തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മൻചാണ്ടിക്ക് ഇഷ്ടം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഏത് നേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളിലും അദ്ദേഹത്തെ ഉലയാതെ നിർത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ കോഴിക്കോട്ടെ ഗേൾസ് സ്കൂളിലെ ഒരു ചടങ്ങിൽ ഒരു ചെറിയ പെൺകുട്ടി ഉമ്മൻ ചാണ്ടീ എന്ന് നീട്ടി വിളിച്ചതും അവളുടെ ആവശ്യം കേട്ടറിയാൻ അദ്ദേഹം അടുത്തെത്തിയതും ഇന്ത്യയിലെ വിവിധ ഭാഷാ ചാനലുകളിൽ വരെ വാർത്തയായിരുന്നു. ജനസമ്പർക്ക പരിപാടി പുലരും വരെ നീണ്ടാലും പ്രസന്നവദനനായി ഇരുന്ന് കേൾക്കാൻ അദ്ദേഹം തയാറായിരുന്നു. ഒരിക്കൽ മലപ്പുറം കലക്ടറേറ്റിലെ പരിപാടി കഴിഞ്ഞത് രാത്രി. അടുത്ത ദിവസത്തേത് വയനാട്ടിൽ കൽപറ്റ കലക്ടറേറ്റിൽ. വിശ്രമിച്ചിട്ടാവും അടുത്ത യാത്രയെന്ന് കണക്കുകൂട്ടിയവർക്ക് തെറ്റി. എല്ലാവരും ഉറങ്ങുന്ന സമയത്ത് താമരശ്ശേരി ചുരം കയറി മുഖ്യമന്ത്രിയും സംഘവുമെത്തിയത് പുലർച്ചയ്ക്ക്. പതിവു തെറ്റിക്കാതെ ജനസമ്പർക്കം കൃത്യസമയത്തു തന്നെ തുടങ്ങി. മലയാളികൾക്ക് ഓർത്തുവെക്കാൻ അങ്ങിനെ എത്രയെത്ര സന്ദർഭങ്ങൾ?
ആമുഖം ആവശ്യമില്ലാത്ത കേരള രാഷ്ട്രീയത്തിലെ അതികായനാണ് ഉമ്മൻ ചാണ്ടി. ജനകീയതയുടെ പര്യായമായ ഉമ്മൻചാണ്ടിയെ രണ്ടു തവണ മുഖ്യമന്ത്രി പദത്തിൽ എത്തിച്ചതും ഈ സൗമ്യ മുഖമാണ്. കോട്ടയത്തെ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ തുടർച്ചയായ പതിനൊന്നു വിജയങ്ങൾ നേടിയ കുഞ്ഞൂഞ്ഞെന്ന ഓമനപ്പേരിൽ പുതുപ്പള്ളിക്കാർ വിളിക്കുന്ന ഉമ്മൻചാണ്ടി നിയമസഭാ പ്രവർത്തനത്തിൽ അരനൂറ്റാണ്ടിലേറെ പൂർത്തിയാക്കിയ നേതാവാണ്.
1970-ൽ, 27 ാം വയസ്സിൽ പുതുപ്പള്ളിയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്ന കോട്ടയം നഗരത്തോട് ചേർന്നു കിടക്കുന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ.എം. ജോർജിനെയാണ് പരാജയപ്പെടുത്തിയത്. പിന്നീട് ഇന്നുവരെ ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിൽ അജയ്യനായി തുടർന്നു.
1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. മുത്തച്ഛൻ വി.ജെ.ഉമ്മൻ തിരുവിതാംകൂറിലെ ആദ്യ നിയമസഭയായ ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായിരുന്നു. പുതുപ്പള്ളി എംഡി സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
സ്കൂൾ കാലത്ത് അഖിലകേരള ബാലജനസഖ്യത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. അക്കാലത്തു തന്നെ കെ.എസ്.യുവിലൂടെ സംഘടനാ പ്രവർത്തനമാരംഭിച്ചു. കെ.എസ്. യുവിന്റെ പ്രസിദ്ധമായ ഒരണ സമരകാലത്ത് സമരങ്ങൾക്കു നേതൃത്വം നൽകി. 1962 ൽ കെ.എസ്.യു കോട്ടയം ജില്ലാ സെക്രട്ടറിയായി. 65 ൽ സംസ്ഥാന ജനറൽ സെക്രട്ടറിയും 67 ൽ സംസ്ഥാന പ്രസിഡന്റുമായി. 69 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മൻചാണ്ടിക്ക് ഇഷ്ടം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഏത് നേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളിലും അദ്ദേഹത്തെ ഉലയാതെ നിർത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു.
