ന്യൂദൽഹി- അസമിലെ മണ്ഡലപുനഃക്രമീകരണത്തിനായി തയ്യാറാക്കിയ കരട് ചോദ്യം ചെയ്ത് അസമിലെ പത്ത് പ്രതിപക്ഷപ്പാർട്ടികൾ സുപ്രീംകോടതിയിൽ ഹരജി നൽകി. കോൺഗ്രസ്സ്, റൈജോർ ദൾ, അസം ദേശീയ പരിഷത്ത്, സി.പി.എം, സി.പി.ഐ, തൃണമൂൽ കോൺഗ്രസ്സ്, എൻ.സി.പി, രാഷ്ട്രീയ ജനതാദൾ, അഞ്ചലിക് ഗണ മോർച്ച തുടങ്ങിയ പാർട്ടികളാണ് സുപ്രിംകോടതിയെ സമീപിച്ചത്.ജനസാന്ദ്രത കണക്കാക്കി മണ്ഡലങ്ങളുടെ അതിർത്തികൾ മാറ്റുന്ന നടപടിയെയാണ് ഹരജിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. വിവിധ ജില്ലകൾക്കായി വ്യത്യസ്ത ശരാശരി അസംബ്ലി വലുപ്പങ്ങൾ എടുക്കുന്ന രീതി അംഗീകരിക്കാനാവാത്തതാണ്. 2001ലെ സെൻസസ് കണക്കുകളെ ആശ്രയിച്ച് മണ്ഡലങ്ങൾ പുനഃക്രമീകരിക്കാമെങ്കിലും മൂന്ന് തരം ജില്ലകൾ സൃഷ്ടിച്ച് വ്യത്യസ്തമായി തെരഞ്ഞെടുക്കാൻ പറ്റില്ല. ഇത് നിയോജക മണ്ഡലങ്ങളിലെ ജനസംഖ്യയ്ക്കിടയിൽ 33 ശതമാനം വരെ വ്യതിയാനത്തിന് കാരണമാകുന്നുണ്ടെന്നും ഹരജിയിൽ പറയുന്നു. സംസ്ഥാനത്തെ 126 നിയമസഭാ മണ്ഡലങ്ങളും 14 ലോക്‌സഭാ മണ്ഡലങ്ങളും പുനർനിർണയിക്കുന്നതാണ് കരട്.