ഇന്ത്യയിൽ നിന്നുള്ള 100 ലേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുക്കും
ഒക്ടോബർ 18 മുതൽ 21 വരെ ഷാർജയിൽ നടക്കുന്ന 19 ാമത് ഇന്റർനാഷണൽ എഡ്യുക്കേഷൻ ഷോയിൽ ഇന്ത്യയിൽ നിന്നുള്ള 100 ലേറെ യൂനിവേഴ്സിറ്റികളും കോളേജുകളും എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളും പങ്കെടുക്കും. പ്രവാസി ഇന്ത്യൻ വിദ്യാർഥികൾക്കും തദ്ദേശീയ വിദ്യാർഥികൾക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള വാതായനം തുറക്കുന്ന വിദ്യാഭ്യാസ പ്രദർശനത്തിലെ ഇന്ത്യൻ പവിലിയന്റെ പങ്കാളികളായ മൈക്രോടെക് എഡ്യുക്കേഷനൽ ഗ്രൂപ്പും ഷാർജ എക്സ്പോ സെന്ററും കരാറിൽ ഒപ്പുവെച്ചു. ഷാർജ എക്സ്പോ സെന്റർ കൊമേഴ്സ്യൽ ഡയറക്ടർ സുൽത്താൻ ഷാറ്റാഫ് മൈക്രോടെക് എഡ്യുക്കേഷനൽ ഗ്രൂപ്പ് ചെയർമാൻ ഷിബു കെ മുഹമ്മദ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
34 രാജ്യങ്ങളിൽ നിന്നും ഏകദേശം 200 ഓളം പ്രമുഖ യൂനിവേഴ്സിറ്റികൾ പങ്കെടുക്കുന്ന വിദ്യാഭ്യാസ പ്രദർശനത്തിൽ 25,000 ത്തിൽപരം വിദ്യാർത്ഥികളും അര ലക്ഷത്തിലധികം രക്ഷിതാക്കളും പങ്കെടുക്കും. ഇതിൽ ഏറ്റവും വലിയ പവിലിയനായിരിക്കും ഇന്ത്യയുടേത്. യു എ ഇയിലെ ആകെ ജനസംഖ്യയുടെ 38 ശതമാനം വരുന്ന ഇന്ത്യൻ ജനതയുടെയും 100 ൽപരം ഇന്ത്യൻ സ്കൂളുകളിലായി പഠിക്കുന്ന ഒരു ലക്ഷത്തിൽ കൂടുതൽ ഇന്ത്യൻ വിദ്യാർഥികളുടെയും മുന്നിൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെയും പ്രമുഖ യൂനിവേഴ്സിറ്റികളെയും പരിചയപ്പെടുത്തുകയും തുടർ വിദ്യാഭ്യാസത്തിന് ഇന്ത്യയിലേക്ക് വരാൻ പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ദി കരിയർ ജേർണി എന്ന പേരിലുള്ള ഇന്ത്യൻ പവിലിയന്റെ ആശയം എന്ന് മൈക്രോടെക് എഡ്യുക്കേഷൻ ഗ്രൂപ്പ് ചെയർമാൻ ഷിബു കെ. മുഹമ്മദ് പറഞ്ഞു.
ആഗോള വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ഈ വിദ്യാഭ്യാസ പ്രദർശനം വിദ്യാർത്ഥികൾക്ക് വിവിധ കോഴ്സുകളെ പറ്റിയും ആഗോള തൊഴിൽ അവസരങ്ങളെ അടുത്ത് അറിയാനുമുള്ള അവസരമാണ് ഒരുക്കുന്നത്. ഷാർജാ ചേംബർ ഓഫ് കൊമേഴ്സ്, മിനിസ്ട്രി ഓഫ് എജ്യുക്കേഷൻ ഷാർജ, പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റി, എമിറേറ്റ്സ് സ്കൂൾ ഓഫ് എസ്റ്റാബ്ലിഷ്മെന്റ് എന്നിവരുടെ സഹകരണത്തോടെ എക്സ്പോ സെന്റർ ഷാർജയാണ് അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിക്കുന്നത്.
കൊച്ചിയിൽ നടന്ന ഔദ്യോഗിക പങ്കാളിത്ത പ്രഖ്യാപന ചടങ്ങിൽ ഷാർജ എക്സ്പോ സെന്റർ കൊമേഴ്സ്യൽ ഡയറക്ടർ സുൽത്താൻ ഷാറ്റാഫ്, എക്സിബിഷൻ മാനേജർ ഗൗരവ് ഗഹ്ഗരി, മൈക്രോടെക് എഡ്യിക്കേഷനൽ ഗ്രൂപ്പ് ചെയർമാൻ ഷിബു കെ മുഹമ്മദ്, ഡയറക്ടർമാരായ അൻഫാസ് കെ മുഹമ്മദ്, നസിർ വി.എം, അബ്ദു സലാം, യൂനിവേഴ്സിറ്റി പ്രതിനിധികൾ, സാംസ്കാരിക, വിദ്യാഭ്യാസ പ്രമുഖർ എന്നിവർ പങ്കെടുത്തു.