എ.കെ.ആന്റണി മുഖ്യമന്ത്രി പദവി രാജിവച്ചപ്പോഴാണ് 2004 ഓഗസ്റ്റ് 31 ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി ചുമതലയേറ്റത്. ഇരുപത് മാസത്തെ ആ ഭരണത്തിൽ അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യം ഉയർത്തി വികസന കാര്യങ്ങളിൽ ശ്രദ്ധയർപ്പിക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം ശ്രമിച്ചു. അന്ന് തുടക്കമിടുകയും 2011 ൽ രണ്ടാംവട്ടം മുഖ്യമന്ത്രിയായി വന്നപ്പോൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്ത ജനസമ്പർക്ക പരിപാടിയിലൂടെ ലക്ഷക്കണക്കിനു ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു.
വിഴിഞ്ഞം പദ്ധതിയടക്കം കേരളത്തിന്റെ പുരോഗതിക്കു സഹായകമാകുന്ന പല വൻപദ്ധതികൾക്കും തുടക്കമിട്ടത് ഉമ്മൻചാണ്ടി സർക്കാരാണ്. 1995 ൽ തുടക്കമിട്ട പദ്ധതിയായിരുന്നെങ്കിലും വിവാദങ്ങളിലും പ്രശ്നങ്ങളിലും പെട്ട് മുടങ്ങിക്കിടന്നിരുന്ന വിഴിഞ്ഞം പദ്ധതിക്ക് വീണ്ടും പുതുജീവൻ വെക്കുന്നത് 2011 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി എത്തിയതോടെയാണ്. തുറമുഖ നിർമ്മാണത്തിനായി അദ്ദേഹം കേന്ദ്ര സർക്കാറിൽ തുടർച്ചയായി സമ്മർദ്ദം ചെലുത്തി. ഒടുവിൽ 2015 ൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം ആരംഭിച്ചു. പ്രതിപക്ഷമായ സിപിഎമ്മിൽ നിന്ന് മാത്രമല്ല സ്വന്തം പാർട്ടിയായ കോൺഗ്രസിൽ നിന്ന് വരെ അന്ന് ഉമ്മൻചാണ്ടിക്ക് എതിർപ്പ് നേരിടേണ്ടിവന്നിരുന്നു. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്റെ പണി തുടങ്ങാൻ കഴിഞ്ഞതും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാക്കാനായതും അദ്ദേഹത്തിന്റെ പ്രയത്നഫലം കൊണ്ടാണ്.
ഇപ്പോൾ കേരളത്തിന്റെ വികസന മുഖമുദ്രയായി മാറിയ കൊച്ചി മെട്രോ നിർമ്മാണത്തിന് തുടക്കമിട്ടത് ഉമ്മൻചാണ്ടിയായിരുന്നു. വിവാദങ്ങളിൽ കുരുങ്ങി നീണ്ടുപോയ മെട്രോ പദ്ധതിക്കായിരുന്നു 2012 ൽ തുടക്കമിട്ടത്. 2013 ൽ ഡിഎംആർസിക്ക് നിർമ്മാണ ചുതല നൽകിയെങ്കിലും ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ആദ്യഘട്ട സർവീസ് തുടങ്ങിയത് 2017 ലായിരുന്നു. അപ്പോഴേക്കും ഉമ്മൻചാണ്ടി അധികാരത്തിൽ നിന്നും ഇറങ്ങി പിണറായി വിജയൻ വന്നിരുന്നു.
1997 ലാണ് കണ്ണൂർ വിമാനത്താവളം പദ്ധതിക്കുള്ള ആലോചനകൾ തുടങ്ങിയത്. എന്നാൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നത് 2008 ൽ. എന്നാൽ പദ്ധതിയുടെ നിർമ്മാണം തുടങ്ങുന്നത് 2014 ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ്. 2016 ൽ എയർഫോഴ്സിന്റെ ആദ്യ വിമാനം പരീക്ഷണാർഥം വിമാനത്താവളത്തിലിറക്കി. പിന്നീട് പിണറായി വിജയന്റെ കാലത്ത് 2018 ഡിസംബറിൽ നിർമാണം പൂർത്തിയാക്കി ഔദ്യോഗിക സർവീസുകൾ തുടങ്ങി.
