരിച്ചു.
ആരും ചെയ്യാത്തത് ചെയ്യുന്നതാണ് ഗ്രെയ്റ്റ്‌നസ്. ഓഗസ്റ്റിൽ യു.എസ് ഓപണിൽ അൽകാരസ് തിരിച്ചെത്തും. 1990 ൽ പീറ്റ് സാംപ്രാസിനു ശേഷം റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യത്തെ ടീനേജർ എന്ന പദവി കഴിഞ്ഞ വർഷം സ്‌പെയിൻകാരൻ സ്വന്തമാക്കിയത് ഈ ടൂർണമെന്റ് ജയിച്ചതോടെയാണ്. 2005 ലെ ഫ്രഞ്ച് ഓപണിൽ നദാലിനു ശേഷം ഗ്രാന്റ്സ്ലാം ചാമ്പ്യനാവുന്ന ആദ്യ ടീനേജറെന്ന പദവിയും. 2002 നു ശേഷം വിംബിൾഡൺ നേടാൻ നോവക്, ഫെദരർ, നദാൽ, ആൻഡി മറെ എന്നിവരല്ലാത്ത ഒരാൾക്കേ സാധിച്ചിട്ടുള്ളൂ, അൽകാരസിന്.
വിംബിൾഡൺ ജയിച്ച ശേഷം നേരെ ഗാലറിയിലേക്ക് കയറിയ അൽകാരസ് പിതാവിനെയും കുടുംബാംഗങ്ങളെയും ആലിംഗനം ചെയ്തു. എനിക്ക് ഈ ഫോട്ടോ വേണം, എക്കാലവും സൂക്ഷിച്ചുവെക്കാൻ -ചാമ്പ്യൻ പറഞ്ഞു.