'രാജപിതാവിന്റെ അഭിഷേകകര്‍മ്മം പൂര്‍ത്തിയായി, കൊത്തയുടെ രാജാവ് വരുന്നു രാജകീയമായി': ഷമ്മി തിലകന്‍ 

കൊച്ചി- ഓണത്തിന് തിയേറ്ററുകളിലേക്കെത്തുന്ന പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയുടെ ഡബ്ബിങ് പൂര്‍ത്തീകരിച്ച ശേഷം ഷമ്മി തിലകന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'ഇത് ഗാന്ധിഗ്രാമമല്ല.. കൊത്തയാണ്..! എന്റെ മകന്റെ സാമ്രാജ്യം..!
ഇവിടെ അവന്‍ പറയുമ്പോള്‍ രാത്രി..! അവന്‍ പറയുമ്പോള്‍ പകല്‍..! പകലുകള്‍ രാത്രികളാക്കി രാത്രികള്‍ പകലുകളാക്കി അവനിത് പടുത്തുയര്‍ത്തി..! പട്ടാഭിഷേകത്തിനുള്ള മിനുക്കുപണികള്‍ അണിയറയില്‍ നടക്കുന്നു..! രാജപിതാവിന്റെ അഭിഷേകകര്‍മ്മം ഇന്നലെയോടെ പൂര്‍ത്തിയായി..! കൊത്തയുടെ രാജാവ് വരുന്നു..! 
രാജകീയമായി..! ' എന്നാണ് അദ്ദേഹം പങ്കുവച്ച വാക്കുകള്‍. കൊത്തയില്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ അച്ഛന്‍ കൊത്ത രവി ആയിട്ടാണ് ഷമ്മിതിലകന്‍ എത്തുന്നത്. 

കിംഗ് ഓഫ് കൊത്തയില്‍ കണ്ണന്‍ എന്ന കഥാപാത്രമായി സാര്‍പ്പട്ട പരമ്പരയിലെ ഡാന്‍സിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തരംഗമായ ഷബീര്‍ കല്ലറക്കല്‍ എത്തുന്നു. ഷാഹുല്‍ ഹസ്സന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്നയും താര എന്ന കഥാപാത്രമായി ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പന്‍ വിനോദ്, ടോമിയായി ഗോകുല്‍ സുരേഷ്, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വടചെന്നൈ ശരണ്‍, റിതുവായി അനിഖാ സുരേന്ദ്രന്‍ എന്നിവരുമെത്തുന്നു. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം നിമീഷ് രവി, സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍ ചന്ദ്രന്‍,  എഡിറ്റര്‍: ശ്യാം ശശിധരന്‍, പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Latest News