Sorry, you need to enable JavaScript to visit this website.

ശീതളപാനീയങ്ങള്‍ ശീലമാക്കല്ലേ,  കാത്തിരിക്കുന്നത് മഹാ അപകടം 

ജനീവ-ശീതളപാനീയങ്ങളില്‍ മധുരത്തിനായി ഉപയോഗിക്കുന്ന ആസ്പര്‍ട്ടെയിം ക്യാന്‍സറിന് കാരണമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ ഭക്ഷ്യ സുരക്ഷാ ഡയറക്ടര്‍ ഫ്രാന്‍സിസ്‌ക്കോ ബ്രാങ്കയാണ് ഇക്കാര്യം പറഞ്ഞത്. വെളളിയാഴ്ച്ച നടത്തിയ പത്ര സമ്മേളനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം വെളിപ്പെടുത്തിയത്.
കമ്പനികളോട് ഇത്തരം പാനീയങ്ങളുടെ ഉത്പാദനം നിര്‍ത്തണമെന്ന് ആവശ്യപ്പെടില്ല. ഉപഭോക്താക്കള്‍ ഇത് വാങ്ങരുതെന്നും പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപയോഗത്തില്‍ അല്‍പ്പം മിതത്വം കൊണ്ടുവരാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനായി രണ്ട് കണ്ടെത്തലുകളാണ് അദ്ദേഹം അവതരിപ്പിച്ചത്.
ലോകാരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍(ഐ.എ.ആര്‍.സി) ഫ്രാന്‍സിലെ ലിയോണില്‍ നടന്ന യോഗത്തില്‍ ആസ്പര്‍ട്ടെയിമിനെക്കുറിച്ചുളള വിലയിരുത്തല്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഇതിനെ ക്യാന്‍സറിന് കാരണമാകുന്ന വസ്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 2ബി വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയത്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണിത്. ഹെപ്പറ്റോ സെല്ലുലാര്‍ കാര്‍സിനോമയ്ക്ക് (ലിവര്‍ ക്യാന്‍സര്‍) ഇത് കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍. മൃഗങ്ങളിലെ പരീക്ഷണത്തിലും ഇക്കാര്യം തെളിഞ്ഞിരുന്നു. ചായയിലും കാപ്പിയിലും കാണുന്ന കഫിക്ക് ആസിഡും കറ്റാര്‍ വാഴയുടെ സത്തും 2ബി വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെ പറ്റി അമിത ആശങ്ക വേണ്ടെന്ന് ലോസ് ഏഞ്ചല്‍സിലെ ക്യാന്‍സര്‍ എപ്പിഡെമിയോളജി പ്രൊഫസര്‍ പോള്‍ ഫറോവ പറഞ്ഞു.
 ഒരു കുപ്പി മധുര പാനീയത്തില്‍ 300 മുതല്‍ 400 മി ഗ്രാം വരെ ആസ്പര്‍ട്ടെയിം ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ഗുരുതര പ്രശനങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം പാനീയങ്ങള്‍ക്ക് പകരം വെളളം ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. 
 

Latest News