Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍നിന്ന് ഹജ് നിര്‍വഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ തുടങ്ങി

ഏറ്റവും കുറഞ്ഞ നിരക്കിലുള്ള കാറ്റഗറിയിൽ സീറ്റുകൾ ലഭിച്ചില്ലെന്ന് വ്യാപക പരാതി

ലോ ഫെയർ പാക്കേജുകൾ കുറഞ്ഞ സമയത്തിനുള്ളിൽ തീർന്നുപോയി

ജിദ്ദ- സൗദി അറേബ്യക്കകത്തു നിന്ന് ഹജ് നിർവഹിക്കുന്നവരുടെ രജിസ്‌ട്രേഷന്  തുടക്കമായി. രാവിലെ കൃത്യം എട്ടു മണിക്ക് ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഇ-ട്രാക്ക് പ്രവർത്തനക്ഷമമായി. ഇതിന് വളരെ നേരത്തെ മുതൽ ഇ-ട്രാക്കിൽ കൗണ്ട്ഡൗൺ തുടങ്ങിയിരുന്നു. കണ്ണിൽ എണ്ണയൊഴിച്ച് കംപ്യൂട്ടറുകൾക്കു മുന്നിൽ കുത്തിയിരുന്നവർക്കു പോലും നിരക്ക് ഏറ്റവും കുറഞ്ഞ അൽമുയസ്സർ കാറ്റഗറിയിൽ സീറ്റ് ലഭിച്ചില്ല. മിനായിലെ തമ്പുകൾക്കു പകരം അസീസിയയിലെ ഹോട്ടലുകളിലും ലൈസൻസുള്ള കെട്ടിടങ്ങളിലും താമസം ലഭിക്കുന്ന ഈ പാക്കേജിൽ രജിസ്റ്റർ ചെയ്യുന്നതിന് ആവർത്തിച്ച് നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ലെന്ന് തീർഥാടകർ പരാതിപ്പെട്ടു. ഈ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് ശ്രമിച്ച തങ്ങൾക്ക് തീർഥാടകരുടെ എണ്ണം കുറയ്ക്കുന്നതിന് ആവശ്യപ്പെട്ടുള്ള മെസ്സേജ് ആണ് ഇ-ട്രാക്കിൽ നിന്ന് ആവർത്തിച്ച് ലഭിച്ചതെന്ന് മലയാളികൾ അടക്കമുള്ളവർ പറഞ്ഞു. ഒരു സീറ്റ് മാത്രം രജിസ്റ്റർ ചെയ്യുന്നതിന് ശ്രമിച്ചവർക്കും ഇതേ മെസ്സേജ് ആണ് ലഭിച്ചത്. ഓവർ ബുക്കിംഗ് ആണെന്നും സീറ്റുകൾ ലഭ്യമല്ലെന്നുമുള്ള മെസ്സേജുകളും തീർഥാടകർക്ക് ലഭിച്ചു. 
3,638 റിയാൽ നിരക്ക് നിശ്ചയിച്ച അൽമുയസ്സർ (ലോ ഫെയർ) കാറ്റഗറിയിൽ സീറ്റ് തരപ്പെടുത്തുന്നതിന് നടത്തിയ ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ നിരക്ക് കുറഞ്ഞ ലോ ഫെയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് തീർഥാടകർ ശ്രമം ആരംഭിച്ചു. ഈ കാറ്റഗറിയിൽ ജംറയിൽ നിന്ന് തമ്പിലേക്കുള്ള ദൂരത്തിനും ഹജ് സർവീസ് സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളുടെ നിലവാരങ്ങൾക്കും അനുസരിച്ച് 3,829 റിയാൽ മുതൽ 5,456 റിയാൽ വരെയാണ് നിരക്ക്. രാവിലെ 8.05 നും 8.10 നും വരെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ഈ കാറ്റഗറിയിൽ അവസരം ലഭിച്ചു. ബലി കർമത്തിനുള്ള നിരക്ക് അടക്കുന്നതിനുള്ള ഓപ്ഷൻ കൂടി തെരഞ്ഞെടുത്ത ശേഷമാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് സാധിച്ചതെന്ന് ചിലർ പറഞ്ഞു. അൽമുയസ്സർ കാറ്റഗറിയിൽ 4,827 റിയാലിന്റെ പാക്കേജ് ലഭിച്ചവർ 475 റിയാൽ ബലി കൂപ്പൺ നിരക്ക് കൂടി ഉൾപ്പെടുത്തി 5,302 റിയാലാണ് ബാങ്കുകളിൽ അടച്ചത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ലോ ഫെയർ കാറ്റഗറിയിലെ സീറ്റുകളും