പാസപോര്‍ട്ട് നീറ്റായി സൂക്ഷിച്ചില്ലെന്ന് പറഞ്ഞ്  യുവതിക്ക് എയര്‍പോര്‍ട്ടില്‍ 1000 ഡോളര്‍ പിഴ 

ജക്കാര്‍ത്ത- ഇന്തോനേഷ്യയിലെ ബാലി വിമാനത്താവളത്തില്‍  ഓസ്‌ട്രേലിയന്‍ സ്ത്രീക്ക് ദുരനുഭവം. വിദേശ യാത്രയ്ക്കിടെ സംഭവിക്കാനിടയുള്ള തട്ടിപ്പുകളെക്കുറിച്ച് യാത്രികര്‍ ബോധവാന്മാരായിരിക്കണം എന്ന് സൂചിപ്പിച്ചു കൊണ്ടാണ് തനിക്ക് നേരിട്ട ദുരനുഭവം ഇവര്‍ പങ്കുവെച്ചത്.
മോണിക്ക് സതര്‍ലാന്‍ഡും അവരുടെ 60 വയസ്സുള്ള അമ്മയും ആണ് ബാലി വിമാനത്താവളത്തില്‍ വെച്ച് ജീവനക്കാരുടെ തട്ടിപ്പിന് ഇരയായത്. ദീര്‍ഘകാലമായി കാത്തിരുന്ന അവധി ആഘോഷത്തിനായാണ് മോണിക്ക് സതര്‍ലാന്‍ഡും അമ്മയും ബാലിയില്‍ എത്തിയത്. എന്നാല്‍ എയര്‍പോര്‍ട്ട് ജീവനക്കാരുടെ ചൂഷണത്തില്‍ തങ്ങളുടെ എല്ലാ സന്തോഷവും നഷ്ടപ്പെട്ടുപോയി എന്നാണ് ഇവര്‍ പറയുന്നത്.
ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ പരിശോധന നടത്തിയപ്പോള്‍ മുതലാണ് ഇവരുടെ കഷ്ടകാലം ആരംഭിക്കുന്നത്. പാസ്പോര്‍ട്ട് മോശമായതിനെ തുടര്‍ന്ന് 28 കാരിയായ മോണിക്കിനെ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുകയും ബ്ലൂ ഫോം എന്ന് വിളിക്കപ്പെടുന്ന ഒരു അധിക ഫോമില്‍ ഒപ്പിടാന്‍ അവളോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ആ ഫോം പാസ്പോര്‍ട്ടിനുള്ളില്‍ സൂക്ഷിക്കാന്‍ അവളോട് ആവശ്യപ്പെടുകയും ചെയ്തു.
ഇമിഗ്രേഷന്‍ ക്ലിയര്‍ ചെയ്യുകയും പേപ്പര്‍വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷം മോണിക്കും അമ്മയും വിമാനത്തില്‍ കയറി. ഇനി കൂടുതല്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ല എന്നാണ് ഇരുവരും കരുതിയത്. എന്നാല്‍ ബാലിയിലെത്തിയപ്പോള്‍ വിമാനത്താവള ഉദ്യോഗസ്ഥര്‍ അവരുടെ  കൈവശം ഉണ്ടായിരുന്നു ബ്ലൂ ഫോം വാങ്ങിക്കുകയും വീണ്ടും ചോദ്യം ചെയ്യലിന് വിധേയയാക്കുകയും ചെയ്തു.
ഒരു മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ തന്നെ മാനസികമായി തളര്‍ത്താനും ഭയപ്പെടുത്താനും ഇന്തോനേഷ്യന്‍ ഭാഷയില്‍ ആയിരുന്നു എയര്‍പോര്‍ട്ട് ജീവനക്കാര്‍ സംസാരിച്ചിരുന്നത് എന്നാണ് യുവതി പറയുന്നത്. ഒടുവില്‍ മോശമായ പാസ്‌പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച എയര്‍പോര്‍ട്ട് ജീവനക്കാര്‍ 1000 ഡോളര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണം അടച്ചില്ലെങ്കില്‍ പാസ്പോര്‍ട്ട് തിരികെ നല്‍കില്ലെന്നും ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായാണ് യുവതി പറയുന്നത്. ഒടുവില്‍ പണമടച്ചതിനുശേഷം ആണ് തന്നെയും അമ്മയെയും എയര്‍പോര്‍ട്ടിന് പുറത്ത് കടക്കാന്‍ ജീവനക്കാര്‍ അനുവദിച്ചത് എന്നും അവര്‍ പറഞ്ഞു. 
 

Latest News