Sorry, you need to enable JavaScript to visit this website.

37 വർഷത്തെ പ്രവാസം മതിയാക്കി  ഹബീബ് തറയിൽ നാടണഞ്ഞു

ഹബീബ് തറയിലിന് സുൽഫിക്കർ താമരത്ത് ഉപഹാരം നൽകുന്നു.

അറാർ- സൗദി അറേബ്യയുടെ വടക്കൻ അതിർത്തിയായ അറാറിലെ ആദ്യകാല പ്രവാസിയായ ഹബീബ് തറയിൽ 37 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. അറാറിന്റെ വളർച്ചയും യുദ്ധ ഭീതിയുമെല്ലാം നേരിൽ കാണുകയും അനുഭവിക്കുകയും ചെയ്ത ഹബീബ്, സന്തോഷവും സന്താപവും ഭയവും പ്രതീക്ഷകളുമെല്ലാം കലർന്ന സുദീർഘമായ അനുഭവങ്ങളുടെ കലവറയുമായാണ് തിരിച്ചുപോയത്. അറാറിൽ ഒരേയൊരു മലയാളി മാത്രം ഉണ്ടായിരുന്നപ്പോൾ ഇവിടെ എത്തിയ അദ്ദേഹം തിരിച്ചുപോകമ്പോൾ അറാർ മലയാളി സംഘം എന്ന സംഘട്‌യുടെ ഭാരവാഹി കൂടിയായിരുന്നു. 
1982 മാർച്ചിലാണ് മലപ്പുറം മുണ്ടക്കോട് ഹബീബ് തറയിൽ അറാറിലെത്തുന്നത്. അന്ന് അറാർ മണൽ കൂനകൾ നിറഞ്ഞ ഒരു ഗ്രാമം മാത്രം. ടാറിട്ട റോഡുകൾ മൂന്നെണ്ണം. മലയാളികളായി ഒരാൾ മാത്രം -വർക്കല സ്വദേശി മൻസൂർ. മറ്റു രാജ്യക്കാരായി ഇറാഖികളും യെമനികളും സിറിയക്കാരും.  ഇറാഖിലെ ജിദൈദ ചെക്ക് പോസ്റ്റ് വഴി ധാരാളം പേർ അന്ന് സൗദിയിലേക്ക് വരികയും പോവുകയും ചെയ്തിരുന്നത് ഹബീബിന്റെ മനസ്സിൽ ഇന്നലെ പോലെ തെളിഞ്ഞുനിന്നു. ഒന്നാം കുവൈത്ത് യുദ്ധത്തോടെ ഈ കവാടം അടഞ്ഞു. 
ഫ്രീ വിസയിൽ വന്നിറങ്ങിയ കൂട്ടിലങ്ങാടി സ്വദേശി അബൂബക്കറിനും ഹബീബിനും ഒരേ സ്‌പോൺസർ -അബ്ദുല്ല ദാബിത്. ഒരു വർഷം കഴിഞ്ഞാണ് ഹാമിദ് ഉലി അൽ മുത്ഹി എന്ന സ്‌പോൺസറിലേക്ക് ഹബീബ് മാറുന്നത്. 1996 ൽ മരണം വരെ അദ്ദേഹമായിരുന്നു സ്‌പോൺസർ. അദ്ദേഹത്തിന്റെ മരണത്തോടെ അനുജൻ ഫൈസൽ അലി മുത്ഹിയിലേക്ക് മാറി. 35 വർഷവും ഒരേ കുടുബത്തിന്റെ സ്‌പോൺസർഷിപ്പിലാണ് ഹബീബ് തൊഴിൽ ചെയ്തത്. ഒരു ചെറു സ്ഥാപനത്തിൽനിന്നും നിരവധി മെഡിക്കൽ ഷോപ്പുകളും ആശുപത്രിയും ഹോട്ടലുകളും ഓഡിറ്റോറിയവും സ്വകാര്യ സ്‌കൂളും എല്ലാമായി വളർന്നുവികസിച്ച കമ്പനിയുടെ നടത്തിപ്പിന്റെ പൂർണ ചുമതല സ്‌പോൺസറുടെ വിശ്വസ്തനായ ഹബീബിനായിരുന്നു. 
അറാറിലെ എല്ലാ മാറ്റങ്ങളും നോക്കിക്കാണാനും മലയാളികളടക്കം ആയിരങ്ങളുടെ കുടിയേറ്റത്തിന് സാക്ഷിയാവാനും കഴിഞ്ഞ ഹബീബ് തിരിച്ചു പോവുന്നത് മലയാളി സമാജം എന്ന സംഘടനയുടെ തലപ്പത്തുനിന്നു കൂടിയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് യാത്രാ മംഗളം നേരാൻ അറാറിലെ മലയാളികളുടെ പരിഛേദം തന്നെയെത്തി. അറാർ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ബിസ്മില്ല ഹോട്ടലിൽ നൽകിയ യാത്രയയപ്പ് യോഗം നിരവധി സംഘടനകളുടെ സംഗമ വേദിയായി. 
ലോക കേരള സഭാ അംഗം കുഞ്ഞമ്മദ് കൂരാച്ചുണ്ട് യോഗം ഉദ്ഘാടനം ചെയ്തു. വിനോദ് കവലങ്ങാട് അധ്യക്ഷത വഹിച്ചു. മലയാളി സമാജം സെക്രട്ടറി സുൽഫിക്കർ താമരത്ത് ഉപഹാരം നൽകി. സക്കീർ താമരത്ത് (അറാർ പ്രവാസി സംഘം), ഹക്കീം അലനല്ലൂർ (കെ.എം.സി.സി), ഷാനവാസ് (തനിമ), റിയാസുദ്ദീൻ സഖാഫി (ഐ.സി.എഫ്), മുസ്തഫ മുസ്‌ല്യാർ (എസ്.കെ.ഐ.സി), മൊയ്തീൻ (തമിഴ് സംഘം), അബ്ദുൽ ഹാദി (ഹൈദരാബാദ്), മൊയ്തുണ്ണി വടക്കാഞ്ചേരി (അറാർ പ്രവാസി സംഘം മുഖ്യ രക്ഷാധികാരി), കുഞ്ഞിമുഹമ്മദ് പട്ടാമ്പി എന്നിവർ പ്രസംഗിച്ചു. സുൽഫിക്കർ താമരത്ത് സ്വാഗതവും ഷൗക്കത്ത് ഒറ്റപ്പാലം നന്ദിയും പറഞ്ഞു.

Latest News