ജനങ്ങളാണ് തന്റെ പ്രഥമപരിഗണനയെന്ന് ആവർത്തിച്ചിരുന്നതിന്റെ പ്രത്യക്ഷ തെളിവായിരുന്നു മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആവിഷ്കരിച്ച ജനസമ്പർക്ക പരിപാടി. അതിനുള്ള അംഗീകാരമായി യുഎന്നിന്റെ പുരസ്കാരവുമെത്തി. 2004ൽ ആദ്യമായി മുഖ്യമന്ത്രിയായ ശേഷം ജനസമ്പർക്കം എന്ന ഒരു പരാതി പരിഹരണ മാർഗ്ഗം ഉമ്മൻ ചാണ്ടി നടപ്പിൽ വരുത്തി.ഓരോ സ്ഥലങ്ങളിൽ വിളിച്ചു ചേർക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി രാഷ്ട്രീയ ഭേദമെന്യെ ജനങ്ങളോട് നേരിട്ട് ഇടപെട്ട് അവരുടെ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരമാർഗ്ഗം ഉണ്ടാക്കുവാൻ അക്ഷീണം പരിശ്രമിച്ചു. മുഖ്യമന്ത്രിയായിരുന്ന 2004-2006, 2011-2016 വർഷങ്ങളിൽ ജനസമ്പർക്ക പരിപാടി അദ്ദേഹം വിജയകരമായി നടപ്പിലാക്കി. നിർദ്ധനരായ രോഗികൾക്ക് വലിയ ആശ്വാസമായി മാറിയ കാരുണ്യ പദ്ധതിയും ഉമ്മൻചാണ്ടി സർക്കാരിന്റെ സംഭാവനയാണ്. കേൾവിശക്തിയില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് കോക്ളിയർ ഇംപ്ളാന്റേഷൻ സൗജന്യമായി നടത്താൻ കൈക്കൊണ്ട ഒരൊറ്റ തീരുമാനം മതിയാകും ഉമ്മൻചാണ്ടിയെന്ന ജനസേവകന്റെ സിദ്ധി തിരിച്ചറിയാൻ. 2006 ജനുവരിയിൽ സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടന്ന 35-മത് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് ഒരു റെക്കോർഡിനും അർഹനായി. ചരിത്രത്തിൽ ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി ഇതിൽ സംബന്ധിക്കുന്നത്.
2011ൽ വെറും 72 അംഗങ്ങളുടെ ബലത്തിൽ അധികാരത്തിലെത്തിയപ്പോൾ മുന്നണി രാഷ്ട്രീയത്തിലെ എല്ലാം തികഞ്ഞ ഒരു കളരിയഭ്യാസിയെയും ഉമ്മൻചാണ്ടിയിൽ കണ്ടു. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാന ആവശ്യവും രമേശ് ചെന്നിത്തലയ്ക്ക് താക്കോൽ സ്ഥാനം നൽകണമെന്ന എൻഎസ്എസിന്റെ ആവശ്യവും അതിവിദഗ്ധമായി തന്നെ ഉമ്മൻചാണ്ടി മറികടന്നു. വലിയ വിവാദങ്ങളുയർത്തിയ സോളാർ കോഴക്കേസിലും പിന്നാലെ വന്ന ബാർ കോഴ കേസിലുമൊക്കെ ഉമ്മൻചാണ്ടി എന്ന കുശാഗ്രബുദ്ധിയുടെ മെയ് വഴക്കം മന്ത്രിസഭയെ പിടിച്ചു നിർത്തി. ഭരണപക്ഷത്തിലെ പ്രതിപക്ഷമായി മാറിയ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെ ബാർ വിഷയത്തിൽ മലർത്തിയടിച്ചതും അന്ന് കേരളം കണ്ടു. സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചുപൂട്ടിയായിരുന്നു ഉമ്മൻചാണ്ടി സുധീരന് മറുപടി നൽകിയത്.
എന്നും നായകസ്ഥാനത്തായിരുന്ന ഉമ്മൻചാണ്ടി പക്ഷെ സോളാർ വിവാദത്തിൽ പ്രതിനായകന്റെ വേഷമണിഞ്ഞു. ഒരു മന്ത്രിസഭ ഒന്നടങ്കം പ്രതിരോധത്തിലായ അന്ന് സോളാർ കമ്മീഷന് മുന്നിൽ 14 മണിക്കൂർ മൊഴി നൽകുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും കേരളം കണ്ടു. ഒടുവിൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി കനത്ത തോൽവി ഏറ്റുവാങ്ങിയതും പ്രതിപക്ഷ നേതാവാകാതെ മാറിനിന്നതും ചരിത്രം. ജനപിന്തുണയാണ് ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ എന്നും അനിഷേധ്യനായി നിലനിർത്തിയ ഘടകം. പലതവണ വിവാദങ്ങളിലകപ്പെട്ടപ്പോഴും മുന്നിൽ നിന്ന് എല്ലാത്തിനെയും നേരിട്ട ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയതന്ത്രങ്ങളുടെ മൂർച്ചയ്ക്ക് അവസാന ഘട്ടം വരെയും ഒരു കുറവും സംഭവിച്ചിരുന്നില്ലെന്നതാണ് സത്യം.






