ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര  ഇനിയും പുതുപ്പള്ളിയെത്തിയില്ല 

കോട്ടയം- ഇന്നലെ രാവിലെ തുരുവനന്തപുരത്ത് നിന്ന് പ്രയാണമാരംഭിച്ച ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയേയും കാത്ത് ഉറക്കമിളച്ച് കോട്ടയം നിവാസികള്‍. അല്‍പം മുമ്പ് ചങ്ങനാശ്ശേരിയിലെത്തിയപ്പോഴും വന്‍ ജനാവലി കാത്തിരിക്കുകയായിരുന്നു. പുതുപ്പള്ളിയില്‍ വിലാപ യാത്ര ഇതിനോടകം എത്തേണ്ടതായിരുന്നു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയില്‍ വഴി നീളെ അന്ത്യാഞ്ജലി അര്‍പ്പിച്ചത് ആയിരങ്ങളാണ്. ജനബാഹുല്യം കാരണം പലയിടത്തും വാഹനം നിര്‍ത്തേണ്ട അവസ്ഥ വന്നു. കൊട്ടാരക്കരയില്‍ ജനസാഗരമാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാനായി എത്തിയത്. പലപ്പോഴും നേതാക്കള്‍ക്ക് ജനങ്ങളോട് വഴിയൊരുക്കാനായി മാറി നില്‍ക്കാന്‍ പറയേണ്ടി വന്നു. വളരെ പാടുപെട്ടാണ് ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ച് കൊണ്ടുള്ള വിലാപയാത്ര കടന്ന് പോകുന്നത്. പോലീസുകാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത അത്രയും തിരക്കാണ് പലയിടത്തും അനുഭവപ്പെടുന്നത്. കേരളത്തിന്റെ പ്രിയങ്കരനായ കുഞ്ഞൂഞ്ഞിന് സംസ്ഥാനം സ്‌നേഹം പകുത്തു നല്‍കുന്ന ചടങ്ങാണ് എല്ലായിടത്തും ദൃശ്യമായത്.  
 

Latest News