ഹൃദയത്തിന്റെ വാൽവുകൾക്കുണ്ടാകുന്ന തകരാറുകൾക്ക് സമഗ്ര ചികിത്സ നൽകുന്ന ഉത്തര കേരളത്തിലെ ആദ്യത്തെ സ്ട്രക്ച്ചറൽ ഹാർട്ട് ആന്റ് വാൽവ് സെന്റർ കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു. രാജ്യാന്തര അഡ്വാൻസ്ഡ് കാർഡിയാക് ഇമേജിങ് കോൺക്ലേവിന്റെ ഉദ്ഘാടന ചടങ്ങിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ഓൺലൈനിലൂടെയാണ് സ്ട്രക്ച്ചറൽ ഹാർട്ട് ആന്റ് വാൽവ് സെന്റർ നാടിന് സമർപ്പിച്ചത്. കോൺക്ലേവിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഹൃദ്രോഗ വിദഗ്ധന്മാരുടെ നേതൃത്വത്തിൽ നൂറോളം ഹൃദ്രോഗ വിദഗ്ധർക്കാണ് പരിശീലനം നൽകിയത്.
ഹൃദയ സംരക്ഷണത്തിനും ഹൃദയ വാൽവ് തകരാറുകൾക്കും ഏറ്റവും നൂതന ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഏകോപിപ്പിച്ചാണ് സ്ട്രക്ച്ചറൽ ഹാർട്ട് ആന്റ് വാൽവ് സെന്റർ സജ്ജമാക്കിയിട്ടുള്ളത്. വാൽവ് സംബന്ധ രോഗനിർണയത്തിലും ചികിത്സയിലും വൈദഗ്ധ്യമുള്ള ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകൾ, കാർഡിയാക് സർജന്മാർ, കാർഡിയാക് അനസ്‌തേഷ്യോളജിസ്റ്റുകൾ, ഇമേജിങ് സ്‌പെഷ്യലിസ്റ്റുകൾ ഇന്റൻസീവിസ്റ്റുകൾ എന്നിങ്ങനെ ഉയർന്ന പരിശീലനം ലഭിച്ചവരാണ് സ്ട്രക്ച്ചറൽ ഹാർട്ട് ആന്റ് വാൽവ് സെന്റർ ടീമിൽ ഉൾപ്പെടുന്നത്.
3 ഡി, 4 ഡി ട്രാൻസോഫേജൽ എക്കോ, കാർഡിയാക് സി.ടി സ്‌കാൻ, കാർഡിയാക് എം.ആർ.ഐ ഉൾപ്പെടെയുള്ള അത്യാധുനിക ഇമേജിംഗ് സൗകര്യങ്ങൾ സെന്ററിലുണ്ടാകും. ചികിത്സ നടപടിക്രമങ്ങൾ വിലയിരുത്തുന്നതിനും സൂക്ഷ്മമായി ക്രമീകരിക്കുന്നതിനും ഇവ സഹായിക്കുമെന്നും സങ്കീർണമായ ചികിത്സ നൽകുന്ന ഹൈബ്രിഡ് കാത്ത് ലാബ് ആവശ്യമെങ്കിൽ ശസ്ത്രക്രിയാ തിയേറ്ററായും
പ്രവർത്തിക്കാനാകുമെന്ന് ആസ്റ്റർ മിംസ് കാർഡിയോളജി വിഭാഗം തലവൻ ഡോ. ഷഫീഖ് മാട്ടുമ്മൽ പറഞ്ഞു.
സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹൃദ്രോഗ വിദഗ്ധന്മാരെ കൂടാതെ കോഴിക്കോട് ആസ്റ്റർ മിംസിലെ കാർഡിയോളജി വിഭാഗം തലവൻ ഡോ. ഷഫീഖ് മാട്ടുമ്മൽ, സീനിയർ കൺസൾറ്റന്റ്മാരായ ഡോ. അനിൽ സലിം, ഡോ. സൽമാൻ സലാഹുദ്ദീൻ, ഡോ. ബിജോയ് കെ, ഡോ. സുധീപ് കോശി കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.