ന്യൂഡൽഹി - ബെംഗളുരുവിൽ നടക്കുന്ന 26 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോൺഗ്രസും ഇടത് പാർട്ടികളും സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി പ്രവർത്തകരെ ബലി നല്കിയെന്നാണ് ബംഗാളിലെ സാഹചര്യം ഓർമിപ്പിച്ച് പ്രധാനമന്ത്രി മോഡി പറഞ്ഞത്. തമിഴ്‌നാട്ടിലെ ഡി.എം.കെ സർക്കാറിനെയും പ്രധാനമന്ത്രി വിമർശിച്ചു.
തമിഴ്‌നാട്ടിൽ നിന്നും നിരവധി അഴിമതി കേസുകളാണ് പുറത്ത് വരുന്നത്. എന്നാൽ, പ്രതിപക്ഷം ഇവർക്കെല്ലാം ഇപ്പോഴേ ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്. അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുന്ന പാർട്ടിയാണ് അവിടെ ഭരിക്കുന്നത്. പ്രതിപക്ഷ നേതാക്കൾ ഒരുമിച്ച് ഒരു ഫ്രെയിമിൽ വരുമ്പോൾ ജനങ്ങൾക്ക് ലക്ഷക്കണക്കിന് കോടികളുടെ അഴിമതിയാണ് ഓർമ വരുന്നത്. അഴിമതിക്കാരുടെ സമ്മേളനമാണിതെന്നും പ്രധാനമന്ത്രി പരിഹസിച്ചു.