ചക്കരക്കുടത്തില്‍ കൈയിട്ടാല്‍ നക്കാത്തതായി  ആരുണ്ട്? സി.പി.എമ്മില്‍ ചേര്‍ന്ന ഭീമന്‍ രഘു 

തിരുവനന്തപുരം- വര്‍ഷങ്ങളായി ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച നടന്‍ ഭീമന്‍ രഘു സിപിഎമ്മിലെത്തിയത് ഏതാണ്ട് ഒരാഴ്ച മുന്‍പാണ്. ഇടതുപക്ഷത്തെത്തിയശേഷം മൂന്നാം പിണറായി സര്‍ക്കാര്‍ വരും എന്ന് നടന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാലിപ്പോള്‍ നടന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ക്ക് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപക ട്രോളാണ് ലഭിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് ട്രോളിന് കാരണമായത്. 'സഖാവ് പിണറായി വിജയനെ എനിക്ക് വലിയ ഇഷ്ടമാണ്. പിണറായി വിജയനെക്കുറിച്ച് എന്തെല്ലാം പറയുന്നു ആളുകള്‍. അത് കൈയിട്ടുവാരി, ഇത് കൈയിട്ടുവാരി..ഞാന്‍ ചോദിക്കട്ടെ ചക്കരക്കുടത്തില്‍ കൈയിട്ടാല്‍ നക്കാത്തതായി ആരുണ്ട്?' എന്നാണ് നടന്‍ പറഞ്ഞത്. ഇതിനെ കളിയാക്കി 'ഒന്ന് പൊക്കിയടിച്ചതാണ്.നാവ് ചതിച്ചാശാനേ ലേലു അല്ലു...' എന്നാണ് ചില കമന്റുകള്‍. 'ഭീമന്‍ രഘു സത്യം വിളിച്ചുപറയുന്ന ഒരു സഖാവാണ്.' എന്നാണ് മറ്റൊന്ന്. ബിജെപിയുമായി യോജിച്ചുപോകാനാകില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ രാമസിംഹന്‍, രാജസേനന്‍ എന്നിവര്‍ക്ക് പിന്നാലെയാണ് ഭീമന്‍ രഘു പാര്‍ട്ടി വിട്ടത്. സ്ഥാനമാനം കിട്ടിയില്ലെന്ന് മാത്രമല്ല ബിജെപിയില്‍ പോയതുകൊണ്ട് ഉള്ള മാനവും കളഞ്ഞുകുളിച്ച അവസ്ഥയാണെന്ന് സിപിഎമ്മില്‍ ചേര്‍ന്നശേഷം ഭീമന്‍ രഘു പ്രതികരിച്ചിരുന്നു.'പിണറായി വിജയന്‍ എന്ന ശക്തനായ വ്യക്തിക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എനിക്ക് അഭിമാനമാണ്, അദ്ദേഹം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണ്, പറയാനുള്ളത് മുഖത്തുനോക്കി പറയും, അഴിമതിയില്ല.' എന്ന് സിപിഎമ്മില്‍ ചേര്‍ന്നശേഷം ഭീമന്‍ രഘു പറഞ്ഞിരുന്നു.

Latest News