തീർന്നുപോയി. രാവിലെ പതിനൊന്നു മണിയോടെ രജിസ്റ്റർ ചെയ്തവർക്ക് 6,833 റിയാൽ മുതൽ 15,514 റിയാൽ വരെ നിരക്കുള്ള ജനറൽ വിഭാഗത്തിലാണ് സീറ്റുകൾ ലഭിച്ചത്. ഹജ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർ പണമടക്കുന്നതിന് കൂട്ടത്തോടെ എത്തിയത് ബാങ്കുകളിലും കടുത്ത തിരക്കുണ്ടാക്കി. രജിസ്‌ട്രേഷന് വൈകിയതിനുസരിച്ച് ജനറൽ വിഭാഗത്തിലെ തന്നെ നിരക്ക് കുറഞ്ഞ പാക്കേജുകൾ പോലും തീർഥാടകർക്ക് ലഭിച്ചില്ല. രജിസ്‌ട്രേഷൻ ആരംഭിച്ച് രണ്ടു മണിക്കൂറിനകം ഹജ് സീറ്റ് ആവശ്യം ആറു ലക്ഷത്തിലെത്തിയതായി ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് വെളിപ്പെടുത്തി. 
വിദേശത്തു നിന്ന് ഇ-ട്രാക്ക് വഴി ഹജ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് സാധിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ സൗദിക്കകത്തു നിന്ന് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നവർക്ക് വിദേശങ്ങളിൽ വെച്ച് ഹജ് തസ്‌രീഹിന്റെ പ്രിന്റൗട്ട് എടുക്കാവുന്നതാണ്. നേരത്തെ നടത്തിയ പ്രാഥമിക രജിസ്‌ട്രേഷൻ പ്രകാരം തയാറാക്കിയ ലിസ്റ്റ് പരിശോധിച്ച് ലഭ്യമായ കാറ്റഗറിയിലെ പാക്കേജിൽ രജിസ്‌ട്രേഷൻ കൺഫേം ചെയ്യുകയാണ് വേണ്ടത്. നിരക്ക് കൂടിയ ജനറൽ കാറ്റഗറിയിൽ വിമാന യാത്ര അടക്കമുള്ള മികച്ച സേവനങ്ങൾ ലഭിക്കും. ലോ ഫെയർ വിഭാഗത്തിൽ തങ്ങളുടെ നഗരങ്ങളിൽ നിന്ന് ബസ് മാർഗമാണ് തീർഥാടകരെ മക്കയിലും തിരിച്ചും എത്തിക്കുക. മിനാക്ക് പുറത്ത് താമസം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് അൽമുയസ്സർ കാറ്റഗറി രൂപകൽപന ചെയ്തിരിക്കുന്നത്. 
അൽമുയസ്സർ കാറ്റഗറിയിൽ പതിനായിരം സീറ്റുകളും ലോ ഫെയർ കാറ്റഗറിയിൽ 65,000 സീറ്റുകളുമാണ് ആകെയുള്ളത്. സൗദിയിൽ നിന്ന് ഈ വർഷം 2,30,000 പേർക്ക് ഹജിന് അവസരം ലഭിക്കും. പ്രാഥമിക രജിസ്‌ട്രേഷൻ ഘട്ടത്തിൽ അൽമുയസ്സർ, ലോ ഫെയർ കാറ്റഗറികൾ മൂന്നേമുക്കാൽ ലക്ഷത്തിലേറെ പേർ തെരഞ്ഞെടുത്തതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഈ വർഷം റമദാൻ പന്ത്രണ്ട് മുതൽ ഇഷ്ടമുള്ള കാറ്റഗറികളും സർവീസ് കമ്പനികളും തെരഞ്ഞെടുത്ത് പ്രാഥമിക രജിസ്‌ട്രേഷൻ നടത്തുന്നതിന് ഹജ്, ഉംറ മന്ത്രാലയം സൗകര്യം ഒരുക്കിയിരുന്നു. 
റമദാൻ 12 മുതൽ ശവ്വാൽ അവസാനം വരെയുള്ള കാലത്ത് സൗദിക്കകത്തു നിന്നുള്ള ആറു ലക്ഷത്തോളം പേരാണ് ഹജിന് പ്രാഥമിക രജിസ്‌ട്രേഷൻ നടത്തിയത്. ഇതിൽ 3,17,642 പേർ ലോ ഫെയർ കാറ്റഗറിയിലും 1,69,884 പേർ അൽമുയസ്സർ പാക്കേജിലും 1,07,254 പേർ ജനറൽ കാറ്റഗറിയിലുമാണ് രജിസ്റ്റർ ചെയ്തിരുന്നത്. 
നാലു മണിക്കൂറിനകം 27,000 പേർ നിരക്ക് കൂടിയ ജനറൽ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തു.  പരമ്പരാഗത രീതിയിൽ ഹജ് തീർഥാടകർക്ക് സംസം വെള്ളവും വിതരണം ചെയ്തു. 
 

Latest News