ന്യൂദല്‍ഹി- ദല്‍ഹിയിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കേന്ദ്ര ഓര്‍ഡിനന്‍സിനെതിരായ ഹരജി സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഓര്‍ഡിനന്‍സിന്റെ നിയമസാധുത ചോദ്യം ചെയ്ത് ദല്‍ഹി സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ആംആദ്മി സര്‍ക്കാരിന്റെ ഹരജി പരിഗണിച്ചത്. കേസ് വിശദമായ പരിശോധനയ്ക്കായി ഭരണഘടനാ ബെഞ്ചിന് വിടുകയാണെന്ന് കോടതി അറിയിച്ചു.
ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയ്ക്കു വേണ്ടി ഹരീഷ് സാല്‍വേയും ദല്‍ഹി സര്‍ക്കാരിനു വേണ്ടി മനു അഭിഷേക് സിങ്‌വിയുമാണ് കോടതിയില്‍ ഹാജരായത്. കേന്ദ്രസര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരായി.
ഹരജിയില്‍ സുപ്രീംകോടതി നേരത്തെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയച്ചിരുന്നു. ദല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും തീരുമാനിക്കാന്‍ പ്രത്യേക അതോറിറ്റി രൂപീകരിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു. ഈ വിധി മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.