സില്‍വര്‍ലൈന്‍ പദ്ധതിയിലല്ല, അതിന്റെ ടെക്‌നോളജിയില്‍ മാത്രമാണ് മാറ്റം വരുത്തുന്നതെന്ന് കെ.വി തോമസ്

തിരുവനന്തപുരം - സില്‍വര്‍ലൈന്‍ പദ്ധതി അതേ രീതിയില്‍ നിലനില്‍ക്കുമെന്നും ഇതിന്റെ ടെക്‌നോളജിയില്‍ മാത്രമാണ് മാറ്റം വരുന്നതെന്നും മെട്രോമാന്‍ ഇ ശ്രീധരനുമായി ചര്‍ച്ച നടത്തിയ കേരള സര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് പറഞ്ഞു. വാസ്തവുമായി ബന്ധമില്ലാത്ത ആരോപണങ്ങളാണ് കെ റെയില്‍ വിഷയത്തില്‍ ഉന്നയിക്കപ്പെടുന്നത്.  മുഖ്യമന്ത്രിയുടെ സില്‍വര്‍ലൈന്‍  പ്രോജക്റ്റ് പരാജയപ്പെട്ടുവെന്നും അതിന് പകരമായി ഇ. ശ്രീധരന്റെ പ്രോജക്റ്റ് ബദലായി ഉപയോഗിക്കുന്നുവെന്നും പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് കെ വി തോമസ് പറഞ്ഞു.
കെ റെയില്‍ കോര്‍പറേഷന്‍ സംസ്ഥാന സര്‍ക്കാറിന്റെ കോര്‍പറേഷനാണ്.  വന്ദേഭാരത് ട്രയിനിന് നിലവില്‍ കേരളത്തില്‍ 73 കിലോമീറ്റര്‍ വേഗം മാത്രമേയുള്ളൂ. വേഗം കൂട്ടുന്നതില്‍ പരിമിതിയുണ്ട്. കേരളത്തിനു ഒരു എക്‌സ്‌ക്ലൂസീവ് റെയില്‍വേ ലൈന്‍ വേണം. അതിനാണ് കേരള സര്‍ക്കാര്‍ സെമിസ്പീഡ,് ഹൈ സ്പീഡ് റെയില്‍വേ ലൈനുകള്‍ കൊണ്ടുവരുന്നത്.  ഈ പദ്ധതിക്കാണ് സില്‍വര്‍ ലൈന്‍ എന്ന പേര് നല്‍കിയത്. സില്‍വര്‍ലൈനിന് കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ പദ്ധതി അനന്തമായി നീണ്ടുപോയി. ഈ ഘട്ടത്തിലാണ് താന്‍ മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതും ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതെന്ന് കെ.വി.തോമസ് പറഞ്ഞു.

Latest News