പ്രാധനമന്ത്രി മോഡി ഇടക്കിടെ യു.എ.ഇയിൽ വരുന്നതെന്തിന് ?

ദുബായ്-ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടക്കിടെ യു.എ.ഇ സന്ദർശിക്കുന്നത് ബഹുമുഖ ലക്ഷ്യങ്ങളോടെ. യു.എ.ഇയുമായുള്ള സുപ്രധാന ബന്ധം ഇസ്ലാമിക ലോകത്ത് പ്രവേശിക്കാനുള്ള കവാടമായാണ് കേന്ദ്ര സർക്കാർ കാണുന്നത്. പല കാരണങ്ങളാൽ ഇസ്ലാമിക ലോകത്തെ പല രാഷ്ട്രങ്ങളും ഇപ്പോഴും ഇന്ത്യയുമായി അടുത്തിട്ടില്ല. കശ്മീരടക്കമുള്ള പ്രശ്നങ്ങളും ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികളും ഗൾഫ്, അറബ് ഇസ്ലാമിക രാജ്യങ്ങൾ ഇടക്കിടെ ഉന്നയിക്കുന്നത് വാർത്തകൾ സൃഷ്ടിക്കാറുണ്ട്. അതത് സമയങ്ങളിൽ ഒ.ഐ.സി, ജി.സി.സി കൂട്ടായ്മകൾ നടത്തുന്ന വിമർശനങ്ങളോട് രൂക്ഷമാണ് മോഡി സർക്കാർ പ്രതികരിക്കാറുള്ളതും. 

യു.എ.യുമായി നിലവിലുള്ളതു പോലുള്ള ക്രിയാത്മക  ബന്ധം മിഡിൽ ഈസ്റ്റിലെ മറ്റു രാജ്യങ്ങളുമായി സ്ഥാപിക്കാൻ ഇന്ത്യക്ക് താൽപര്യമുണ്ട്. യു.എ.ഇയെ പ്രവേശന കവാടമാക്കി  ഇസ്ലാമിക ലോകത്ത് കയറിച്ചെല്ലാമെന്നാണ് മോഡി സർക്കാർ കണക്കുകൂട്ടുന്നത്. 

 പ്രധാനമന്ത്രി മോഡി തന്റെ ഒമ്പത് വർഷത്തെ ഭരണത്തിനിടെ അഞ്ചാം തവണയാണ് ഇപ്പോൾ യു.എ.ഇ സന്ദർശിച്ചത്. 2015 ഓഗസ്റ്റിൽ നരേന്ദ്ര മോഡി അധികാരമേറ്റ ശേഷം ആദ്യമായി അറബ് രാഷ്ട്രം സന്ദർശിച്ചതോടെയാണ് ഈ സഖ്യം രൂപപ്പെട്ടു തുടങ്ങിയത്. 1981-ൽ ഇന്ദിരാഗാന്ധിയുടെ സന്ദർശനത്തിന് ശേഷം 34 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമായിരുന്നു അത്. 
തീർച്ചയായും ഇത് വളരെ പ്രധാനപ്പെട്ട ഒരു സന്ദർശനമാണെന്നാണ്  യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ മാധ്യമങ്ങളോട് വിശദീകരിച്ചത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പ്രധാനമന്ത്രി മോഡിയുടെ അഞ്ചാമത്തെ സന്ദർശനമാണിത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് 2016ലും 2017ലും രണ്ടുതവണ ഇന്ത്യ സന്ദർശിച്ചു. 2017ൽ റിപ്പബ്ലിക് ദിനാഘോഷത്തിനും സമഗ്ര തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവെക്കുന്നതിനും ശൈഖ് സായിദ് ദൽഹിയിൽ എത്തിയിരുന്നു.  ഇങ്ങനെ വരുമ്പോള് നേതാക്കൾക്കിടയിൽ അല്ലെങ്കിൽ  രണ്ട് രാജ്യങ്ങൾക്കിടയിൽ യഥാർത്ഥത്തിൽ ഏഴ് സന്ദർശനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അംബാസഡർ പറഞ്ഞു. 

കോവിഡ് മഹാമാരി കാലത്ത്, രണ്ടോ മൂന്നോ വർഷത്തെ കാലയളവിൽ, ഇരു രാജ്യങ്ങളിലേയും നേതാക്കൾ വെർച്വൽ ആയും ബന്ധപ്പെട്ടിരുന്നു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പകർച്ചവ്യാധിയുടെ ഏറ്റവും പ്രയാസകരമായ ഘട്ടത്തിലാണ്  ഒപ്പുവച്ചത്.
ഈ കരാർ ചരിത്രപരമാണെന്നും  മേഖലയിൽ യുഎഇയും ഇന്ത്യയും തമ്മിലുള്ള ഇത്തരത്തിലുള്ള ആദ്യത്തെ സാമ്പത്തിക കരാർ ആണിതെന്നും അംബസാഡർ കൂട്ടിച്ചേർത്തു. ഉഭയകക്ഷി വ്യാപാരം 19 ശതമാനം വർധിച്ച് ഏകദേശം 85 ബില്യൺ യു.എസ് ഡോളറിലെത്തി. ഫലങ്ങൾ വളരെ വ്യക്തമാണ്. 2022-23 സാമ്പത്തിക വർഷത്തിൽ 3.5 ബില്യൺ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം ലഭിച്ചപ്പോൾ  ഇന്ത്യയുടെ നാലാമത്തെ വലിയ സ്രോതസ്സായാണ് യുഎഇ നിലകൊള്ളുന്നത്. ഇരു രാജ്യങ്ങളിലേയും ജനങ്ങൾ തമ്മിലുള്ള ബന്ധവും വ്യാപാര ബന്ധങ്ങളും ഇന്ത്യ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇന്ത്യക്കാർക്കുള്ള യുഎഇയുടെ "ഗോൾഡൻ വിസ" പദ്ധതി ആശയവിനിമയം സുഗമമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന്  അംബാസഡർ സുധീർ എടുത്തുപറഞ്ഞു.

യു.എ.ഇയിൽ ഏകദേശം 35 ലക്ഷം ഇന്ത്യൻ പൗരന്മാരുണ്ട്.  കൂടുതൽ വ്യാപാരം നടക്കുകയും കൂടുതൽ നിക്ഷേപം നടക്കുകയും ചെയ്താൽ ആളുകൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും. യു.എ.ഇ നടപ്പാക്കിയ ഗോൾഡൻ വിസയടക്കമുള്ള  വിസയുമായി ബന്ധപ്പെട്ട ഉദാര നടപിടകൾ ഇന്ത്യക്കാർ ശരിക്കും പ്രയോജനപ്പെടുത്തി. 

പ്രധാനമന്ത്രി മോയുടെ ഇടക്കിടെയുള്ള  യുഎഇ സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന്  കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെയാണ്  ഈ ബന്ധം യഥാർത്ഥത്തിൽ രൂപാന്തരപ്പെട്ടതെന്നും ഇരു നേതാക്കളും തമ്മിലുള്ള ആശയവിനിമയം ആവർത്തിക്കുന്നത് ബന്ധം ദൃഢമാകുന്നതിന്റെ സൂചനയാണെന്നുമായിരുന്നു അംബാസഡറുടെ മറുപടി.  രണ്ട് നേതാക്കളുടെയും കാഴ്ചപ്പാടാണ് ഈ പരിവർത്തനത്തെ നയിക്കുന്നതെന്നും അബുദാബിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ കാമ്പസ് സ്ഥാപിക്കുന്നത്   ഇരു രാജ്യങ്ങളും തമ്മിലുള്ള  പ്രധാന കാര്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News