Sorry, you need to enable JavaScript to visit this website.

''ടഫ് സ്റ്റെപ്‌സാ, ഇതുകണ്ട് കേരളക്കര മൊത്തം ഞെട്ടും''! ചിരിപ്പിച്ച് അര്‍ജുനും ഷാജുവും റാഫിയും

കൊച്ചി- കാണുമ്പോള്‍ തന്നെ ചിരി നിറയ്ക്കുന്ന കിടിലന്‍ ഫയര്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി സോഷ്യല്‍ മീഡിയ കീഴടക്കി അര്‍ജുന്‍ അശോകന്‍ നായകനാകുന്ന 'തീപ്പൊരി ബെന്നി' ടീസര്‍. അര്‍ജുന്‍ അശോകനും ഷാജു ശ്രീധറും റാഫിയും ഒന്നിച്ചുള്ള ഫയര്‍ ഡാന്‍സും ചിരി നിറയ്ക്കുന്ന നര്‍മ്മ സംഭാഷണങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. രസകരമായ ദൃശ്യങ്ങളും ഒരു വിന്റേജ് മൂഡിലുള്ള ഗാനവും ടീസറിലെ ഹൈലൈറ്റാണ്. 

ഒരു പശു തൊഴുത്തിന്റെ പശ്ചാത്തലത്തില്‍ നായകന്‍ കസേരയിലിരിക്കുന്നതായിരുന്നു സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക്. പിന്നാലെയാണ് വേറിട്ടൊരു ടീസറും പുറത്തുവന്നത്. 

അടുത്തിടെ 'രോമാഞ്ചം', 'പ്രണയവിലാസം' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കീഴടക്കിയ അര്‍ജുന്‍ വീണ്ടും 'തീപ്പൊരി ബെന്നി'യിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടം നേടാനായെത്തുകയാണ്. ചിത്രം ഉടന്‍ റിലീസിനായി ഒരുങ്ങുകയുമാണ്. 

ഒരു കര്‍ഷക ഗ്രാമത്തിലെ തീവ്ര ഇടതുപക്ഷ ചിന്താഗതിയുള്ള വട്ടക്കുട്ടയില്‍ ചേട്ടായിയുടേയും എന്നാല്‍ രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ടീയ നേതാവിന്റെ മകന്‍ ബെന്നിയുടേയും ജീവിത സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കി കുടുംബ പശ്ചാത്തലത്തില്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് 'തീപ്പൊരി ബെന്നി'. 

'മിന്നല്‍ മുരളി' ഫെയിം ഫെമിനാ ജോര്‍ജ്ജാണ് ചിത്രത്തിലെ നായികയായെത്തുന്നത്. 'വെള്ളിമൂങ്ങ', 'ജോണി ജോണിയെസ് അപ്പാ' എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ച ജോജി തോമസും 'വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേര്‍ന്നാണ് സിനിമയുടെ എഴുത്തും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

ജഗദീഷ്, ടി. ജി. രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അജയ് ഫ്രാന്‍സിസ് ജോര്‍ജ്ജാണ് നിര്‍വ്വഹിക്കുന്നത്. 

കോ-പ്രൊഡ്യൂസേഴ്‌സ്: റുവൈസ് ഷെബിന്‍, ഷിബു ബെക്കര്‍, ഫൈസല്‍ ബെക്കര്‍, സംഗീതം: ശ്രീരാഗ് സജി, എഡിറ്റര്‍: സൂരജ് ഇ. എസ്, ഗാനരചന: വിനായക് ശശികുമാര്‍, പി. ആര്‍. ഒ: ഹെയ്ന്‍സ്, പി. ശിവപ്രസാദ്.

Latest News